ഇനി സിനിമയിലേക്കില്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല, ആ ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോഴാണ് മോശം അനുഭവം ഉണ്ടായത്: മനോജ് ഗിന്നസ്
ഏകദേശം പത്തിരുപത് വര്‍ഷം മുൻപുള്ള പ്രോഗ്രാമുകളുടെ വീഡിയോകളാണ് ഇപ്പോൾ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമൊക്കെ കാണുന്നത്

''വിസിഡികൾ പ്രചാരത്തിൽ ഉണ്ടായിരുന്ന കാലത്ത് മനോജ് ഗിന്നസ് എന്ന കലാകാരൻ മലയാളികളെ ചിരിപ്പിച്ചയത്ര വേറെയൊരു മിമിക്രിക്കാരനും ചിരിപ്പിച്ചിട്ടില്ല'' സോഷ്യൽമീഡിയയിൽ ഈയിടെ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റിന് താഴെ നിറയെ ഒരു തലമുറയുടെ കമന്‍റുകളായിരുന്നു. 2000 കാലഘട്ടങ്ങളിൽ മനോജിന്‍റെ കൗണ്ടറുകൾ കേട്ട് പൊട്ടിച്ചിരിച്ച 90 കിഡ്സിന്‍റെ ഓര്‍മകളായിരുന്നു ആ കമന്‍റുകൾ. 'അട്ടഹസിക്കുന്നോടാ ദുഷ്ട.... അത്തള പുത്തള ബുട്ടാ, വെടിവെക്കുന്നു .മരിച്ചു വീഴുന്നു .അയ്യോ വെടി വെച്ചിട്ട് നീ തന്നെ മരിച്ചു വീഴുന്നോ' ഒരു കാലത്ത് കാത്തുകാത്തിരുന്ന് സിഡി ഇട്ട് കണ്ട കോമഡി ഷോകളിലൂടെ ഡയലോഗുകൾ അങ്ങനെയങ്ങ് മറക്കാൻ പറ്റുമോ. ടൈം മെഷീൻ, കൊച്ചിൻ ഗിന്നസ് യുഎസ്എ, സൂപ്പര്‍ കോമഡി ഷോ...ഇപ്പോഴും ഈ സ്റ്റേജ് ഷോകളുടെ വീഡിയോ യുട്യൂബിൽ തേടിപ്പിടിച്ച് കാണുന്നവരുണ്ട്. ജപ്പാനും ചൈനയുമൊഴികെ ഒട്ടുമിക്ക രാജ്യങ്ങളിലും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട് മനോജ്. ചെറുതും വലുതുമായ വേഷങ്ങളിലൂടെ ബിഗ് സ്ക്രീനിലും സജീവമായ മനോജ് ഗിന്നസ് ഇപ്പോൾ ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. കലാജീവിതത്തെക്കുറിച്ച് മനോജ് മീഡിയവൺ ഓൺലൈനിനോട് സംസാരിക്കുന്നു.
90കളിലെ പാട്ടുകളും സിനിമകളും പോലെ 90 കിഡ്‍സിന്‍റെ നൊസ്റ്റാൾജിയയുടെ ഭാഗമാണ് മനോജ് ഗിന്നസിന്‍റെ കോമഡിയും. സോഷ്യൽമീഡിയയിൽ വരുന്ന കമന്‍റുകൾ ശ്രദ്ധിക്കാറുണ്ടോ?
ഏകദേശം പത്തിരുപത് വര്‍ഷം മുൻപുള്ള പ്രോഗ്രാമുകളുടെ വീഡിയോകളാണ് ഇപ്പോൾ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമൊക്കെ കാണുന്നത്. ആ പ്രായത്തിൽ അത് കണ്ട് ആസ്വദിച്ചവര്‍ വളരെ നല്ല അഭിപ്രായം പറയുകയും എന്നാൽ ഇപ്പോഴത്തെ തലമുറയിലെ ചിലയാളുകൾക്ക് അതിന്‍റെ ഔട്ട്പുട്ട് മനസിലാകാത്തതുകൊണ്ട് അയ്യേ ഇതെന്ത് കോമഡി എന്നും പറയുന്നുണ്ട്. അന്നത് എല്ലാവരും ഏറ്റെടുത്തതായിരുന്നു. അന്ന് വേറെ പ്രോഗ്രാമുകൾ അധികം ഇല്ലാത്തതുകൊണ്ട് വിജയമായിരുന്നു, ആളുകൾ ആസ്വദിച്ചിരുന്നു.
