Quantcast

''വിശ്വംഭരന്‍ സാറിനെ അവസാനമായി കണ്ടശേഷം മമ്മൂക്ക നിശ്ശബ്ദനായിരുന്നു, വിതുമ്പിവിതുമ്പി കരയുന്നത് ഞാന്‍ കണ്ടു''

സന്തോഷവും സങ്കടവും പൊതിച്ചോറു പോലെ പങ്കിട്ട രണ്ട് സ്‌നേഹിതര്‍ തമ്മിലുള്ള ബന്ധത്തിന്‍റെ ശക്തിയാണ് കണ്ണീരുപ്പുള്ള ആ വാക്കുകളില്‍ തെളിഞ്ഞുകണ്ടത്

MediaOne Logo

Web Desk

  • Updated:

    2021-09-20 10:21:34.0

Published:

20 Sep 2021 10:20 AM GMT

വിശ്വംഭരന്‍ സാറിനെ അവസാനമായി കണ്ടശേഷം  മമ്മൂക്ക നിശ്ശബ്ദനായിരുന്നു, വിതുമ്പിവിതുമ്പി കരയുന്നത് ഞാന്‍ കണ്ടു
X

ഉറ്റസുഹൃത്തായ കെ.ആര്‍ വിശ്വംഭരന്‍റെ വേര്‍പാട് മമ്മൂട്ടിയെ അത്രമാത്രം പിടിച്ചുലച്ചുവെന്ന് മമ്മൂട്ടിയുടെ സന്തതസഹചാരിയും നിര്‍മ്മാതാവുമായ ആന്‍റോ ജോസഫ്. കെ.ആര്‍.വിശ്വംഭരന്‍ എന്ന ഐ.എ.എസ് ഉദ്യോഗസ്ഥനോടായിരുന്നില്ല മമ്മൂക്കയുടെ സൗഹൃദം. ഒരുകാലം ഒരുമിച്ച് തോളില്‍ കയ്യിട്ട് നടന്ന,ഒരുമിച്ച് വെയിലും മഴയും കൊണ്ട,ഒരുമിച്ച് ചിരിച്ച,കരഞ്ഞ വിശ്വംഭരന്‍ എന്ന സുഹൃത്തിനോടായിരുന്നുവെന്നും ആന്‍റോ ജോസഫ് പറയുന്നു. മഹാരാജാസ് കോളജിലും ലോ കോളജിലും ഒരുമിച്ച് പഠിച്ചവരാണ് മമ്മൂട്ടിയും വിശ്വംഭരനും.

ഔഷധി ചെയർമാനും എറണാകുളം, ആലപ്പുഴ മുൻ കലക്ടറും കാർഷിക, ഫിഷറീസ് സർവകലാശാലകളുടെ മുൻ വൈസ് ചാൻസലറുമായ ഡോ.കെ.ആര്‍ വിശ്വംഭരന്‍ വെള്ളിയാഴ്ചയാണ് അന്തരിച്ചത്.

ആന്‍റോ ജോസഫിന്‍റെ കുറിപ്പ്

സൗഹൃദം എന്ന വാക്കിന്‍റെ ആഴവും പരപ്പും കഴിഞ്ഞ ദിവസം വൈകിട്ട് നേരിട്ടറിഞ്ഞു. കെ.ആര്‍.വിശ്വംഭരന്‍ സാറിനെ അവസാനമായി കണ്ടശേഷം വീട്ടിലെത്തിയ മമ്മൂക്ക കുറേനേരം ഒറ്റയ്ക്ക് മാറി നിശബ്ദനായിരുന്നു. ആ കണ്ണുകള്‍ പതുക്കെ നിറഞ്ഞു. ശബ്ദം ഇടറി. കെ.ആര്‍.വിശ്വംഭരന്‍ എന്ന ഐ.എ.എസ് ഉദ്യോഗസ്ഥനോടായിരുന്നില്ല മമ്മൂക്കയുടെ സൗഹൃദം. ഒരുകാലം ഒരുമിച്ച് തോളില്‍ കയ്യിട്ട് നടന്ന,ഒരുമിച്ച് വെയിലും മഴയും കൊണ്ട,ഒരുമിച്ച് ചിരിച്ച,കരഞ്ഞ വിശ്വംഭരന്‍ എന്ന സുഹൃത്തിനോടായിരുന്നു. മമ്മൂക്ക പറഞ്ഞു: 'നാല്പത്തിയെട്ടുവര്‍ഷത്തെ ഒരുമിച്ചുള്ള യാത്രയായിരുന്നു ഞങ്ങളുടേത്. ആ യാത്രയില്‍ ഒരാള്‍ നഷ്ടപ്പെട്ടു. എന്‍റെ ഉയര്‍ച്ചകളിലും താഴ്ചകളിലും വിശ്വംഭരന്‍ ഉണ്ടായിരുന്നു. എന്‍റെ വിജയങ്ങളും പരാജയങ്ങളും പ്രിയ ചങ്ങാതി അവന്‍റേതായി കണ്ടു. പലപ്പോഴും ഞാന്‍ വീണുപോയിട്ടുണ്ട്. അപ്പോള്‍ ഒരു കൈത്താങ്ങുമായി വിശ്വംഭരന്‍ കൂടെയുണ്ടായിരുന്നു. ഞാന്‍ വീണ്ടും എഴുന്നേല്‍ക്കുന്നതും കൂടുതല്‍ ശക്തിയോടെ നടക്കുന്നതും കണ്ട് ഏറ്റവും കൂടുതല്‍ സന്തോഷിച്ചവരില്‍ ഒരാളും വിശ്വംഭരന്‍ തന്നെ. വിശ്വംഭരന്‍റെ കുടുംബത്തില്‍ ഞാനുണ്ടായിരുന്നു. എന്‍റെ കുടുംബത്തില്‍ വിശ്വംഭരനും. വിശ്വംഭരന്‍ ഇനിയില്ല...' സന്തോഷവും സങ്കടവും പൊതിച്ചോറു പോലെ പങ്കിട്ട രണ്ട് സ്‌നേഹിതര്‍ തമ്മിലുള്ള ബന്ധത്തിന്‍റെ ശക്തിയാണ് കണ്ണീരുപ്പുള്ള ആ വാക്കുകളില്‍ തെളിഞ്ഞുകണ്ടത്. അത്രയും ആഴത്തില്‍ കൈ കോര്‍ത്തുനില്‍ക്കുന്ന സൗഹൃദത്തിന്‍റെ വേരുകള്‍. രണ്ടു കൂട്ടുകാരുടെ ആത്മബന്ധത്തിന്‍റെ കലര്‍പ്പില്ലാത്ത കാഴ്ച. സംസാരത്തിനിടെ ദുബായിയില്‍ നിന്ന് മമ്മൂക്കയുടെയും വിശ്വംഭരന്‍ സാറിന്‍റെയും ആത്മസുഹൃത്ത് ഷറഫിന്‍റെ വീഡിയോ കോള്‍ വന്നു. വിതുമ്പി വിതുമ്പിക്കരയുന്ന മമ്മൂക്കയെയാണ് ഞാന്‍ പിന്നെ കണ്ടത്. ഓര്‍മകളുടെ തിരമാലകള്‍ പിന്നെയും പിന്നെയും....അതില്‍ മമ്മൂക്ക നനഞ്ഞു. ഹൃദയം കൊണ്ട് അദ്ദേഹം പ്രിയ കൂട്ടുകാരന് വിടചൊല്ലുകയായിരുന്നു അപ്പോള്‍..

TAGS :

Next Story