Quantcast

"ചെരുപ്പുമാലയിട്ടു.. സ്റ്റേജിൽ നിന്ന് മുട്ടയേറ്‌ വരെ കിട്ടി"; ആ ചിരിക്ക് പിന്നിലുണ്ട് വേദനയുടെ കാലം

"സ്റ്റേജ് ഷോ കളയില്ല. വന്നവഴിയാണ്.. ഒരു നേരത്തെ അന്നം കഴിച്ചതും സ്റ്റേജ് ഷോയിലൂടെ മാത്രമാണ്"... സുധി പറയുന്നു

MediaOne Logo

Web Desk

  • Updated:

    2023-06-05 06:06:04.0

Published:

5 Jun 2023 5:57 AM GMT

kollam sudhi
X

കറക്‌ട് കള്ളൻ ല്ലേ... സെക്കൻഡുകൾ മാത്രം സ്‌ക്രീനിൽ തെളിഞ്ഞ ഈ സീനിലെ ഡയലോഗിനൊപ്പമുണ്ടായിരുന്ന ആ ചിരി ആരും മറക്കാനിടയില്ല. മിമിക്രി സ്റ്റേജുകളിലും മിനിസ്ക്രീനിലും സിനിമയിലുമൊക്കെ പൊട്ടിച്ചിരിയുടെ മാലപ്പടക്കം തീർത്ത പ്രിയ കലാകാരനാണ് കൊല്ലം സുധി. അദ്ദേഹത്തിന്റെ ആകസ്മിക വേർപാടിന്റെ ആഘാതത്തിലാണെങ്കിലും കൊല്ലം സുധിയെന്ന് കേൾക്കുമ്പോൾ തന്നെ ഒരു ചിരി അറിയാതെ മുഖത്തേക്ക് പടരാറുണ്ട്. അത്രയേറെ രസകരമായിരുന്നു സ്റ്റേജിൽ അദ്ദേഹം അവതരിപ്പിച്ച ഓരോ വേഷവും. ചെറിയ വേഷങ്ങളിൽ മാത്രമാണ് ബിഗ് സ്ക്രീനിലേക്ക് എത്തുന്നതെങ്കിലും അവയൊന്നും ആർക്കും അത്രപെട്ടെന്ന് മറക്കാനാവുന്നതല്ല.

എന്നാൽ, ആ ചിരിക്ക് പിന്നിൽ വേദനയുടെയും കഷ്ടപ്പാടിന്റെയും ഒരു കാലമുണ്ടായിരുന്നു സുധിക്ക്. സ്‌ക്രീനിൽ വന്ന് എളുപ്പത്തിൽ പ്രേക്ഷകരെ കയ്യിലെടുത്ത് കയ്യടി നേടുന്ന കലാകാരന്റെ ജീവിതം ഒരിക്കൽ മീഡിയവണിനോട് പങ്കുവെച്ചിരുന്നു. മുട്ടയേറും ചെരുപ്പുമാലയുമായി വരവേറ്റ സ്റ്റേജുകളിൽ നിന്ന് തന്റെ പെർഫോമൻസിനായി കാത്തിരിക്കുന്ന ഒരു കൂട്ടം പ്രേക്ഷകരെ സൃഷ്ടിച്ചെടുത്ത പ്രിയ കലാകാരന്റെ ജീവിതാനുഭങ്ങൾ ഒരിക്കൽ കൂടി ഓർത്തെടുക്കുകയാണ്...

സ്റ്റേജിലെത്തിയ ചെരുപ്പേറ്..

റിയാലിറ്റി ഷോയിലൊക്കെ വരുന്നതിന് മുൻപ് ഒരു സുധിയുണ്ടായിരുന്നു. എന്റമ്മേ... കഷ്‌ടപ്പാടിന്റെ അങ്ങേയറ്റം ആയിരുന്നു ആ കാലം. എന്റെ ചേട്ടൻ സുനിൽ തന്നെയായിരുന്നു വഴിത്തിരിവ്. അന്ന് ഞങ്ങൾ നാലഞ്ച് പേർ ചേർന്ന് പോളയത്തോട് എന്ന് പറഞ്ഞ സ്ഥലത്ത് ഒരു പ്രോഗ്രാം ചെയ്‌തിരുന്നു. ശത്രുക്കളാണോ ഞങ്ങളുടെ പരിപാടി ഇഷ്ടപ്പെടാത്തവരാണോ എന്നറിയില്ല... നേരെ വന്ന രണ്ടുമുട്ട ഞാൻ ഒഴിവാക്കി വിട്ടു. പക്ഷേ, എന്റെ ചേട്ടന്റെ നെറ്റിയിൽ രണ്ടും കൃത്യമായി കൊണ്ടു.