ഇന്ന് ഒരുപാട് മാധ്യമങ്ങൾ വന്നതുകൊണ്ടും ഒരുപാട് കോമഡി പരിപാടികൾ ഉള്ളതുകൊണ്ടും തന്നെ പുതുതലമുറയിലെ ഒരു വിഭാഗത്തിന് ഇത് ദഹിക്കാറില്ല. വര്‍ഷങ്ങൾക്ക് മുൻപ് ഞങ്ങളുടെ കോമഡി ഷോകൾ കണ്ട് ആസ്വദിച്ച് ചിരിച്ചവരൊക്കെ ലൊക്കേഷനിൽ ചെല്ലുമ്പോൾ അസിസ്റ്റന്‍റുമാരായും അസോസിയേറ്റുമാരായും കാണുമ്പോൾ 'ചേട്ടന്‍റെ ആ സ്കിറ്റാണ് ഞാൻ കളിച്ചുതുടങ്ങിയത്' എന്നൊക്കെ പറഞ്ഞ് എന്‍റടുത്ത് വരാറുണ്ട്. ആ പരിപാടികൾ കണ്ട് അനുകരിച്ച ഒരുപാട് മിമിക്രി കലാകാരൻമാര്‍ ഇന്നുണ്ട്.
കാസറ്റ് കടകളിൽ ടൈം മെഷീൻ പോലുള്ള ഞങ്ങളുടെ കോമഡി ഷോകളുടെ കാസറ്റുകൾക്കായി ആളുകൾ കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. ഈ കാസറ്റുകൾ കൊണ്ടുപോയി കോപ്പി ചെയ്ത് ശേഷം അത് വിറ്റവരുണ്ട്. ഗൾഫിൽ നിന്നും വരുന്നവര്‍ ഇതിന്‍റെ കാസറ്റ് ഒരെണ്ണം ബാഗിൽ വയ്ക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്.
ഉണ്ണി എസ്. നായരുമായിട്ടുള്ള കോമ്പോ ഹിറ്റായിരുന്നല്ലോ?
എറണാകുളം ജില്ലയിലെ കരിമുകളാണ് എന്‍റെയും ഉണ്ണിയുടെയും നാട്. ഞങ്ങളൊരുമിച്ചാണ് പരിപാടികൾ അവതരിപ്പിച്ചുകൊണ്ടിരുന്നത്. കൊണ്ടും കൊടുത്തും പരസ്പരം സഹകരിച്ച് നല്ലൊരു ടൈമിംഗുണ്ടായാൽ മാത്രമേ ആ പ്രോഗ്രാം വിജയമാവുകയുള്ളൂ. ഒറ്റക്ക് നിന്ന് പെര്‍ഫോം ചെയ്യുക റിസ്കാണ്. ഞങ്ങൾ രണ്ടുപേരും നല്ല കോമ്പോ ആയിരുന്നു. കുഞ്ഞുനാള് മുതലേ ഞങ്ങൾ രണ്ടുപേരും നാട്ടിലെ ചെറിയ ക്ലബുകളിലൂടെ പരിപാടികൾ അവതരിപ്പിച്ചാണ് കൊച്ചിൻ സെഞ്ചുറി എന്ന ട്രൂപ്പിലെത്തുന്നത്. അവിടെ ഒരു അഞ്ചാറ് വര്‍ഷമുണ്ടായിരുന്നു. പിന്നീടാണ് കൊച്ചിൻ ഗിന്നസിലെത്തുന്നത്. ഗിന്നസിൽ ഏഴ് വര്‍ഷമുണ്ടായിരുന്നു. ഓരോ കലാകാരൻമാരും പെര്‍ഫോം ചെയ്ത് തിളങ്ങി പിന്നെ ഇന്‍ഡിവിജ്വലാകും. ആളുകൾ തിരിച്ചറിയാൻ തുടങ്ങുമ്പോൾ ഒരു സ്ഥാപനത്തിൽ നിൽക്കാതെ സ്വന്തമായി എല്ലാവര്‍ക്കും പ്രോഗ്രോമുകൾ വരാൻ തുടങ്ങും. അപ്പോൾ കുറച്ചുപേരെ കൂടെക്കൂട്ടി സ്വന്തമായി ട്രൂപ്പ് തുടങ്ങും. അങ്ങനെ ഞാനും ഗിന്നസിൽ നിന്നിറങ്ങി കൊച്ചിൻ നവോദയ എന്ന ട്രൂപ്പ് തുടങ്ങി.
