Quantcast

പെൺകുട്ടിക്ക് അറപ്പുളവാക്കിയവനെ പൂമാലയിട്ട് ആദരിക്കുന്ന നിലയിലേക്ക് നമ്മുടെ നവോത്ഥാന സംസ്‌കാരം വളർന്നു: ജോയ് മാത്യു

കേസിൽ ജാമ്യം ലഭിച്ച സവാദിന് ശനിയാഴ്ചയാണ് ഓൾ കേരള മെൻസ് അസോസിയേഷൻ ആലുവ ജയിലിന് പുറത്ത് സ്വീകരണം നൽകിയത്

MediaOne Logo

Web Desk

  • Updated:

    2023-06-05 12:13:43.0

Published:

5 Jun 2023 12:03 PM GMT

Joey Mathew reacts welcoming of sexual harassment accused savad
X

കെ.എസ്.ആർ.ടി.സി ബസിൽ പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ കേസിലെ പ്രതി സവാദിന് സ്വീകരണം നൽകിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി നടൻ ജോയ് മാത്യു. പെൺകുട്ടിക്ക് അറപ്പുളവാക്കുന്നവനെ പൂമാലയിട്ട് ആദരിക്കുന്ന നിലയിലേക്ക് നമ്മുടെ നവോത്ഥാന സംസ്‌കാരം വളർന്നതിൽ അഭിമാനിക്കുക എന്നും ഇത്തരം പോക്രിത്തരങ്ങളെ ഇല്ലാതാക്കാൻ പോന്ന പെണ്മക്കളുള്ള തന്ത തള്ളമാർ വരെ ഈ നാട്ടിൽ ഇല്ല എന്നുള്ളത് അത്ഭുതപ്പെടുത്തുന്നുവെന്നും ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം:

ഇറച്ചിയും മനുഷ്യരും

-------------------

പബ്ലിക് ബസിലിരുന്ന് പാന്റ്‌സിന്റെ സിബ്ബ് തുറന്ന് സ്വന്തം ഇറച്ചി പുറത്തിട്ട് അടുത്തിരിക്കുന്ന പെൺകുട്ടിക്ക് അറപ്പുളവാക്കിയവനെ പൂമാലയിട്ട് ആദരിക്കുന്ന നിലയിലേക്ക് നമ്മുടെ നവോഥാന സംസ്‌കാരം വളർന്നതിൽ നമ്മൾ അഭിമാനിക്കുക.

വിപ്ലവകാരികളായ മഹിളാ സംഘടനകൾ എല്ലാ രാഷ്ട്രീയ പാർട്ടികളിലും ഉള്ളതു കൂടാതെ ഫെമിനിസത്തിന്റെ പലവിധ വകഭേദങ്ങൾ നിരവധിയായ ലൊട്ടുലൊടുക്ക് സംഘടനകളിലും ഉള്ള ഈ നാട്ടിൽ ഉശിരുള്ള ഒരു പെണ്ണിനെപ്പോലും കാണാനാകുന്നില്ല എന്നതിലും നമുക്കഭിമാനിക്കാം; പ്രത്യേകിച്ചും വനിതാ നവോഥാന മതിലുപണിത നാട്ടിൽ !അല്ലെങ്കിൽ ഭാരതീയ സദാചാരബോധങ്ങളുടെ അപ്പോസ്തലന്മാരായി കമിതാക്കളെ പൊതു ഇടങ്ങളിൽനിന്നും ചൂരൽപ്രയോഗം നടത്തി ഓടിക്കുന്ന നിരവധി കർമ്മ സേനകളുള്ള ദൈവത്തിന്റെ സ്വന്തം നാട്ടിൽ!(ചിരിപ്പിക്കരുത് )

രാഷ്ട്രീയ പാർട്ടികളിലെ പെൺ അടിമക്കൂട്ടങ്ങളെ നമുക്ക് വെറുതേ വിടാം.

എന്നാൽ ഉപയോഗ ശൂന്യമായ ഇറച്ചിക്കഷ്ണങ്ങൾ പോലുള്ള സാഹിത്യ സാംസ്‌കാരികനായികാ നായകന്മാർ ഉള്ള ഈ കേരളക്കരയിൽ ഇത്തരം പോക്രിത്തരങ്ങളെ ഇല്ലാതാക്കാൻ പോന്ന പെണ്മക്കളുള്ള തന്ത തള്ളമാർ വരെ ഈ നാട്ടിൽ ഇല്ലാ എന്നുള്ളതാണ് എന്നെ ഏറെ അത്ഭുതപ്പെടുത്തുന്നത് !

കേസിൽ ജാമ്യം ലഭിച്ച സവാദിന് ശനിയാഴ്ചയാണ് ഓൾ കേരള മെൻസ് അസോസിയേഷൻ ആലുവ ജയിലിന് പുറത്ത് സ്വീകരണം നൽകിയത്. സംഭവത്തിൽ പ്രമുഖരടക്കം നിരവധി പേർ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു

TAGS :

Next Story