Quantcast

തടസങ്ങളെല്ലാം മാറി; തുറമുഖം തിയറ്ററുകളിലേക്ക്

ചിത്രത്തിന്‍റെ ഛായാഗ്രഹണവും രാജീവ് രവിയാണ് നിർവഹിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    28 Feb 2023 9:40 AM GMT

Thuramukham
X

തുറമുഖം 

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് രാജീവ് രവി ചിത്രം തുറമുഖം തിയറ്ററുകളിലേക്ക്. മാര്‍ച്ച് 10 ചിത്രം പ്രേക്ഷകരിലേക്കെത്തും. ''എല്ലാ തടസങ്ങളും മാറ്റിക്കൊണ്ട് തുറമുഖം എത്തുന്നു ..മാർച്ച് 10 മുതൽ മാജിക് ഫ്രെയിംസ് തീയേറ്ററുകളിൽ എത്തിക്കുന്നു'' നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ അറിയിച്ചു.

ജോജു ജോർജ്, ഇന്ദ്രജിത് സുകുമാരൻ , നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്, അർജുൻ അശോകൻ, ദർശന രാജേന്ദ്രൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, ശെന്തിൽ കൃഷ്‌ണ, സന്തോഷ് കീഴാറ്റൂർ തുടങ്ങി വൻതാര അണിനിരക്കുന്ന 'തുറമുഖം' രാജീവ് രവി ആണ് സംവിധാനം ചെയ്തത്. ചിത്രത്തിന്‍റെ ഛായാഗ്രഹണവും രാജീവ് രവിയാണ് നിർവഹിച്ചിരിക്കുന്നത്. കെ.എം. ചിദംബരത്തിന്‍റെ നാടകത്തെ ആസ്‍പദമാക്കി ഒരുക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് മകന്‍ ഗോപന്‍ ചിദംബരമാണ്. എഡിറ്റിംഗ് ബി അജിത്‌കുമാർ, കലാസംവിധാനം-ഗോകുൽദാസ്, മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം-സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ-ദീപക് പരമേശ്വരൻ.

പല ഗെറ്റപ്പുകളിൽ നിവിൻ പോളി എത്തുന്ന ചിത്രത്തിൽ ഇരുപതുകളിലെയും നാല്‍പതുകളിലെയും കൊച്ചി തുറമുഖത്തെ മനോഹരമായി പുനരാവിഷ്കരിച്ചിട്ടുണ്ട്. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. നിവിനെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ് എന്നിങ്ങനെ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 1920കളിൽ പുതിയ കൊച്ചി തുറമുഖം നിർമിക്കുന്ന കാലത്താണ് കഥ തുടങ്ങുന്നത്. നാടിന്റെ നാനാഭാഗത്ത് നിന്നും ജോലി തേടി നിരവധി പേർ ലേബർ കോണ്ട്രാക്ടർമാരുടെ ഓഫീസുകൾക്ക് മുന്നിൽ തടിച്ചുകൂടുന്നു. കോണ്ട്രാക്ടർമാരും ശിങ്കിടികളും എറിയുന്ന മെറ്റൽ ടോക്കണുകൾക്ക് വേണ്ടി, ഒരു നേരത്തെ അന്നത്തിനു വക കിട്ടാനുള്ള തൊഴിലിനു വേണ്ടി തൊഴിലാളികൾ പരസ്പരം പൊരുതുന്ന ഒരു കാലം.

പിന്നീട് 1940കളിലേക്കും 50കളിലേക്കും നീങ്ങുന്ന കഥയിൽ ഏറെ വളർന്ന കൊച്ചി തുറമുഖം, കരാറുകാരും മുതലാളിമാരും അവരുടെ ഭാഗം ചേരുന്ന യൂണിയൻ നേതാക്കളും അടങ്ങുന്ന ഒരു മാഫിയയുടെ വിളനിലമാകുന്നു. തൊഴിലാളികൾ പണിയെടുക്കാനും മാന്യമായി ജീവിക്കാനുമുള്ള അവകാശത്തിനു വേണ്ടി പോരാടേണ്ടി വരുന്ന കാലം. ഈ കലുഷിതമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു കുടുബത്തിന്റെയും ഒരു നാടിന്റെയും അതിജീവനത്തിന്റെ കഥയാണ് തുറമുഖം. നന്മക്കും തിന്മക്കും ഇടയിൽ, ദുരന്തത്തിനും വീരോചിതമായ ചെറുത്തുനിൽപിനും ഇടയിൽ, പ്രത്യാശക്കും നിരാശക്കും ഇടയിൽ ഉലയുന്ന രണ്ടു തലമുറകളുടെ കഥയാണ് തുറമുഖം പറയുന്നത്.

TAGS :

Next Story