കൊച്ചിൻ നവോദയയിലൂടെ സാജു നവോദയ, ബിനു അടിമാലി ഉൾപ്പെടെ ഏകദേശം നാൽപതോളം കലാകാരൻമാര്‍ സിനിമയിലെത്തിയിട്ടുണ്ട്. ഉണ്ണിയും ഞാനും കൊച്ചിൻ ഗിന്നസ് വരെ ഒരുമിച്ചുണ്ടായിരുന്നു. പിന്നീടാണ് സ്വന്തം നിലക്ക് പ്രോഗ്രോമുകൾ എടുക്കാൻ തുടങ്ങിയത്. പഴയ ടീം ഗംഭീര ടീം ആയിരുന്നു. ഒരുമിച്ചുള്ള യാത്രയും പങ്കുവയ്ക്കലുമെല്ലാം മറക്കാൻ സാധിക്കില്ല. ഇന്ന് ആര്‍ക്കും ആരോടും കമ്മിറ്റ്മെന്‍റില്ല. അന്നത്തെ പോലെയല്ല ഇന്ന് എല്ലാവരുടെയും കയ്യിൽ പണമുണ്ട്.
ചോക്ലേറ്റ് സിനിമാ ലൊക്കേഷനിലുണ്ടായ ദുരനുഭവത്തെ തുടര്‍ന്നാണോ ഇനി സിനിമയിലേക്കില്ലെന്ന് തീരുമാനിച്ചത്?
സത്യം പറഞ്ഞാൽ ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല. മനോജ് ഗിന്നസ് ഇനി സിനിമയിലേക്കില്ല എന്നാണ് ആ ചാനൽ ടൈറ്റിൽ കൊടുത്തത്. ആ വീഡിയോയുടെ താഴെ ഒരുപാട് കമന്‍റുകൾ കണ്ടിരുന്നു. അയ്യോ ഞങ്ങൾക്ക് എത്ര ഓസ്കാറാണ് നഷ്ടപ്പെട്ടത് എന്നൊക്കെ. സത്യത്തിൽ ഞാനങ്ങനെ ഒരു വാക്ക് പറഞ്ഞിട്ടില്ല. ആ സിനിമയിൽ ഉണ്ടാകില്ല എന്നാണ് പറഞ്ഞത്.