അച്ഛനും അമ്മയും അടക്കം എല്ലാവരും ഈ പ്രോഗ്രാം കണ്ടുകൊണ്ടിരിക്കുകയായിരുന്നു. മുട്ടയേറ്‌ കിട്ടിയപ്പോൾ തന്നെ സാധാരണ അച്ഛനമ്മമാർ ആണെങ്കിൽ ഇതോടെ നിർത്തി വെല്ല പണിക്കും പോകാനാകും പറയുക. എന്നാൽ, അവർ അങ്ങനെ ആയിരുന്നില്ല. ചേട്ടൻ സഹിതം എല്ലാവരും പ്രോത്സാഹിപ്പിക്കുകയായിരുന്നു. അവര് മാക്സിമം കൂടെ നിന്നു.

ചെരുപ്പിനൊക്കെ ഏറ് കിട്ടിയിട്ടുണ്ട്. മണ്ണുവെച്ച് എറിഞ്ഞിട്ടുണ്ട്. ചെരുപ്പ് മാല വരെ മേടിച്ചിട്ടിട്ടുണ്ട്. ഇപ്പോഴത്തെ ന്യൂ ജനറേഷൻ ആർട്ടിസ്റ്റുകൾക്ക് ഇതൊന്നും അറിയില്ല. പണ്ടുകാലത്തെ ആർട്ടിസ്റ്റുകൾ അനുഭവിച്ചത് അനുഭവിച്ചത് തന്നെയാണ്.

കോമഡി ഫെസ്റ്റിവലിലേക്ക്..

ഏഷ്യാനെറ്റ് പ്ലസിൽ നടന്ന ലാഫ്റ്റർ കേരള എന്ന മത്സരത്തിലൂടെയാണ് മിനി സ്‌ക്രീനിൽ സജീവമാകുന്നത്. നേരത്തെ ചാനലുകളിൽ ചെറിയ ചെറിയ റോളുകളിലൊക്കെ വിളിക്കുമായിരുന്നു. ലാഫ്റ്റർ കേരളയിൽ മത്സരിച്ചപ്പോൾ എല്ലാർക്കും ഞാൻ തന്നെയായിരുന്നു പ്രതീക്ഷ. അവസാനം വന്ന മൂന്നുപേരിൽ ശ്രീജിത്ത് പാലേരി ബെസ്റ്റ് പെർഫോമറായി. ഞാൻ ബെസ്റ്റ് കൊമേഡിയനും. അവിടെ നിന്ന് ഏഷ്യാനെറ്റിൽ തന്നെ വൊഡാഫോൺ കോമഡി സ്റ്റാർസ് എന്നൊരു പ്രോഗ്രാം വന്നു. അവിടെ കയറി ഞങ്ങൾക്ക് ലാഫ്റ്റർ കേരള എന്നൊരു ഗ്രൂപ്പുണ്ടായിരുന്നു. അതിനിടയിലൊരു ട്വിസ്റ്റ് ഉണ്ടായിരുന്നു. എനിക്കൊരു ലണ്ടൻ പ്രോഗ്രാം വന്നു. ജീവിതത്തിൽ ആദ്യമായിട്ടാണ് ലണ്ടനിലൊക്കെ പോകാൻ ഒരു അവസരം കിട്ടുന്നത്.

പക്ഷേ, ലണ്ടനിൽ പോയി തിരിച്ചുവന്നപ്പോഴേക്കും എന്റെ ടീം പ്രോഗ്രാമിൽ നിന്ന് ഔട്ടായി. പിന്നെ കുറച്ചുനാൾ സ്റ്റേജ് പ്രോഗ്രാമോക്കെയായി തന്നെ നിന്നു. പിന്നീടാണ് സജു നവോദയ കോമഡി ഫെസ്റ്റിവലിലേക്ക് പുള്ളിയുടെ ടീമിലേക്ക് വിളിക്കുന്നത്. പിന്നെ ഞാൻ താഴോട്ട് വന്നിട്ടില്ല, അതായിരുന്നു ശരിക്കും വഴിത്തിരിവ്.

ആരും അറിയാത്ത പാട്ടുകാരൻ

ഞാനൊരു പാട്ടുകാരനായിരുന്നു. സ്റ്റേറ്റ് വിന്നറാണ്. കൊല്ലം വാളത്തുങ്കൽ ഗവ.ബോയ്സ് ഹൈസ്‌കൂളിലായിരുന്നു ഞാൻ പഠിച്ചത്. എന്റെ മോനെയും അവിടെ തന്നെയാണ് ചേർത്തത്. എട്ടാം ക്ലാസിന് ശേഷം മോൻ അവിടെ പഠിക്കണമെന്നത് എന്റെയൊരു ആഗ്രഹമായിരുന്നു. ആ സ്‌കൂളിലെ നല്ലൊരു പാട്ടുകാരനായിരുന്നു ഞാൻ എന്നാണ് എല്ലാവരും പറയുന്നത്. സ്റ്റേറ്റിൽ പോയി മത്സരിച്ച് വിജയിച്ചിട്ടുണ്ട്. ഇപ്പോഴും ആ ഓഫീസ് റൂമിൽ എന്റെ സർട്ടിഫിക്കറ്റുണ്ട്.

