'സ്വഭാവികമായും ഞാൻ സ്റ്റൈലിഷാണ്, ബസ് കണ്ടക്ടറായിരിക്കുമ്പോഴാണ് ആ സ്റ്റൈൽ രൂപപ്പെട്ടത്'; രജനികാന്ത്
2018ൽ നടികര്‍ സംഘം സംഘടിപ്പിച്ച പരിപാടിയില്‍ പറഞ്ഞ വാക്കുകളാണ് വീണ്ടും വൈറലായിരിക്കുന്നത്

ചെന്നൈ: 'നീ നടന്താൽ നടയഴക്...നീ സിരിച്ചാൽ സിരിപ്പഴക്' എന്ന് ബാഷ എന്ന ചിത്രത്തിൽ മാണിക്യത്തെ(രജനികാന്ത്) നോക്കി പ്രിയ(നഗ്മ) പാടുന്നുണ്ട്. നായകൻ അടിമുടി അഴകാണെന്നാണ് പാട്ടിൽ മുഴുവൻ പറഞ്ഞുവയ്ക്കുന്നത്. ആ വരികളെ അക്ഷരാര്‍ത്ഥത്തില്‍ ശരിവയ്ക്കുന്നതാണ് രജനികാന്ത് എന്ന നടന്‍റെ സ്റ്റൈൽ. രജനിയുടെ നടത്തത്തിലും കൂളിംഗ് ഗ്ലാസ് വയ്ക്കലിലുമൊക്കെയുള്ള സിഗ്നേച്ചര്‍ സ്റ്റൈലിന് പകരം വയ്ക്കാൻ മറ്റൊന്നുമില്ല. തന്‍റെ ഐക്കോണിക് സ്റ്റൈലിനെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചര്‍ച്ചയാകുന്നത്.
2018ൽ നടികര്‍ സംഘം സംഘടിപ്പിച്ച പരിപാടിയില്‍ പറഞ്ഞ വാക്കുകളാണ് വീണ്ടും വൈറലായിരിക്കുന്നത്. സിനിമയിലേക്ക് കടന്ന ശേഷമാണോ സ്റ്റൈൽ രൂപപ്പെടുത്തിയത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. സ്വാഭാവികമായും താനൊരു സ്റ്റൈലിഷ് വ്യക്തിയാണെന്നും ബസ് കണ്ടക്ടറായി ബെംഗളൂരുവിൽ ചെലവഴിച്ച സമയത്താണ് തൻ്റെ ശൈലി രൂപപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
''അക്കാലത്ത് കർണാടകയിലെ ബസുകളിൽ സ്ത്രീകൾ മുൻ നിരയിലും പുരുഷന്മാർ പിൻ നിരയിലുമാണ് ഇരുന്നിരുന്നത്. കണ്ടക്ടര്‍മാര്‍ സാധാരണയായി മുന്നില്‍ നിന്ന് ടിക്കറ്റ് എടുത്ത് പിറകില്‍ വന്നിരിക്കുമായിരുന്നു. പക്ഷെ ഞാൻ ബസിന്‍റെ മുന്‍ഭാഗത്തെ നിൽക്കുമായിരുന്നു. അന്ന് എനിക്ക് നല്ല മുടിയുണ്ടായിരുന്നു. കാറ്റിൽ മുടിയിഴകൾ പാറിപ്പറക്കുമ്പോള്‍ പിറകിലേക്ക് മുടി കോതിയൊതുക്കുന്നത് എന്‍റെ പതിവായിരുന്നു. പിന്നെ എല്ലാ സ്റ്റോപ്പിലും ഞാൻ ടിക്കറ്റ്, ടിക്കറ്റ്, മുന്നിൽ നിന്ന് തന്നെ പറയും. ഇപ്പോഴും ആ ശൈലി എന്‍റെ ഉള്ളില്‍ തന്നെയുണ്ടെന്ന് എനിക്ക് തോന്നുന്നു'' സ്റ്റൈൽമന്നൻ പറയുന്നു. എങ്ങനെയാണ് കെ.ബാലചന്ദറിന്‍റെ ചിത്രത്തിൽ എൻട്രി ലഭിച്ചതെന്ന ചോദ്യത്തിന് സംവിധായകൻ്റെ കണ്ണിൽ പെട്ടത് തൻ്റെ വേഗതയും സഹജമായ ശൈലിയും ആണെന്ന് അദ്ദേഹം പറഞ്ഞു.
''എന്‍റെ വ്യക്തിത്വത്തിന്‍റെ ഭാഗമായ ഈ സ്റ്റൈൽ വിട്ടുകളയരുതെന്ന് ബാലചന്ദര്‍ സാര്‍ എന്നോട് പറഞ്ഞു. സ്ഥാപിത മാനദണ്ഡങ്ങൾക്കനുസൃതമായി സിനിമാ വ്യവസായം മാറുമെന്ന് പ്രതീക്ഷിക്കുമെന്ന് സംവിധായകൻ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും എന്നാൽ ഒരിക്കലും അതിന് വഴങ്ങരുതെന്ന് ഉപദേശിച്ചുവെന്നും രജനി കൂട്ടിച്ചേർത്തു. ആ ഉപദേശം താനിപ്പോഴും പിന്തുടരുന്നതായും അദ്ദേഹം പറഞ്ഞു.
വേട്ടയ്യനാണ് രജനിയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ലോകേഷ് കനകരാജിന്‍റെ കൂലി, നെൽസണ്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ 2 എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.
Adjust Story Font
16