ചാക്യാര്‍കൂത്ത് വേഷത്തിലേക്കാണ് അവരെന്നെ വിളിച്ചത്. ആ സമയത്ത് ഞാൻ കോമഡി ഷോകളിൽ അവതരിപ്പിച്ചിരുന്ന ഓട്ടൻതുള്ളൽ ഗൾഫിലും മലയാളികൾക്കിടയിലും ഹിറ്റായിരുന്നു. ഓട്ടൻതുള്ളലാണെന്ന് കരുതിയാണ് ചോക്ലേറ്റിലേക്ക് വിളിക്കുന്നത്. ചാക്യാര്‍കൂത്ത് അറിയില്ലെന്ന് അപ്പഴേ ഞാൻ പറഞ്ഞിരുന്നു. അതൊന്നും സാരമില്ല, നിനക്ക് ചെയ്യാൻ പറ്റും എന്നും പറഞ്ഞാണ് എന്നെ സമ്മതിപ്പിച്ചത്. അങ്ങനെ സെറ്റിലെത്തി. രാവിലെ 7 മണിക്കാണ് മേക്കപ്പിട്ടത്. 12 മണി വരെ കാത്തുനിന്നിട്ടും ഷോട്ടെടുക്കാൻ ആരും വിളിക്കുന്നില്ല. ഒടുവിൽ നാല് മണി വരെ ഈ ഇരിപ്പ് തുടര്‍ന്നു. ഇങ്ങനെ ഇരുന്നിട്ട് കാര്യമില്ലെന്ന് മനസിലായതോടെയാണ് വേഷം അഴിച്ച് തിരികെ റൂമിലേക്ക് പോയത്. അന്ന് രാത്രി 12 മണിക്ക് വീണ്ടും ലൊക്കേഷനിൽ നിന്നും വിളിച്ചു. ഇനി ഞാൻ വരില്ലെന്ന് അവരോട് ഉറപ്പിച്ചു പറഞ്ഞു. ആ വാക്കാണ് മനോജ് ഗിന്നസ് ഇനി സിനിമയിലേക്കില്ലെന്ന രീതിയിൽ പ്രചരിച്ചത്. അല്ലാതെ സിനിമ ഉപേക്ഷിച്ചതൊന്നുമല്ല. ഏതൊരു കലാകാരന്‍റെയും ലക്ഷ്യം സിനിമയല്ലേ. ആ സംഭവത്തിന് ശേഷം ഏകദേശം 15 സിനിമകളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്.
വി.എസിനെ അനുകരിച്ചതിനെക്കുറിച്ച്?
എനിക്ക് വി.എസ് അച്യുതാനന്ദന്‍റെ ഛായ ഉണ്ടെന്ന് നടൻ സലിംകുമാറാണ് എന്നോട് പറയുന്നത് . ഏകദേശം 10 വര്‍ഷത്തോളം ഞാൻ സിനിമയിൽ ഉണ്ടായിരുന്നു. അന്ന് എന്‍റെ കേരളം എന്നൊരു കോമഡി പരിപാടി അവതരിപ്പിക്കുന്ന സമയം . സലിം കുമാറ് മേക്കപ്പ് ചെയ്യുന്നു ഓപ്പോസിറ്റ് ഞാനിരിക്കുന്നു. അപ്പോഴാണ് ഈ അഭിപ്രായം പറയുന്നത്. അന്ന് കെ.കരുണാകരനും നായനാരുമായിരുന്നു ഹിറ്റ്. നീ ആ കേരളശബ്ദമൊന്ന് നോക്കിയേ..അതിൽ വിഎസുണ്ട് എന്ന് സലിം കുമാര്‍. നോക്കിയപ്പോൾ ശരിയാ എനിക്ക് ചെറിയൊരു ഛായയുണ്ട്. അങ്ങനെയാണ് നന്നായി വെളിച്ചെണ്ണ തേച്ച് മുടി പിന്നിലോട്ട് ചീകി ഒരു ജുബ്ബയും കണ്ണടയും വാങ്ങി വിഎസ് ആകുന്നത്. അത് ഹിറ്റായി. മതികെട്ടാൻ മല കയറുന്നതൊക്കെ സിനിമാലയിൽ അവതരിപ്പിച്ചിട്ടുണ്ട്.
അങ്ങനെ ഒരു ദിവസം വി.എസിനെ നേരിട്ട് കാണാൻ സാധിച്ചു. . എന്നെ അനുകരിക്കുന്നതിന് താങ്കൾക്ക് എന്തുകിട്ടുമെന്ന് അദ്ദേഹം ചോദിച്ചു. 3000 കിട്ടുമെന്ന് ഞാൻ പറഞ്ഞപ്പോൾ എനിക്ക് അത്രേം വിലയുള്ളോ എന്ന് തമാശയായി പറഞ്ഞു. മലയാളികൾ ഉള്ളിടത്തെല്ലാം ലോകം മൊത്തം ഈ വിഎസിനെ കൊണ്ട് ഞാൻ പോയി. വി.എസിന്‍റെ വേഷം ഒരുപാട് കയ്യടികൾ നേടിത്തന്നിട്ടുണ്ട്.
