നിങ്ങള്‍ കമല്‍ ഹാസനാകാം, പക്ഷെ ജനവികാരം വ്രണപ്പെടുത്താന്‍ കഴിയില്ല; രൂക്ഷ വിമര്‍ശനവുമായി കര്‍ണ്ണാടക ഹൈക്കോടതി
ആവിഷ്‌കാര സ്വാതന്ത്ര്യം കാണിക്കേണ്ടത് ഒരു വിഭാഗത്തിന്റെ വികാരം വൃണപെടുത്തിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി

ബെംഗളൂരു: കന്നഡ പരമാര്‍ശം കമല്‍ ഹാസനെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണ്ണാടക ഹൈക്കോടതി. പുതിയ ചിത്രമായ തഗ് ലൈഫിന് കര്‍ണ്ണാകയില്‍ പ്രദര്‍ശനാനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കമല്‍ ഹാസന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ വിമര്‍ശനം. നിങ്ങള്‍ കമല്‍ ഹാസനോ മറ്റാരെങ്കിലുമോ ആകാം, എന്നാല്‍ ജനങ്ങളുടെ വികാരം വ്രണപ്പെടുത്താന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. എന്തടിസ്ഥാനത്തിലാണ് തമിഴില്‍ നിന്നാണ് കന്നഡ ഉത്ഭവിച്ചതെന്ന പരാമര്‍ശം നടത്തിയതെന്നും കോടതി ചോദിച്ചു. പ്രസ്ഥാവന മറ്റൊരു സന്ദര്‍ഭത്തില്‍ നടത്തിയതാണെന്ന് കമല്‍ ഹാസന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ സംസ്ഥാനത്തെ ജനങ്ങളുടെ വികാരം വ്രണപ്പെടുത്തിയ വിഷയത്തില്‍ കമല്‍ ഹാസനോട് മാപ്പ് പറയാന്‍ കോടതി ആവശ്യപ്പെട്ടു. വെറും ക്ഷമാപണം കൊണ്ട് അവസാനിപ്പേക്കേണ്ട വിഷയമാണ് കോടതി വരെ എത്തിച്ചിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ''
''ജലം,ഭൂമി,ഭാഷ എന്നിവ പൗരന്മാരുടെ വികാരമാണ്, അതിനാല്‍ ഒരാള്‍ക്കും ഇത്തരം വികാരങ്ങളെ വ്രണപ്പെടുത്താന്‍ അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. ഈ രാജ്യത്തെ വിഭജിച്ചിരിക്കുന്നത് ഭാഷ അടിസ്ഥാനത്തിലാണ്. നിങ്ങള്‍ ഒരു ചരിത്രകാരനാണോ, അതോ ഭാഷ പണ്ഡിതനോ? നിങ്ങള്‍ ക്ഷമ ചോദിക്കുന്നില്ലെങ്കില്‍ എന്തിനാണ് സിനിമ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കണം എന്ന വാശിയെന്നും കോടതി ചോദിച്ചു. ഒരു പൊതുപ്രവര്‍ത്തകന് ഇത്തരമൊരു പരാമര്‍ശം നടത്താന്‍ കഴിയില്ല. കര്‍ണ്ണാടകയിലെ ജനങ്ങള്‍ മാപ്പ് മാത്രമാണ് ചോദിച്ചത്. എന്തടിസ്ഥാനത്തിലാണ് കോടതിയെ സമീപിച്ചത്'' ഒരു വിഭാഗത്തിന്റെ വികാരം വൃണപെടുത്തിയല്ല ആവിഷ്‌കാര സ്വാതന്ത്ര്യം കാണിക്കേണ്ടതെന്നും കമല്‍ മാപ്പു പറയുന്നതാണ് ഉചിതമെന്നും എന്ന് ജസ്റ്റീസ് നാഗപ്രസന്ന നിരീക്ഷിച്ചു.
കന്നഡ തമിഴില്‍ നിന്നാണ് ഉത്ഭവിച്ചത് എന്ന താരത്തിന്റെ പരാമര്‍ശം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കര്‍ണാകയില്‍ വലിയ പ്രതിഷേധങ്ങള്‍ക്കാണ് തിരികൊളുത്തിയത്. വിവാധ പരാമര്‍ശത്തില്‍ പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് (കെഎഫ്‌സിസി) കര്‍ണാടകയില്‍ ചിത്രത്തിന്റെ റിലീസ് നിരോധിച്ചിരുന്നു. തുടര്‍ന്നാണ് നടന്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഇതിനിടെ താന്‍ നടത്തിയ പ്രസ്താവന തെറ്റിദ്ധരിച്ചതാണെന്നും അതില്‍ വേദനയുണ്ടെന്നും കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന് നല്‍കിയ പ്രസ്താവനയില്‍ കമല്‍ ഹാസന്‍ പറഞ്ഞു. കന്നഡ സംസാരിക്കുന്നവര്‍ എന്നും തനിക്ക് വലിയ സ്‌നേഹം നല്‍കിയിട്ടുണ്ടെന്നും തമിഴിനെ പോലെ കന്നഡയേയും താന്‍ ആരാധിക്കുന്നുണ്ടെന്നും പ്രസ്താവനയില്‍ കമല്‍ ഹാസന്‍ പറഞ്ഞു.
