Quantcast

ഗസ്സ കൂട്ടക്കുഴിമാടം, ഈ ക്രൂരത ലോകരാജ്യങ്ങൾ കണ്ടുനിൽക്കുന്നു, ഇസ്രായേലിനൊപ്പം ലോകനേതാക്കളും പങ്കാളികൾ- നടി ആഞ്ജലീന ജോളി

പലായനം ചെയ്യാൻ ഒരു വഴിയുമില്ലാതെ കുടുങ്ങിക്കിടക്കുന്ന ഒരു ജനതക്ക് മേൽ നടത്തുന്ന മനഃപൂർവമായ ആക്രമണമാണിതെന്നും ആഞ്ജലീന ജോളി പ്രതികരിച്ചു.

MediaOne Logo

Web Desk

  • Updated:

    2023-11-02 12:12:42.0

Published:

2 Nov 2023 12:09 PM GMT

ഗസ്സ കൂട്ടക്കുഴിമാടം, ഈ ക്രൂരത ലോകരാജ്യങ്ങൾ കണ്ടുനിൽക്കുന്നു, ഇസ്രായേലിനൊപ്പം ലോകനേതാക്കളും പങ്കാളികൾ- നടി ആഞ്ജലീന ജോളി
X

വാഷിങ്ടണ്‍: ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ പ്രതികരണവുമായി ഹോളിവുഡ് താരം ആഞ്ജലീന ജോളി. രണ്ട് ദശാബ്ദം ഒരു തുറന്ന ജയിലായി തുടരുന്ന ഗസ്സ കൂട്ടക്കുഴിമാടമായി മാറുകയാണെന്നാണ് ആഞ്ജലീന ജോളി സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. പലായനം ചെയ്യാൻ ഒരു വഴിയുമില്ലാതെ കുടുങ്ങിക്കിടക്കുന്ന ഒരു ജനതക്ക് മേൽ നടത്തുന്ന മനഃപൂർവമായ ബോംബാക്രമണമാണിതെന്നും ലോകരാജ്യങ്ങൾ ഈ ക്രൂരത കണ്ടുകൊണ്ടിരിക്കുകയാണെന്നും അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

"ഗസ്സയിൽ കൊല്ലപ്പെട്ടവരിൽ 40 ശതമാനവും നിഷ്കളങ്കരായ കുഞ്ഞുങ്ങളാണ്. കുടുംബങ്ങളെയൊന്നാകെ കൊന്നൊടുക്കുകയാണ്. നിരവധി രാജ്യങ്ങളുടെ പിന്തുണയോടെയുള്ള ഈ നടപടിയെ ലോകരാജ്യങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് ഫലസ്തീനികൾ കൂട്ടത്തോടെ ശിക്ഷിക്കപ്പെടുകയും മനുഷ്യത്വമില്ലാതാക്കപ്പെടുകയുമാണ്. ഭക്ഷണമില്ലാതെ, മരുന്നില്ലാതെ, മാനുഷിക സഹായമില്ലാതെ, അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുകൊണ്ടാണ് ഈ ക്രൂരത. വെടിനിർത്തലിനുള്ള ആവശ്യത്തെ നിഷേധിച്ചുകൊണ്ടും ഐക്യരാഷ്ട്രസഭയിൽ വെടിനിർത്തലിനുള്ള പ്രമേയത്തെ തടഞ്ഞുകൊണ്ടും ലോകനേതാക്കൾ ഈ കുറ്റകൃത്യത്തിന്‍റെ പങ്കാളികളാവുകയാണ്" ആഞ്ജലീനയുടെ പോസ്റ്റിൽ പറയുന്നു. ജബലിയ അഭയാർഥി ക്യാമ്പിലെ ഇസ്രായേൽ വ്യോമാക്രമണത്തിന്‍റെ ചിത്രമാണ് നടി പങ്കുവെച്ചത്.

ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 9061 ആയതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ 3760 കുട്ടികളും 2326 സ്ത്രീകളുമുണ്ടെന്നും അധികൃതർ പറഞ്ഞതായി അൽ ജസീറയും മിഡിൽ ഈസ്റ്റ് ഐയും റിപ്പോർട്ട് ചെയ്തു. 32,000 പേർക്ക് മുറിവേറ്റതായും റിപ്പോർട്ടിൽ പറഞ്ഞു. ഒക്‌ടോബർ ഏഴിന് ശേഷം കൊല്ലപ്പെട്ടവരുടെ എണ്ണമാണ് അധികൃതർ പുറത്തുവിട്ടത്.

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ നടന്ന കൂട്ടക്കൊലപാതകങ്ങളിൽ 256 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യം മന്ത്രാലയം അറിയിച്ചു. 1,100 കുട്ടികളടക്കം 2000ത്തോളം പേരെ ഗസ്സയിൽ നിന്ന് കാണാതായിരിക്കുന്നത്. ഇവർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട് അവിശിഷ്ടങ്ങളിൽ കിടക്കുകയാണെന്നാണ് ജനങ്ങൾ കരുതുന്നത്. ആവശ്യത്തിന് ഇന്ധനമില്ലാത്തതിനാൽ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ നീക്കാൻ കഴിയാതെ കിടക്കുകയാണ്.

ഇതേ കാലയളവിൽ ഫലസ്തീന്റെ മറ്റൊരു ഭാഗമായ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം 131 ഫലസ്തീനികളെ കൊന്നതായാണ് വിവരം. 2000 പേരാണ് വെസ്റ്റ് ബാങ്കിൽ പരിക്കേറ്റവർ. ഒക്ടോബറിലെ കൊലപാതകങ്ങളോടെ വെസ്റ്റ് ബാങ്കിൽ ഈ വർഷം കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 343 ആയതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

അതേസമയം, ഇസ്രായേലിൽ 1405 പേരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഇവരിൽ 333 ഇസ്രായേലി പട്ടാളക്കാരും 58 പൊലീസ് ഓഫീസർമാരുമാണുള്ളതെന്നാണ് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്. 5431 പേർക്ക് പരിക്കേറ്റതായും പറഞ്ഞു. അതേസമയം, പട്ടാളക്കാരും സാധാരണക്കാരും 30 കുട്ടികളുമടക്കം 242 പേരെ ഹമാസ് ബന്ദിയാക്കിയെന്നും പറയുന്നു. ഗസ്സയിൽ 2030 പേരെയാണ് കാണാനില്ലാത്തതെന്നാണ് അൽ ജസീറ റിപ്പോർട്ട്. ഇവരിൽ 1020 കുട്ടികളുണ്ട്. 4000ത്തോളം ഗസ്സ നിവാസികളാണ് ഇസ്രായേൽ ജയിലിൽ കഴിയുന്നത്.

TAGS :

Next Story