മിമിക്രി ഒരു പ്രൊഫഷനാക്കിയതിന് ശേഷം ഏകദേശം 18 വയസ് മുതൽ വിദേശരാജ്യങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. 195 പ്രാവശ്യം ഇന്ത്യക്ക് വെളിയിൽ പരിപാടികൾ ചെയ്തിട്ടുണ്ട്. അമേരിക്കയിൽ പത്ത് തവണ പോയിട്ടുണ്ട്. ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ മാത്രമാണ് പോകാത്തത്. ബാക്കി മിക്ക രാജ്യങ്ങളിലും പ്രോഗ്രാം ചെയ്തിട്ടുണ്ട്. വരുന്ന സെപ്തംബറിൽ വീണ്ടും അമേരിക്കക്ക് പോകുന്നുണ്ട്.
പഴയകാലത്തെ അപേക്ഷിച്ച് മലയാളികളുടെ ആസ്വാദന രീതിക്ക് മാറ്റം വന്നിട്ടുണ്ടോ?
കോവിഡിന് ശേഷം ആസ്വാദനരീതിക്ക് മാറ്റം വന്നിട്ടുണ്ട്. അമ്പലപ്പറമ്പിലും ഓഡിറ്റോറിയങ്ങളിലും ഷോ കാണാൻ വരുന്നത് കുറഞ്ഞു. പണ്ട് ഇത്തരം തമാശകൾ നൂറ് ശതമാനവും ആസ്വദിച്ചിരുന്ന ആളുകളുണ്ടായിരുന്നു. എന്നാൽ ഇന്ന് യുവാക്കളിലേക്ക് അത് എത്തുന്നില്ല. നമ്മൾ എന്താണോ ഉദ്ദേശിക്കുന്നത് അത് അവരിലേക്ക് എത്തുന്നില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അവര് പറയുന്ന തമാശകൾ നമുക്കും മനസിലാകുന്നില്ല. എന്‍റെ ട്രൂപ്പില് ഡാൻസ് കളിക്കുന്നതെല്ലാം ചെറിയ പിള്ളാരാണ്. ഈയിടെ ഒരു സിനിമ കണ്ടിട്ട് അവര്‍ പൊട്ടിച്ചിരിക്കുന്നുണ്ട്. എന്നാൽ കൂടെയുള്ള മുതിര്‍ന്നവര്‍ക്കാണെങ്കിൽ ഒരു ഭാവവ്യത്യാസവുമില്ല. കാരണം ചിരിക്കാനുള്ള ഒന്നും ആ സിനിമയിൽ ഉണ്ടായിരുന്നില്ല. അത്തരത്തിൽ ആസ്വാദന രീതിയിൽ മാറ്റമുണ്ടായിട്ടുണ്ട്. നമ്മള് ഉദ്ദേശിക്കുന്നതിനല്ല പിള്ളേര് ചിരിക്കുന്നത്.
തമാശകൾ ഓവറായി. എന്നാൽ ഇതിനിടയിൽ എത്ര മനോഹരമായിട്ടാണ് ചില കുട്ടികൾ കോമഡികൾ ചെയ്യുന്നത്. ലോകത്ത് എവിടെ നിന്നുള്ള കോമഡികളും എല്ലാവരും കാണാൻ തുടങ്ങി. നിലവാരം മനസിലാക്കി തുടങ്ങി. ആര്‍ടിസ്റ്റുകൾ ശ്രദ്ധിക്കണമെന്നാണ് ഞാൻ പറയുന്നത്. കലാകാരൻമാര്‍ അവരുടെ പ്രോഗ്രാമുകളിൽ അപ്ഡേഷൻ ഉണ്ടാക്കണം. ഇന്ന് ദിവസവും മൂന്ന് പരിപാടികളൊക്കെ അവതരിപ്പിക്കേണ്ട സാഹചര്യമാണ്. മുൻപ് അങ്ങനെയായിരുന്നില്ല. ഒരു മാസം കുത്തിയിരുന്ന് സ്ക്രിപ്റ്റ് എഴുതി റിഹേഴ്സൽ ചെയ്താണ് പരിപാടികൾ അവതരിപ്പിരുന്നത്. അതുകൊണ്ടാണ് ആളുകൾ ഇന്നും അതോര്‍ക്കുന്നത്. ഇന്ന് ചാനലുകളിൽ അവതരിപ്പിക്കുമ്പോൾ വേണ്ടത്ര സമയം കിട്ടുന്നില്ല. ചിലപ്പോൾ നിലവാരം കുറയാറുണ്ട്. എന്നാൽ ഇതിനിടയിൽ നല്ല ഷോകളും ഉണ്ടാകാറുണ്ട്.
