കോപ്പിറൈറ്റ് തര്‍ക്കം; ഇളയരാജക്ക് തിരിച്ചടി, 134 പാട്ടുകളിൽ വിലക്കുമായി ഡൽഹി ഹൈക്കോടതി
സിനിമകളുടെ നിർമാതാക്കളിൽ നിന്ന് സരിഗമ നിയമപരമായി പകർപ്പവകാശം വാങ്ങിയിട്ടുള്ള ഗാനങ്ങൾ ഇതിൽ ഉൾപ്പെടുന്നു

- Published:
18 Feb 2026 2:40 PM IST

ഡൽഹി: മ്യൂസിക് ലേബലായ സരിഗമയുമായുള്ള കോപ്പിറൈറ്റ് തര്‍ക്കത്തിൽ സംഗീതസംവിധായകൻ ഇളയരാജക്ക് തിരിച്ചടി. സരിഗമയുടെ പക്കലുള്ള ഗാനങ്ങളും ഈണങ്ങളും അനുമതിയില്ലാതെ ഉപയോഗിക്കുന്നതിൽനിന്ന് ഡൽഹി ഹൈക്കോടതി വിലക്കി. സിനിമകളുടെ നിർമാതാക്കളിൽ നിന്ന് സരിഗമ നിയമപരമായി പകർപ്പവകാശം വാങ്ങിയിട്ടുള്ള ഗാനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
സരിഗമയുടെ ഉടമസ്ഥതയിലുള്ള സിനിമകളിലെ പാട്ടുകൾ ഇളയരാജ തന്‍റെ കൺസർട്ടുകളിലോ മറ്റ് വേദികളിലോ ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ടാണ് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടത്. വിവിധ ഡിജിറ്റൽ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഗാനങ്ങൾ ഇളയരാജ സ്വന്തം പേരിൽ അപ്‌ലോഡ് ചെയ്തതാണ് നിയമനടപടിക്ക് കാരണമായത്. നൂറുകണക്കിന് സിനിമകളിലെ സംഗീതത്തിന്റെ പകർപ്പവകാശം നിർമാതാക്കളിൽ നിന്ന് തങ്ങൾ പണം നൽകി വാങ്ങിയിട്ടുള്ളതാണെന്നും അതിനാൽ ആ പാട്ടുകൾ ഉപയോഗിക്കാൻ ഇളയരാജയ്ക്ക് അവകാശമില്ലെന്നുമാണ് സരിഗമ വാദിച്ചത്.
സരിഗമയുടെ ഉടമസ്ഥതയിലുള്ള സംഗീത സൃഷ്ടികൾ ഡിജിറ്റൽ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിൽ അപ്‌ലോഡ് ചെയ്തു എന്നാണ് ആരോപണം. 1976നും 2001നും ഇടയിൽ വിവിധ സിനിമാ നിർമ്മാതാക്കളുമായി സാരിഗമ ഒപ്പുവെച്ച കരാറുകൾ പ്രകാരം ഈ സംഗീത സൃഷ്ടികളുടെയും അനുബന്ധ സാഹിത്യ, സംഗീത സൃഷ്ടികളുടെയും ലോകമെമ്പാടുമുള്ള ശാശ്വതമായ അവകാശം തങ്ങൾക്കാണെന്ന് കമ്പനി അവകാശപ്പെടുന്നു. ഇളയരാജ ഈ സൃഷ്ടികൾ ഉപയോഗിക്കുകയും അവയുടെ ഉടമസ്ഥാവകാശം അവകാശപ്പെടുകയും ചെയ്തതായി സരിഗമ ആരോപിച്ചു.
Adjust Story Font
16
