Quantcast

എഴുത്തുകാരനായി ആര്യൻ ഖാൻ; അണിയറയിലൊരുങ്ങുന്നത് സിനിമയും വെബ്സീരീസും- റിപ്പോർട്ട്

ആമസോൺ പ്രൈമിനു വേണ്ടിയുള്ള വെബ്‌സീരീസിനും ഷാരൂഖ് ഖാൻറെ റെഡ് ചില്ലീസ് എൻറർടെയിൻമെൻറിനായുള്ള സിനിമയ്ക്കുമാണ് ആര്യൻ കഥയെഴുതുന്നതെന്നാണ് സൂചന

MediaOne Logo

Web Desk

  • Published:

    22 Feb 2022 9:38 AM GMT

എഴുത്തുകാരനായി ആര്യൻ ഖാൻ; അണിയറയിലൊരുങ്ങുന്നത് സിനിമയും വെബ്സീരീസും- റിപ്പോർട്ട്
X

ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍റെ പുത്രന്‍ ആര്യന്‍ ഖാന്‍ വീണ്ടും വാര്‍ത്തകളില്‍. ആര്യന്‍ എഴുത്തുകാരനായി സിനിമയില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒരു വെബ്‌സീരീസിന്‍റെയും ഫീച്ചര്‍ ഫിലിമിന്‍റെയും എഴുത്തുപണികളിലാണ് താരപുത്രനെന്നാണ് പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. ആമസോണ്‍ പ്രൈമിനു വേണ്ടിയുള്ള വെബ്‌സീരീസും ഷാരൂഖ് ഖാന്‍റെ റെഡ് ചില്ലീസ് എന്‍റര്‍ടെയിന്‍മെന്‍റിനായുള്ള സിനിമയുമാണ് അണിയറയിലൊരുങ്ങുന്നതെന്ന് റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.

വെബ്‌സീരീസ് ഈ വര്‍ഷം പുറത്തിറങ്ങിയേക്കും. എന്നാല്‍ സിനിമ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഇതിനുപുറമെ ആര്യന്‍ ഖാന്‍ മറ്റ് ചില പ്രൊജക്ടുകളുടെയും ഭാഗമാകാന്‍ സാധ്യതയുണ്ടെന്ന് പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബിലാൽ സിദ്ദിഖിയുമായി ചേര്‍ന്നാണ് ആര്യന്‍റെ എഴുത്തുകള്‍ പുരോഗമിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മകന് അഭിനയത്തോട് താല്‍പര്യമില്ലെന്നും എന്നാല്‍ ചലച്ചിത്രനിർമാണത്തിന്‍റെ ക്രിയാത്മകമായ മേഖലകളിലേക്ക് പ്രതീക്ഷിക്കാമെന്നും ഷാരൂഖ് ഖാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഷാരൂഖിന്‍റെ മകള്‍ സുഹാന ഖാനും അഭിനയത്തില്‍ അരങ്ങേറ്റത്തിന് തയ്യാറാവുകയാണ്. നെറ്റ്ഫ്ലിക്സിനുവേണ്ടി സോയ അക്തര്‍ ഒരുക്കുന്ന വെബ്‌സീരീസിലൂടെയാകും സുഹാന ക്യാമറയ്ക്ക് മുന്നിലെത്തുക. അതേസമയം, സിദ്ധാര്‍ഥ് ആനന്ദ് ഒരുക്കുന്ന പത്താനാണ് ഷാരൂഖിന്‍റേതായി പുറത്തിറങ്ങാനുള്ള ചിത്രം. ദീപിക പദുകോണാണ് ചിത്രത്തിലെ നായിക. ജോൺ എബ്രഹാമും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും. അറ്റ്ലിയുടെ അടുത്ത ചിത്രത്തിലും ഷാരൂഖാണ് നായകന്‍.

TAGS :

Next Story