പണ്ട് നമ്മൾ ഒരു ജുബ്ബയിട്ട് അതിന്‍റെ മുകളിൽ ഒരു ഷാൾ ധരിച്ചാൽ പെണ്ണായി സ്റ്റേജിൽ പെര്‍ഫോം ചെയ്യാൻ പറ്റും. കാലം മാറിയപ്പോൾ പഴയതു പോലെ ഇതാ നിങ്ങളെ ഞാനൊരു ഹോസ്പിറ്റിലേക്ക് ക്ഷണിക്കുകയാണെന്ന് പറഞ്ഞ് നാല് മൈക്കും കസേരയും വച്ചാൽ പരിപാടി അവതരിപ്പിക്കാൻ സാധിക്കില്ല. ഇന്ന് ഒരു സ്റ്റാൻഡപ്പ് സ്റ്റൈലിലേക്ക് പ്രോഗ്രാം മാറി. പഴയതുപോലെ വലിയ കോമഡിയൊന്നും പറഞ്ഞില്ലേലും മീഡിയം ലെവലിലുള്ള ഇപ്പോൾ പിഷാരടിയൊക്കെ ചെയ്യുന്നതുപോലുള്ള ഷോകൾക്കാണ് സാധ്യത. യൂത്തിനും അതിനോടാണ് താൽപര്യം. എന്നാൽ ഈ സ്റ്റാൻഡപ്പുകൾ പള്ളിപ്പറമ്പിലോ അമ്പലപ്പറമ്പിലോ ഒന്നും പോകില്ല കേട്ടോ.
ഗൾഫ് രാജ്യങ്ങളിലൊക്കെ സ്റ്റേജ് ഷോകൾക്ക് വലിയ സ്വീകരണം ലഭിക്കാറുണ്ട്. ഗൾഫ് മലയാളികളെ സംബന്ധിച്ചിടത്തോളം സിഡികളിലൂടെയാണ് അവരെ ഞങ്ങള് കണ്ടിട്ടുള്ളത്. ക്യാമ്പിൽ നിന്നുള്ള ആളുകളൊക്കെയാണ് ഷോ കാണാനെത്തുന്നത്. വലിയ വലിയ താരങ്ങളുടെ ഷോയൊന്നും ഇവര്‍ക്ക് കാണാൻ സാധിക്കില്ല. ഞങ്ങളെപ്പോലുള്ള കുഞ്ഞ് കലാകാരൻമാരെ കാണുന്നത് അവര്‍ക്ക് സന്തോഷമാണ്. നന്നായി പ്രോത്സാഹിപ്പിക്കും. നമ്മള് പണ്ട് എല്ലാ സിനിമയും കാണുമായിരുന്നു. ഇന്ന് സെലക്ട് ചെയ്തല്ലേ കാണുന്നത്. അങ്ങനെ എല്ലാവരുടെയും ആസ്വാദനരീതിയിൽ മാറ്റം വന്നിട്ടുണ്ട്.
കോമഡി പരിപാടികളുടെ നിലവാരം കുറയുന്നുണ്ടോ?
മിമിക്രിയിൽ ബോഡി ഷേമിംഗ് പണ്ടും ഉണ്ടായിരുന്നു. പക്ഷെ അന്ന് അതത്ര പ്രശ്നമായിരുന്നില്ല. പണ്ടും നമ്മൾ ഒരാളെ കളിയാക്കിക്കൊണ്ടുള്ള തമാശകളായിരുന്നു ചെയ്തിരുന്നു. മിമിക്രി എന്ന് പറയുന്നത് ശബ്ദാനുകരണമാണ്. പൂച്ച എന്നും പൂച്ച തന്നെയാണ് പുതിയ പൂച്ചയെ കാണിക്കാൻ പറഞ്ഞാൽ സാധിക്കില്ല. ഡ്രില്ലിംഗ് മെഷീൻ, മോട്ടാര്‍, പുതിയ വണ്ടികളുടെ ശബ്ദങ്ങൾ എന്നിവ ഇപ്പോൾ മിമിക്രിയിൽ പുതിയതായി അവതരിപ്പിക്കപ്പെടുന്നുണ്ടല്ലോ . ഇന്ന് മിമിക്രിയിൽ ബെസ്റ്റ് മഹേഷ് കുഞ്ഞുമോനാണ്. അദ്ദേഹം വളരെ പെര്‍ഫെക്ടായിട്ടാണ് പോപ്പുലറായിട്ടുള്ള ആളുകളുടെ ശബ്ദം അനുകരിക്കുന്നത്.
