Quantcast

'അതൊരു ഡ്രാമയാണ്, എന്‍റെ മുൻ സിനിമകളിൽ നിന്ന് മാറിയുള്ള സ്റ്റൈൽ'; മോഹൻലാൽ ചിത്രത്തെക്കുറിച്ച് ദിലീഷ് പോത്തൻ

ഇപ്പോൾ ഞാനൊരു ഐഡിയയിൽ വർക്ക് ചെയ്യുകയാണ്. അതിന്‍റെ പ്ലോട്ടും കേട്ടപ്പോൾ നല്ലതായി തോന്നി

MediaOne Logo

Web Desk

  • Published:

    3 Jun 2026 2:35 PM IST

അതൊരു ഡ്രാമയാണ്, എന്‍റെ മുൻ സിനിമകളിൽ നിന്ന് മാറിയുള്ള സ്റ്റൈൽ; മോഹൻലാൽ ചിത്രത്തെക്കുറിച്ച് ദിലീഷ് പോത്തൻ
X

കൊച്ചി: മലയാള സിനിമയിൽ തന്‍റേതായ റിയലിസ്റ്റിക് സിനിമാ ശൈലി തെളിയിച്ച സംവിധായകനാണ് ദിലീഷ് പോത്തൻ. സിനിമയിലെ 'പോത്തേട്ടൻസ് ബ്രില്ല്യൻസ്' വലിയ തോതിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും,ജോജി കേവലം മൂന്ന് സിനിമകൾ കൊണ്ട് തന്നെ സമകാലിക മലയാള സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായി മാറാൻ അദ്ദേഹത്തിന് സാധിച്ചു.

ഒരിടവേളക്ക് ശേഷം വീണ്ടും സംവിധാനത്തിൽ സജീവമാവുകയാണ് ദീലീഷ്. അതും മോഹൻലാലിനൊപ്പം. ഈ കൂട്ടുകെട്ട് ആദ്യമായി ഒരുമിക്കുമ്പോൾ ആരാധകരുടെ പ്രതീക്ഷകൾ വാനോളമാണ്. ബാബു രാമചന്ദ്രന് നല്‍കിയ അഭിമുഖത്തില്‍ തന്‍റെ പുതിയ ചിത്രത്തെക്കുറിച്ച് അദ്ദേഹം വാചാലനായി.

''ഇപ്പോൾ ഞാനൊരു ഐഡിയയിൽ വർക്ക് ചെയ്യുകയാണ്. അതിന്‍റെ പ്ലോട്ടും കേട്ടപ്പോൾ നല്ലതായി തോന്നി. എന്‍റെ സിനിമകൾ എപ്പോഴും പ്ലോട്ട് ഭയങ്കര എക്സൈറ്റിഗും എന്നാൽ അതിൽ ഒരുപാട് വെല്ലുവിളികളും ഉള്ളതാകും. ഈ സിനിമയും എനിക്ക് അങ്ങനെയാണ് തോന്നുന്നത്. ഞാൻ ആ വെല്ലുവിളികളെ തരണം ചെയ്യാനുള്ള എഴുത്ത്, പ്രീ-പ്രൊഡക്ഷൻ പരിപാടികളിലാണ്. പോൾസണും ശ്യാം പുഷ്കരനും ചേർന്നാണ് തിരക്കഥ എഴുതുന്നത്. ഏകദേശം തിരക്കഥയുടെ ഫസ്റ്റ് ഡ്രാഫ്റ്റ് പൂർത്തിയായിട്ടുണ്ട്. അതൊരു ഡ്രാമയാണ്. എന്‍റെ മുൻ സിനിമകളിൽ നിന്ന് മാറിയുള്ള ഒരു സ്റ്റൈൽ സിനിമയാകും ഇത്. കുറച്ചുകൂടി ഡ്രാമയുണ്ടാകും'', ദിലീഷ് പോത്തൻ പറഞ്ഞു.

