Quantcast

''ആമിർ ഖാൻ ഹിന്ദു വിരുദ്ധൻ''; സിയറ്റ് പരസ്യത്തിനെതിരെ ബിജെപി എംപി

വെള്ളിയാഴ്ച ഗതാഗതം തടസപ്പെടുത്തിക്കൊണ്ടുള്ള നമസ്‌ക്കാരങ്ങൾക്കെതിരെയും പരസ്യമെടുക്കണമെന്ന് ടയർ നിർമാതാക്കളായ സിയറ്റിനോട് ബിജെപി എംപി അനന്ത്കുമാർ ഹെഗ്‌ഡെ

MediaOne Logo

Web Desk

  • Published:

    22 Oct 2021 9:47 AM GMT

ആമിർ ഖാൻ ഹിന്ദു വിരുദ്ധൻ; സിയറ്റ് പരസ്യത്തിനെതിരെ ബിജെപി എംപി
X

ജനപ്രിയ വസ്ത്ര ബ്രാൻഡായ ഫാബ് ഇന്ത്യയ്‌ക്കെതിരായ സംഘ്പരിവാർ കാംപയിനിനു പിറകെ ടയർ നിർമാതാക്കളായ സിയറ്റിനെതിരെ ബിജെപി. ആമിർ ഖാൻ നായകനായുള്ള കമ്പനിയുടെ പരസ്യചിത്രത്തിനെതിരെയാണ് കർണാടക ബിജെപി എംപി അനന്ത്കുമാർ ഹെഗ്‌ഡെ രംഗത്തെത്തിയത്. ആമിർ ഖാൻ ഹിന്ദു വിരുദ്ധനായ നടനാണെന്നും സിയറ്റിന്റെ പരസ്യം ഹിന്ദു വികാരം വ്രണപ്പെടുത്തുന്നതാണെന്നും ഹെഗ്‌ഡെ വിമർശിച്ചു.

സിയറ്റ് എംഡിയും സിഇഒയുമായ ആനന്ത് വർധൻ ഗോയങ്കെയ്ക്ക് എഴുതിയ കത്തിലാണ് അനന്ത്കുമാർ ഹെഗ്‌ഡെയുടെ വിമർശനം. സിയറ്റിന്റെ പരസ്യം ഹിന്ദുക്കൾക്കിടയിൽ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും ഭാവിയിൽ ഹിന്ദു വികാരങ്ങളെ മാനിക്കുമെന്നാണ് വിശ്വാസമെന്നും ഹെഗ്‌ഡെ കത്തിൽ പറഞ്ഞു.

''പൊതുസമൂഹം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ശ്രദ്ധാലുവാണല്ലോ താങ്കൾ. താങ്കൾ ഒരു ഹിന്ദുവായതുകൊണ്ടു തന്നെ നൂറ്റാണ്ടുകളായി ഹിന്ദുസമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന വിവേചനങ്ങൾ താങ്കൾക്കും അനുഭവപ്പെടുന്നുണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്. ഹിന്ദുവിരുദ്ധരായ ഒരുകൂട്ടം നടന്മാർ എപ്പോഴും ഹിന്ദു വികാരങ്ങൾ വ്രണപ്പെടുത്തുകയാണ്. അവർ ഒരുകാലത്തും സ്വന്തം സമുദായത്തിന്റെ മോശം പ്രവൃത്തികൾ പുറത്തുപറയാൻ തയാറാകാറില്ല''- കത്തിൽ ഹെഗ്‌ഡെ കുറ്റപ്പെടുത്തി.

ആമിർ ഖാനെ നായകനാക്കി അടുത്തിടെ പുറത്തിറങ്ങിയ താങ്കളുടെ കമ്പനിയുടെ പരസ്യത്തിൽ തെരുവിൽ പടക്കം പൊട്ടിക്കരുതെന്ന് താരം ജനങ്ങളെ ഉപദേശിക്കുന്നത് നല്ലൊരു സന്ദേശമാണ് നൽകുന്നത്. പൊതുപ്രശ്‌നങ്ങളിലുള്ള നിങ്ങളുടെ ആശങ്ക അഭിനന്ദനമർഹിക്കുന്നു. ഈ സാഹചര്യത്തിൽ റോഡിൽ ജനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന മറ്റൊരു പ്രശ്‌നം കൂടി താങ്കൾ കൈകാര്യം ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയാണ്. വെള്ളിയാഴ്ചയും മറ്റ് ആഘോഷദിവസങ്ങളിലും നമസ്‌കാരത്തിന്റെപേരിൽ റോഡുകളില്‍ ഗതാഗതം തടസപ്പെടുത്തുന്ന ഒരു പ്രശ്‌നമുണ്ട്-അദ്ദേഹം ചൂണ്ടിക്കാട്ടി.


നിരവധി നഗരങ്ങളിൽ ഇത് സ്ഥിരംകാഴ്ചയാണ്. ഇതുമൂലം വാഹനങ്ങളും ആംബുലൻസുകളും അഗ്നിശമനസേനയുമെല്ലാം കുരുക്കിൽപെട്ട് നിരവധി ജീവനുകളാണ് നഷ്ടപ്പെട്ടിട്ടുള്ളതെന്നും ഹെഗ്‌ഡെ പറഞ്ഞു. ദിവസവും പള്ളികളിൽനിന്ന് മൈക്കുകളിലൂടെ വലിയ ശബ്ദത്തിലാണ് ബാങ്ക് വിളിക്കുന്നതെന്നും ബിജെപി എംപി വിമർശിച്ചു.

ദിവസങ്ങൾക്കുമുൻപാണ് ആമിർ ഖാനെ നായകനാക്കിയുള്ള സിയറ്റ് പരസ്യം പുറത്തിറങ്ങിയത്. 30 സെക്കൻഡ് ദൈർഘ്യമുള്ള പരസ്യചിത്രത്തിൽ തെരുവിൽ പടക്കം പൊട്ടിക്കരുതെന്ന് ആമിർ ഖാൻ നാട്ടുകാരോട് ഉപദേശിക്കുന്നുണ്ട്. ഭവനസമുച്ചയങ്ങൾക്കുള്ളിൽ പടക്കം പൊട്ടിക്കാൻ കുട്ടികളോടും നിർദേശിക്കുന്നു.

TAGS :

Next Story