ഇപ്പോൾ മിമിക്രിയിൽ സിനിമയിലെത്തുന്നവര്‍ കുറവാണ്. ഇൻസ്റ്റയിലും മറ്റും കൂടുതൽ ഫോളോവേഴ്സുള്ള വൈറലായ ആളുകളെ നോക്കിയാണ് സിനിമയിലെടുക്കുന്നത്. പെണ്ണ് കേസ് എന്ന സിനിമ നോക്കൂ, ആ ചിത്രത്തിൽ എല്ലാം യുട്യൂബേഴ്സാണ്. പണ്ടൊക്കെ അഭിനയിക്കാൻ കഴിവുള്ളവരെ നോക്കിയാണ് സിനിമയിൽ എടുക്കുന്നത്. ഇന്ന് ഫോളോവേഴ്സുള്ള ഉള്ളവരെ കഥാപാത്രങ്ങൾക്ക് ചേര്‍ന്നതല്ലെങ്കിലും കുത്തിക്കയറ്റുകയാണ്.
ഇപ്പോൾ പഴയതുപോലെ കുത്തിയിരുന്ന് സ്ക്രിപ്റ്റ് എഴുതുക, സ്റ്റേജിൽ പെര്‍ഫോം ചെയ്യുക ഒന്നുമില്ല. കാരണം ഇന്നിത് പെര്‍ഫോം ചെയ്താൽ ഒരു പത്ത് പേര് മുന്നിൽ ക്യാമറയും പിടിച്ച് ഇരിക്കുന്നുണ്ടാകും. ഇത് റീൽസായി പുറത്തുവരുമ്പോൾ അതിന് നല്ല വ്യൂസ് ഉണ്ടാകും. നല്ല കയ്യടിയും കിട്ടും. എന്നാൽ ഒറിജിനലായി ചെയ്തവര്‍ക്ക് ഒരു കയ്യടിയുമുണ്ടാകില്ല. അതുകൊണ്ട് ഒരു ചാനൽ തുടങ്ങിയിട്ട് അതിൽ പെര്‍ഫോം ചെയ്യുകയാണ് ഏറ്റവും നല്ലത്. എല്ലാ ആര്‍ടിസ്റ്റുകളോടും ഞാനിത് പറയാറുണ്ട്. 90കളിൽ ഒരുപാട് പേരെ ചിരിപ്പിച്ച നിരവധി കലാകാരൻമാര്‍ ഒരു ജോലിയുമില്ലാതെ വീട്ടിലിരിക്കുകയാണ്. നിരവധി പേര്‍ ഫീൽഡ് വിട്ട് ബുദ്ധിമുട്ടുകയാണ്. സ്റ്റേജിലും ടിവിയിലും അവസരങ്ങളില്ല. കഴിവില്ലാഞ്ഞിട്ടല്ല, അവസരങ്ങളില്ലാത്തതുകൊണ്ടാണ്. തങ്കച്ചൻ വിതുരയെ നോക്കൂ ഇപ്പോൾ അദ്ദേഹത്തെ കാണാനേയില്ല. ഞാൻ ബഡായി ബംഗ്ലാവിൽ 500 കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. കഴിവുണ്ടായിട്ട് കാര്യമില്ല, നമുക്ക് ഷോ തരാൻ കൺവിൻസ് ചെയ്യേണ്ടിയിരിക്കുന്നു. മാര്‍ക്കറ്റ് മാറി. ഷോകൾ പര്‍ച്ചേസ് ചെയ്തോണ്ടിരിക്കുകയാണ്. മുൻപ് നമ്മുടെ പ്രോഗ്രോം കണ്ട് നേരിട്ട് വിളിക്കുകയായിരുന്നു. പുതിയ ആളുകളെ കുറ്റം പറയുന്നതല്ല.