''തഗ് ലൈഫ് ഓഡിയോ ലോഞ്ചില്‍ ഇതിഹാസ ഡോ. രാജ്കുമാറിന്റെ കുടുംബത്തോടുള്ള, പ്രത്യേകിച്ച് ശിവ രാജ്കുമാറിനോടുള്ള ആത്മാര്‍ത്ഥമായ സ്‌നേഹത്തില്‍ നിന്ന് ഞാന്‍ നടത്തിയ പ്രസ്താവന തെറ്റിദ്ധരിക്കപ്പെടുകയും യഥാര്‍ത്ഥ വിഷയത്തില്‍ നിന്ന് മാറുകയും ചെയ്തത് എന്നെ വേദനിപ്പിക്കുന്നു. നാമെല്ലാവരും ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണ്. കന്നഡയെ ഒരു തരത്തിലും താഴ്ത്തിക്കെട്ടാനായിരുന്നില്ല എന്റെ വാക്കുകള്‍ ഉദ്ദേശിച്ചത്. കന്നഡ ഭാഷയുടെ സമ്പന്നമായ പാരമ്പര്യത്തെക്കുറിച്ച് ഒരു തര്‍ക്കമോ സംവാദമോ ഇല്ല. തമിഴിനെപ്പോലെ, കന്നഡയ്ക്കും ഞാന്‍ വളരെക്കാലമായി ആരാധിക്കുന്ന ഒരു അഭിമാനകരമായ സാഹിത്യ-സാംസ്‌കാരിക പാരമ്പര്യമുണ്ട്.
എന്റെ കരിയറില്‍ ഉടനീളം, കന്നഡ സംസാരിക്കുന്ന സമൂഹം എനിക്ക് നല്‍കിയ ഊഷ്മളതയും വാത്സല്യവും ഞാന്‍ വിലമതിച്ചിട്ടുണ്ട്. കന്നഡിഗര്‍ക്ക് അവരുടെ മാതൃഭാഷയോടുള്ള സ്‌നേഹത്തോട് എനിക്ക് വലിയ ബഹുമാനമുണ്ട്. തമിഴ്, കന്നഡ, തെലുങ്ക്, മലയാളം, ഈ നാട്ടിലെ എല്ലാ ഭാഷകളുമായും ഉള്ള എന്റെ ബന്ധം ശാശ്വതവും ഹൃദയംഗമവുമാണ്. എല്ലാ ഇന്ത്യന്‍ ഭാഷകളുടെയും തുല്യമായ അന്തസ്സിനായി ഞാന്‍ എപ്പോഴും നിലകൊള്ളുകയും ഒരു ഭാഷ മറ്റൊന്നിന് മുകളില്‍ ആധിപത്യം സ്ഥാപിക്കുന്നതിനെ എതിര്‍ക്കുകയും ചെയ്യുന്നു, കാരണം അത്തരം അസന്തുലിതാവസ്ഥ ഇന്ത്യന്‍ യൂണിയന്റെ ഭാഷാഘടനയെ ദുര്‍ബലപ്പെടുത്തുന്നു.
എന്റെ പ്രസ്താവന നമുക്കെല്ലാവര്‍ക്കും ഇടയില്‍ ആ ബന്ധവും ഐക്യവും സ്ഥാപിക്കാന്‍ വേണ്ടി മാത്രമായിരുന്നു. എന്റെ മുതിര്‍ന്നവര്‍ എന്നെ പഠിപ്പിച്ച ഈ സ്‌നേഹവും ബന്ധവുമാണ് ഞാന്‍ പങ്കുവെക്കാന്‍ ആഗ്രഹിച്ചത്. ആ സ്‌നേഹത്തില്‍ നിന്നും ബന്ധത്തില്‍ നിന്നാണ് ശിവണ്ണ ഓഡിയോ ലോഞ്ച് പരിപാടിയില്‍ പങ്കെടുത്തത്. ഇതിന്റെ പേരില്‍ ശിവണ്ണയ്ക്ക് ഇത്രയും നാണക്കേട് നേരിടേണ്ടി വന്നതില്‍ ഞാന്‍ ശരിക്കും ഖേദിക്കുന്നു,'' കമല്‍ ഹാസന്‍ പറഞ്ഞു.
Adjust Story Font
16