ഫഹദ് ഫാസിലുമായുള്ള സൗഹൃദത്തെക്കുറിച്ചും ദിലീഷ് പോത്തൻ അഭിമുഖത്തിൽ പറഞ്ഞു. തന്‍റെ ജീവിതം തന്നെ മാറ്റി മറിച്ച സൗഹൃദങ്ങളിലൊന്നാണ് ഫഹദുമായുള്ളതെന്നാണ് ദിലീഷ് പോത്തന്‍ പറയുന്നത്. ആഷിഖ് അബു ഒരുക്കിയ 22 ഫീമെയില്‍ കോട്ടയത്തിന്റെ നരേഷന്റെ സമയത്താണ് ദിലീഷും ഫഹദും പരിചയപ്പെടുന്നത്. ആ സമയത്ത് ആഷിഖ് അബുവിന്റെ സംവിധാന സഹായിയായിരുന്നു ദീലീഷ് പോത്തന്‍.

''22 ഫീമെയില്‍ കോട്ടയത്തിന്റെ നരേഷന്റെ സമയത്താണ് ഫഹദ് ഫാസിലിനെ പരിചയപ്പെടുന്നത്. അത് എന്റെ ജീവിതത്തില്‍ ഒരുപാട് വലിയ മാറ്റങ്ങള്‍ക്ക് കാരണമായ സൗഹൃദമായി മാറുകയായിരുന്നു പിന്നീട്. ചാപ്പ കുരിശൊക്കെ കണ്ടപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ പ്രകടനത്തില്‍ പ്രതീക്ഷ തോന്നിയിരുന്നു. 22 തുടങ്ങി കുറച്ച് കഴിഞ്ഞപ്പോഴേക്കും പതുക്കെ പതുക്കെ ഫഹദ് ഓരോ സീനുകളെ സമീപിക്കുന്നത് ഓരോ സീനുകളെ കാണുന്നതുമൊക്കെ നമ്മള്‍ അടുത്തു നിന്ന് കാണുകയാണ്. ഇയാളുടെ അഭിനയശൈലിയും, മീറ്ററും ഭയങ്കര സാധ്യതയുള്ളതാണെന്ന് തോന്നി. അയാളുടെ കാലിബര്‍ ആ സമയത്തേ മനസിലായി'' ദിലീഷ് പറയുന്നു.

''നമ്മള്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് കഥാപാത്രത്തിലാണ്. ഒരു കഥാപാത്രത്തെ കണ്ട്, അയാള്‍ അത് പെര്‍ഫോം ചെയ്ത് കഴിയുമ്പോഴേക്കും നമ്മുടെ മനസില്‍ ആ കഥാപാത്രം കേറും. പിന്നെ വേറൊരാള്‍ ആ കഥാപാത്രം ചെയ്യുന്നത് ആലോചിക്കാന്‍ പറ്റില്ല. എനിക്ക് അങ്ങനെയാണ്. ഫഹദിന് സ്റ്റാര്‍ഡം, ഇമേജ് എന്നതിനെക്കുറിച്ച് ആശങ്കകളില്ല. നടന്‍ എന്ന നിലയില്‍ എല്ലാ വെല്ലുവിളികളേയും ഏറ്റെടുക്കുമെന്നാണ് തോന്നിയിട്ടുള്ളത്. ആക്ടേഴ്‌സില്‍ ഞാന്‍ വര്‍ക്ക് ചെയ്യുന്ന രീതി ഫഹദിന് ഇഷ്ടമായിരുന്നു. മഹേഷ് കഴിഞ്ഞത് എന്നോട് പറഞ്ഞത്, എന്ത് വേഷമാണെങ്കിലും ചെയ്യാന്‍ തയ്യാറാണ്, അതിപ്പോള്‍ സ്ത്രീ വേഷമാണെങ്കിലും ചെയ്യും എന്നാണ്. ആ ധൈര്യത്തിലാണ് അദ്ദേഹത്തെ സമീപിക്കുന്നത്'' ദിലീഷ് കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story