Quantcast

'ചത്തിട്ടില്ല മക്കളെ ഞാൻ ചത്തിട്ടില്ല, മരിപ്പിനുള്ള ചായ എവിടെയും കൊടുക്കാറായിട്ടില്ല'; വ്യാജ വാര്‍ത്തകൾക്കെതിരെ നടി ജുവൽ മേരി

2023-ൽ എനിക്കുവന്ന കാൻസറിനെക്കുറിച്ച് ഞാൻ പൊതുപരിപാടിയിൽ പറഞ്ഞിരുന്നു

MediaOne Logo

Web Desk

  • Published:

    4 Jun 2026 10:31 AM IST

ചത്തിട്ടില്ല മക്കളെ ഞാൻ ചത്തിട്ടില്ല, മരിപ്പിനുള്ള ചായ എവിടെയും കൊടുക്കാറായിട്ടില്ല; വ്യാജ വാര്‍ത്തകൾക്കെതിരെ നടി ജുവൽ മേരി
X

കൊച്ചി: ക്യാൻസര്‍ വന്ന് ശബ്ദം നഷ്ടപ്പെട്ടുവെന്നും താൻ അത്യാസന്ന നിലയിലാണെന്നുമുള്ള വ്യാജ വാര്‍ത്തകളെ തള്ളി നടിയും അവതാരകയുമായ ജുവൽ മേരി. താൻ ജീവനോടെ സന്തോഷത്തോടെയുണ്ടെന്നും മരിപ്പിനുള്ള ചായ എവിടെയും കൊടുക്കാറായിട്ടില്ലെന്നും ജുവൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ വ്യക്തമാക്കുന്നു.

ജുവൽ മേരിയുടെ വാക്കുകൾ

‘രണ്ടു ദിവസമായി എന്‍റെ ശ്രദ്ധയിൽപ്പെട്ട ഒരു കാര്യത്തിന്‍റെ സത്യാവസ്ഥ നിങ്ങളെ ഒന്ന് ബോധ്യപ്പെടുത്താൻ വേണ്ടിയാണ് ഈ വിഡിയോ ഇടുന്നത്. ചത്തിട്ടില്ല മക്കളെ ഞാൻ ചത്തിട്ടില്ല! രണ്ടു ദിവസമായി ‘എന്റെ ശബ്ദം നഷ്ടപ്പെട്ടു, ഞാൻ മരണം കാത്തു കിടക്കുകയാണ്, എനിക്ക് അനങ്ങാൻ പറ്റില്ല’ എന്നൊക്കെ പറഞ്ഞ് കുറച്ചു പേർ എന്നെ കൊന്ന് എന്റെ അടിയന്തരത്തിന്റെ കാർഡ് അടിച്ചു കൊണ്ടിരിക്കുന്നുണ്ട്. പക്ഷേ, നമ്മൾ ഫിനിഷ്ഡ് അല്ല.

2023-ൽ എനിക്കുവന്ന കാൻസറിനെക്കുറിച്ച് ഞാൻ പൊതുപരിപാടിയിൽ പറഞ്ഞിരുന്നു. അവിടെ പറഞ്ഞ കാര്യങ്ങൾ എടുത്ത് ഇപ്പോൾ ഞാൻ അങ്ങനെയാണെന്നുള്ള ധ്വനിയോട് കൂടി, തെറ്റിദ്ധരിപ്പിക്കുന്ന ക്യാപ്ഷൻസ് കൊടുത്ത് എന്നെ കൊന്നടക്കാൻ വേണ്ടി തയാറെടുത്തുകൊണ്ടിരിക്കുന്ന ഓൺലൈൻ സഹോദരന്മാരോട്, എന്റെ മരിപ്പിനുള്ള ചായ എവിടെയും കൊടുക്കാറായിട്ടില്ല. ഞാൻ മരിച്ചിട്ടില്ല. നല്ല ജീവനോടെ സന്തോഷത്തോടെ ഇവിടെ തന്നെയുണ്ട്. അപ്പോൾ ഇനി ആ വാർത്ത അങ്ങോട്ട് വിട്ടേര്!

എന്നെ സ്നേഹിക്കുന്ന ഒരുപാടുപേർ എനിക്കുവേണ്ടി ടെൻഷൻ അടിക്കുകയും വിളിക്കുകയും, എനിക്ക് എന്തുപറ്റി എന്ന് അന്വേഷിക്കുകയും ചെയ്യുന്നുണ്ട്. ഒന്നും പറ്റിയില്ല, ഹാപ്പിയാണ്! അപ്പോൾ നിങ്ങൾ ഹാപ്പി ആയിട്ട് ഇരിക്കുക.’

2023ലാണ് നടിക്ക് രോഗം സ്ഥിരീകരിക്കുന്നത്. ക്യാൻസറിനോട് പോരാടിയ നാളുകളെക്കുറിച്ച് ജുവൽ പലവട്ടം തുറന്നുപറഞ്ഞിട്ടുണ്ട്. ശസ്ത്രക്രിയക്ക് ശേഷം തന്‍റെ മുഖത്തിനുണ്ടായ മാറ്റം തന്നെ സങ്കടപ്പെടുത്തുന്നുണ്ടെന്നും മുഖം മാറിപ്പോയെന്നും നടി വിശദീകരിച്ചിരുന്നു.

TAGS :

Next Story