Quantcast

എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് മാപ്പ്: വിനായകന്‍

കഴിഞ്ഞ ദിവസം ഫ്ലാറ്റില്‍ നിന്ന് നഗ്നതാപ്രദര്‍ശനം നടത്തിയതാണ് ഏറ്റവും ഒടുവിലത്തേത്

MediaOne Logo

Web Desk

  • Published:

    21 Jan 2025 11:36 AM IST

vinayakan
X

കൊച്ചി: മികച്ച നടനെങ്കിലും വിവാദങ്ങള്‍ ഒഴിഞ്ഞൊരു നേരം വിനായകനില്ല. കഴിഞ്ഞ ദിവസം ഫ്ലാറ്റില്‍ നിന്ന് നഗ്നതാപ്രദര്‍ശനം നടത്തിയതാണ് ഏറ്റവും ഒടുവിലത്തേത്. സംഭവം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തു. ഇപ്പോഴിതാ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം. തന്‍റെ ഭാഗത്ത് നിന്നുണ്ടായ എല്ലാ നെഗറ്റീവ് എനര്‍ജികള്‍ക്കും പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നതായി അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

വിനായകന്‍റെ കുറിപ്പ്

സിനിമ നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ എനിക്ക് പറ്റുന്നില്ല. എന്‍റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് ഞാൻ മാപ്പ് ചോദിക്കുന്നു. ചർച്ചകൾ തുടരട്ടെ...

വിനായകന്‍ കൊച്ചിയിലെ ഫ്ലാറ്റിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് അസഭ്യം പറയുന്നതിന്‍റെയും ഉടുത്തിരുന്ന വസ്ത്രം അഴിച്ച് നഗ്നത പ്രദർശിപ്പിക്കുന്നതിൻ്റേയും വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. നടന്‍ സഭ്യതയുടെ അതിര്‍വരമ്പ് ലംഘിച്ചുവെന്നാണ് വിമര്‍ശനം.

ഈയിടെ ഹൈദരാബാദ് വിമാനത്താവളത്തില്‍ വച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി തര്‍ക്കമുണ്ടായതിന് പിന്നാലെ താരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മദ്യപിച്ച് ബഹളം വച്ചു, പൊതുസ്ഥലത്ത് മോശമായി പെരുമാറി എന്നീ കുറ്റങ്ങള്‍ ചുമത്തി കേസുമെടുത്തിരുന്നു.2023 ഒക്ടോബറില്‍ പൊലീസ് സ്റ്റേഷനില്‍ ബഹളം വെച്ചതിന് വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ചതിനായിരുന്നു നടപടി. വിനായകൻ ലഹരി ഉപയോഗിച്ചാണ് പ്രശ്നങ്ങൾ ഉണ്ടാക്കിയതെന്നാണ് പൊലീസിന്റെ ആരോപണം.

വീട്ടില്‍ ഭാര്യയുമായുള്ള ബഹളത്തിന്‍റെ പേരില്‍ വിനായകന്‍ പൊലീസിനെ വിളിച്ച് പരാതി പറഞ്ഞിരുന്നു. തുടര്‍ന്ന് പരാതി പരിശോധിക്കാൻ പൊലീസ് വീട്ടിലേക്ക് പോയി. വീട്ടിലെത്തിയ വനിതാ പൊലീസിനോട് വിനായകന്‍ മോശമായി പെരുമാറി. പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി ബഹളം ഉണ്ടാക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനിലെത്തിയ വിനായകൻ സ്റ്റേഷന്റെ പുറത്ത് വെച്ച് സിഗരറ്റ് വലിച്ചതിന് പൊലീസ് പിഴയീടാക്കി. ഇതിനുശേഷം സ്റ്റേഷനില്‍ കയറി പ്രശ്നങ്ങൾ ഉണ്ടാക്കിയെന്നും വിനായകൻ ലഹരി ഉപയോഗിച്ചതിന് ശേഷമാണ് പൊലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ചതെന്നും പൊലീസ് പറയുന്നു. സി.ഐ നോർത്ത് പൊലീസ് സ്റ്റേഷൻ ലഹരി ഉപയോഗിച്ച് പൊതു സ്ഥലത്ത് നിയന്ത്രണമില്ലാതെ പെരുമാറിയതിനടക്കമാണ് വിനായകനെതിരെ കേസെടുത്തത്.

TAGS :

Next Story