'ഏതൊക്കെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യണമെന്ന് അവൻ തീരുമാനിക്കും': വൈറലായി ധ്രുവുമൊത്തുള്ള അനുപമയുടെ പഴയ വീഡിയോ
നിഖിൽ വിജയേന്ദ്ര സിംഹയുമൊത്തുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്

അനുപമ പരമേശ്വരന്റെ മുൻകാല ബന്ധത്തെക്കുറിച്ചുള്ള പരാമർശങ്ങൾക്ക് പിന്നാലെ ഉയർന്ന ചർച്ചകൾക്കിടയിൽ വൈറലാവുകയാണ് ധ്രുവുമൊത്തുള്ള അനുപമയുടെ പഴയ പോഡ്കാസ്റ്റ് വീഡിയോ. തന്റെ ഏതൊക്കെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യണമെന്ന് ധ്രുവ് ആണ് തീരുമാനിക്കുന്നതെന്നായിരുന്നു വീഡിയോയിൽ അനുപമ പറഞ്ഞത്.
നിഖിൽ വിജയേന്ദ്ര സിംഹയുമായുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. സൈബർ കാളമാടൻ എന്ന സിനിമയുടെ സെറ്റിൽ ദ്രുവ് ആയിരുന്നു സംവിധായകൻ മാരി സെൽവരാജിന്റെ പ്രിയപ്പെട്ടവൻ എന്നും സമൂഹ മാധ്യമത്തിൽ പങ്കുവെയ്ക്കേണ്ട ചിത്രങ്ങൾ ഏതൊക്കെയാണെന്ന് തീരുമാനിക്കുന്നത് ധ്രുവ് ആണെന്നുമായിരുന്നു അനുപമ തമാശയായി പറഞ്ഞത്. ധ്രുവ് അടുത്തിരിക്കെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ ഉടൻ തന്നെ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഫോട്ടോകളുടെ കാര്യമാണ് താൻ പറഞ്ഞതെന്നും താനും രജിഷയും മിക്ക ഫോട്ടോകളിലും നന്നായി വരാറില്ലെന്നും അനുപമ ഉടൻ മാറ്റി പറയുകയുണ്ടായി.
അതേസമയം തനിക്കെതിരെ ഉയർന്ന പരാമർശങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി ധ്രുവ് രംഗത്തെത്തിയിരുന്നു. മാധ്യമശ്രദ്ധയും സ്വകാര്യജീവിതത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളും തന്നെ ബാധിക്കാറുണ്ടെന്നും, യാഥാർഥ്യത്തിൽ ഉറച്ചുനിൽക്കണം. നിങ്ങൾ ആരാണെന്നും എന്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്നും അറിയണം. നിങ്ങൾ സ്നേഹിക്കുന്നവരെയും നിങ്ങൾക്ക് പ്രധാനപ്പെട്ട കാര്യങ്ങളെയും സംരക്ഷിക്കണം എന്നായിരുന്നു ധ്രുവിന്റെ വാക്കുകൾ.
സ്വകാര്യജീവിതത്തെക്കുറിച്ചുള്ള പുറത്തുനിന്നുള്ള ചർച്ചകൾക്ക് അമിത പ്രാധാന്യം നൽകാതെ സ്വന്തം ലോകത്തും മൂല്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ധ്രുവ് പറഞ്ഞു. 'നിങ്ങൾക്ക് നിങ്ങളുടെ സ്വന്തം ലോകമുണ്ട്. കഴിയുന്നത്ര നിങ്ങളുടെ സ്വകാര്യ ഇടം സംരക്ഷിക്കുക' എന്നും താരം വ്യക്തമാക്കിയിരുന്നു.
അനുപമ പരമേശ്വരൻ അടുത്തിടെ ഇൻസ്റ്റഗ്രാമിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയാണ് ഇരുവരുടെയും സ്വകാര്യജീവിതവുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും സജീവമായത്. മുൻബന്ധത്തിൽ നിയന്ത്രണങ്ങളും മാനസിക സമ്മർദങ്ങളും നേരിട്ടതായി അനുപമ പറഞ്ഞിരുന്നു. എന്നാൽ തന്റെ മുൻപങ്കാളിയുടെ പേര് താരം നേരിട്ട് പരാമർശിച്ചിരുന്നില്ല. എന്നാൽ ഇരുവരുടെയും ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളിൽ വ്യക്തമായ സ്ഥിരീകരണം ഇരുവരുടെയും ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
Adjust Story Font
16