സിനിമകളിൽ അധികം കാണാറില്ലല്ലോ..അവസരങ്ങൾ തേടിപ്പോകാത്തതാണോ?
നാല് സിനിമ റിലീസാകാനുണ്ട്. അവസരങ്ങൾ തേടിപ്പോകാറില്ല. ഈഗോ കൊണ്ടല്ല. വേഷമുണ്ടോ എന്ന് ചോദിക്കുമ്പോൾ ഇല്ലാ എന്ന് കേൾക്കുമ്പോൾ സങ്കടമാകും. എനിക്ക് എന്‍റെ അടുത്ത സുഹൃത്തുക്കളോട് എന്തെങ്കിലും ചോദിച്ചിട്ട് ഇല്ലാ എന്ന മറുപടി കേൾക്കാൻ ഇഷ്ടമില്ല. പണ്ട് വിചാരിച്ചിരുന്നത് കോമഡിയൊക്കെ നന്നായി ചെയ്യുന്നതുകൊണ്ട് ഇങ്ങോട്ട് വിളിച്ച് റോൾ തരുമെന്നായിരുന്നു. പിന്നീട് മനസിലായി അങ്ങനെ അവസരം കിട്ടില്ലെന്ന്. കഴിവല്ല, നമ്മൾ നേരിട്ട് അവസരം ചോദിക്കണമെന്ന്. കാരണം അന്ന് എന്‍റെ കൂടെ സ്റ്റേജിൽ അനൗൺസ്മെന്‍റ് ചെയ്തവര്‍ക്ക് പോലും സിനിമാതാരങ്ങളാണ് ഇന്ന്. അവരന്നും സിനിമയുടെ പിറകെ നടന്നു. അതുകൊണ്ട് അവസരങ്ങൾ കിട്ടി.
സീരിയസ് വേഷങ്ങൾ ചെയ്യാനാണ് ഇഷ്ടം. എനിക്ക് ക്യാരക്ടര്‍ റോളുകൾ ചെയ്യാൻ പറ്റും. വില്ലൻ വേഷങ്ങൾ ചെയ്യാൻ പറ്റുമെന്നും വിശ്വാസമുണ്ട്. തമിഴിൽ ധനുഷിന്‍റെ അച്ഛനൊപ്പം ഒരു സിനിമ ചെയ്തിരുന്നു. ചേട്ടനും അനിയനുമായിട്ട് .20 ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്നു. അതിനിടയിൽ പാൻക്രിയാസ് ഇൻഫക്ഷൻ വന്ന് 45 ദിവസം ആശുപത്രിയിലായിരുന്നു. അങ്ങനെ ആ പടത്തിൽ നിന്നും മാറേണ്ടി വന്നു. 20 ദിവസം ഷൂട്ട് കഴിഞ്ഞതായിരുന്നു. നല്ലൊരു ക്യാരക്ടറായിരുന്നു അതിൽ . വി.കെ പ്രകാശിന്‍റെ 'ബാംഗ്ലൂര്‍ ഹൈ' എന്ന ചിത്രത്തിൽ സിരീസായ പൊലീസുകാരന്‍റെ വേഷമാണ്. ടൊവിനോ-ബേസിൽ ചിത്രം അതിരടിയിൽ നല്ലൊരു കഥാപാത്രത്തെ ലഭിച്ചു. ശ്രീനാഥ് ഭാസിയുടെ 'സിബിൽ സ്കോർ' എന്ന സിനിമയിൽ സൈബൽ പൊലീസ് ഓഫീസറാണ്. ഗോകുൽ സുരേഷിനൊപ്പം അഭിനയിച്ച അമ്പലമുക്കിലെ വിശേഷങ്ങൾ എന്ന സിനിമയും റിലീസ് ചെയ്യാനുണ്ട്. ഒരു സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. പ്രാരംഭ ജോലികളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്.
Adjust Story Font
16