ഇവരാണ് ബലം

എന്റെ വൈഫ് രേണു കോട്ടയംകാരിയാണ്. മോൻ പഠിക്കുകയാണ്. രണ്ടുപേരും ഒരുപാട് സപ്പോർട്ടാണ്. മോൻ ഒളിച്ചിരുന്ന് എന്റെ ടിക്ടോക് ഒക്കെ എടുക്കാറുണ്ട്. 'അമ്മ, ചേട്ടൻ.. വീട്ടുകാരെല്ലാവരും ഇന്നും സപ്പോർട്ട് ചെയ്ത കൂടെത്തന്നെയുണ്ട്. അതാണ് എന്റെ ഏറ്റവും വലിയ ബലം. പിന്നെ എന്റെ സുഹൃത്തുക്കളും. ഒരാപത്ത് വന്നാൽ പോലും സഹായിക്കാൻ നൂറുകണക്കിന് ആളുകളുണ്ടാകും. അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. സുഹൃത്തുക്കളുടെ എണ്ണം പറയാൻ പറ്റില്ല. ഒരുപാട് പേര് സ്നേഹിക്കുന്നുണ്ട്. അവരെ അതിനേക്കാളേറെ ഞാൻ സ്നേഹിക്കുന്നുണ്ട്. കുറേ ഫാൻസുണ്ട്. അവരുടെയൊക്കെ പ്രോത്സാഹനവും അനുഗ്രഹവുമാണ് എന്നിങ്ങനെ നിൽക്കാൻ പറ്റുന്നതിന് കാരണം.

സ്റ്റേജ് ഷോയാണ് എല്ലാം

സ്റ്റേജ് ഷോ കളയില്ല. വന്നവഴിയാണ്.. ഒരു നേരത്തെ അന്നം കഴിച്ചതും സ്റ്റേജ് ഷോയിലൂടെ മാത്രമാണ്. അതൊരിക്കലും ഉപേക്ഷിക്കില്ല. സിനിമയല്ല, ഒന്നുമില്ലെങ്കിലും സ്റ്റേജ് ഷോ ഞാനൊരിക്കലും ഉപേക്ഷിക്കില്ല.

നീ ചെയ്താലേ ശരിയാകൂ..

ഏത് ഡയറക്ടർ വിളിച്ചാലും മറക്കാൻ പറ്റാത്ത ക്യാരക്ടറുകളാണ് തരാറുള്ളത്. യമണ്ടൻ പ്രേമകഥയിൽ വളരെ ചെറിയൊരു വേഷമാണ് ദുൽഖറിനൊപ്പമുള്ളത്. പക്ഷെ, പടം കണ്ടിറങ്ങിവരാരും ആ സീൻ മറക്കില്ല. വിഷ്ണു ഉണ്ണികൃഷ്ണനും ബിപിനും ഒരു ചെറിയ സാധനം എല്ലാ സിനിമയിലും എനിക്ക് വേണ്ടി മാറ്റിവെക്കാറുണ്ട്. അതവൻ ചെയ്താലേ ശരിയാകൂ എന്ന് പറഞ്ഞ് വിളിക്കുന്ന സംവിധായകരുണ്ട്.

കലാരംഗത്ത് വലിയൊരു ശൂന്യത തീർത്ത് സുധി മടങ്ങുമ്പോൾ അരങ്ങിൽ ഇനിയും നിരവധി കഥാപാത്രങ്ങൾ ബാക്കിയാണ്. അദ്ദേഹം ഉണർത്തിയ ചിരി ഇനിയും ദീർഘനാൾ ഒരുപാട് ആളുകളിലേക്ക് പടർന്നുകൊണ്ടേയിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. പ്രിയ കലാകാരന് ആദരാഞ്ജലികൾ.

കയ്പമംഗലത്ത് ഉണ്ടായ വാഹനാപകടത്തിലാണ് കൊല്ലം സുധിയുടെ മരണം. തിങ്കളാഴ്ച പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിൽ ആയിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഫ്‌ളവേഴ്സ് ചാനൽ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പരിക്കേറ്റ മറ്റുള്ളവരെ വിദഗ്ധ ചികിത്സക്കായി കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

2015 ൽ പുറത്തിറങ്ങിയ കാന്താരിയാണ് കൊല്ലം സുധിയുടെ ആദ്യ ചിത്രം. കട്ടപ്പനയിലെ ഋത്വിക് റോഷൻ,കുട്ടനാടൻ മാർപാപ്പ, തീറ്റ റപ്പായി,കേശു ഈ വീടിന്റെ നാഥൻ, എസ്‌കേപ്പ്,സ്വർഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

TAGS :

Next Story