എന്തിനാണ് മോഹൻലാൽ കേസ് കൊടുത്തത്?
വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടതാണ് കേസ്

- Updated:
2026-03-24 05:45:10.0

ഡൽഹി: അനുമതിയില്ലാതെ തന്‍റെ ശബ്ദം, ചിത്രം, സംഭാഷണങ്ങൾ എന്നിവ എഐ വീഡിയോകളിലും പരസ്യങ്ങളിലും ഉപയോഗിക്കുന്നത് തടയണമന്ന് ആവശ്യപ്പെട്ട് നടൻ മോഹൻലാൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത് വാര്‍ത്തയായിരുന്നു. വ്യക്തിത്വ അവകാശങ്ങൾ (Personality Rights) സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടതാണ് കേസ്. ഹരജി ഇന്ന് ഡൽഹി ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് ജ്യോതി സിങ് അധ്യക്ഷയായ ബെഞ്ചാണ് ഈ ഹരജി പരിഗണിക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) ഉപയോഗിച്ച് ശബ്ദം അനുകരിക്കുന്നതോ (Voice Cloning), ഡീപ് ഫേക്ക് വഴി വ്യാജ വീഡിയോകളും ചിത്രങ്ങളും നിർമിച്ച് പ്രചരിപ്പിക്കുന്നതോ തടയണം, കമ്പനികളും സ്ഥാപനങ്ങളും അവരുടെ ബിസിനസ് ആവശ്യങ്ങൾക്കായി ചിത്രങ്ങളും രൂപവും ഉപയോഗിച്ച് വ്യാജ പരസ്യങ്ങൾ നൽകുന്നത് അവസാനിപ്പിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
സമാനമായ രീതിയിൽ മുൻപ് പല പ്രമുഖ താരങ്ങളും വ്യക്തിത്വ അവകാശങ്ങൾക്കായി ഡൽഹി ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയിട്ടുണ്ട്. അമിതാഭ് ബച്ചൻ, അനിൽ കപൂർ, രജനീകാന്ത്, അഭിഷേക് ബച്ചൻ, ഐശ്വര്യ റായി, സൽമാൻ ഖാൻ, ജയ ബച്ചൻ, ഹൃതിക് റോഷൻ,റിഷബ് ഷെട്ടി, അക്കിനേനി നാഗാര്‍ജുന, സൊനാക്ഷി സിൻഹ തുടങ്ങിയ താരങ്ങൾ മുൻപ് ഇത്തരത്തിൽ സംരക്ഷണം നേടിയിട്ടുള്ളവരാണ്. മലയാള സിനിമയിൽ നിന്ന് ഇത്തരമൊരു ആവശ്യവുമായി കോടതിയെ സമീപിക്കുന്ന ആദ്യത്തെ പ്രമുഖ താരം മോഹൻലാലാണ്.
Bollywood legend & Veteran Actor Amitabh Bachchan filed a suit in Delhi High Court seeking protection of his personality rights. Eminent lawyer Harish Salve appearing for him. The matter is underway before Justice Navin Chawla.
— ANI (@ANI) November 25, 2022
(File pic) pic.twitter.com/UlK3IPsh61
2022ലാണ് അമിതാഭ് ബച്ചന് അനുകൂലമായി ഡൽഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. നടന്റെ ചിത്രമോ, ശബ്ദമോ,പേരോ, മറ്റ് സവിശേഷതകളോ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്നായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. 'ഹരജിക്കാരന്‍ അറിയപ്പെടുന്ന വ്യക്തിത്വമാണെന്നും വിവിധ പരസ്യങ്ങളില്‍ പ്രതിനിധാനം ചെയ്യപ്പെട്ടിരുന്നു എന്നതിലും തര്‍ക്കമില്ല. അനുമതിയോ അംഗീകാരമോ ഇല്ലാതെ അദ്ദേഹത്തിന്റെ താരപദവി സ്വന്തം ഉല്‍പ്പന്നങ്ങളുടെ പ്രചാരണത്തിനായി ഉപയോഗിക്കുന്നതില്‍ പരാതിക്കാരന് അതൃപ്തിയുണ്ട്. അതിനാല്‍ തന്നെ പഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുമെന്നാണ് അഭിപ്രായം' കോടതി പറഞ്ഞിരുന്നു.
എന്താണ് വ്യക്തിത്വ അവകാശങ്ങൾ ?
ഒരു വ്യക്തിക്ക് തന്‍റെ പേര്, രൂപം, ശബ്ദം, അല്ലെങ്കിൽ മറ്റ് സവിശേഷതകൾ എന്നിവ മറ്റുള്ളവർ വാണിജ്യപരമായി ഉപയോഗിക്കുന്നത് നിയന്ത്രിക്കാനുള്ള നിയമപരമായ അവകാശമാണിത്.
പ്രത്യേകിച്ച് സിനിമാ താരങ്ങൾ, കായിക താരങ്ങൾ, മറ്റ് പ്രമുഖ വ്യക്തികൾ എന്നിവരുടെ പ്രശസ്തിയും വ്യക്തിത്വവും അനുമതിയില്ലാതെ ചൂഷണം ചെയ്യുന്നത് തടയാനാണ് ഈ അവകാശം ഉപയോഗിക്കുന്നത്.ഒരു വ്യക്തിയെ തിരിച്ചറിയാൻ സഹായിക്കുന്ന എന്തും ഇതിന്‍റെ പരിധിയിൽ വരും. ഒരു പ്രശസ്ത വ്യക്തിയുടെ പേരോ ഒപ്പോ അവരുടെ അനുമതിയില്ലാതെ ബ്രാൻഡിംഗിനോ പരസ്യങ്ങൾക്കോ ഉപയോഗിക്കാൻ കഴിയില്ല.മിമിക്രിയിലൂടെയോ എഐ വഴിയോ ഒരാളുടെ ശബ്ദം വാണിജ്യപരമായി അനുകരിക്കുന്നത് ഇതിൽപ്പെടും.ഫോട്ടോകൾ, കാരിക്കേച്ചറുകൾ, ഫേസ്-മോർഫിംഗ് എന്നിവയും ഉൾപ്പെടുന്നു.
ദൃശ്യം 3 റിലീസ് മാറ്റിവച്ചു
നിയമപരമായ സംഭവവികാസങ്ങൾക്കിടയിൽ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ദൃശ്യം-3യുടെ റിലീസ് മാറ്റിവച്ചു. മോഹൻലാലിന്‍റെ ജൻമദിനമായ മെയ് 21നായിരിക്കും ചിത്രം തിയറ്ററുകളിലെത്തുക. വിഷു- ഈസ്റ്റര്‍ റിലീസായി ഏപ്രില്‍ രണ്ടിന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. റിലീസ് മാറ്റാനുള്ള കാരണം നിര്‍മാതാക്കള്‍ വ്യക്തമാക്കിയിട്ടില്ല.
'ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല അത് കാത്തിരിക്കുക മാത്രമേ ചെയ്യൂ.. ജോര്‍ജുകുട്ടി എത്തുന്നു', സിനിമയുടെ പുതിയ പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചുകൊണ്ട് മോഹന്‍ലാല്‍ കുറിച്ചു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബര്‍ ആദ്യം അവസാനിച്ചിരുന്നു. മോഹന്‍ലാലിനൊപ്പം മീന, എസ്തര്‍ അനില്‍, അന്‍സിബ ഹസ്സന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തും.
Adjust Story Font
16
