Quantcast

തഗ് ലൈഫ് കര്‍ണാടകയിൽ പ്രദര്‍ശിപ്പിക്കണം; തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സുപ്രിം കോടതി

സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ സിനിമയാണ് തഗ് ലൈഫ്

MediaOne Logo

Web Desk

  • Published:

    19 Jun 2025 1:59 PM IST

Thug Life
X

ഡൽഹി: കമൽഹാസൻ നായകനായ തഗ് ലൈഫ് സിനിമയുടെ പ്രദര്‍ശനം കര്‍ണാടകയില്‍ തടയരുതെന്ന് സുപ്രിംകോടതി. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ സിനിമയാണ് തഗ് ലൈഫ് എന്നും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ നിര്‍മാതാക്കള്‍ക്ക് അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രദര്‍ശനം തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. അക്രമികള്‍ക്കെതിരെ സിവില്‍, ക്രിമിനല്‍ നിയമ നടപടിയെടുക്കണമെന്നും സുപ്രിം കോടതി നിര്‍ദേശിച്ചു. 'തഗ് ലൈഫ്' സംസ്ഥാനത്തെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാത്തതിനെ തുടർന്ന് ചൊവ്വാഴ്ച കർണാടക സർക്കാരിനെതിരെ കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.തിയറ്ററുകളിൽ എന്തു പ്രദർശിപ്പിക്കണമെന്ന് തീരുമാനിക്കാൻ ഗുണ്ടാസംഘങ്ങളെ അനുവദിക്കില്ലെന്നായിരുന്നു സുപ്രിം കോടതി വ്യക്തമാക്കിയത്. ആൾക്കൂട്ട ഭീഷണികൾക്ക് നിയമവാഴ്ചയെ ബന്ദിയാക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞിരുന്നു.

അതേസമയം സിനിമ പ്രദര്‍ശിപ്പിക്കാൻ സൗകര്യമൊരുക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. സിനിമയുടെ പ്രദർശനം തടയാൻ ശ്രമിച്ചാലും അനുമതിയില്ലാതെ പ്രതിഷേധം നടത്തിയാലും കർശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കര്‍ണാടകയിൽ ചിത്രം നിരോധിച്ചിരുന്നു.

കന്നഡ തമിഴിലില്‍ നിന്നാണ് ഉത്ഭവിച്ചത് എന്ന കമല്‍ ഹാസന്‍റെ പരാമര്‍ശമാണ് കര്‍ണാടകയില്‍ വ്യാപക പ്രതിഷേധത്തിന് കാരണമായത്. കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സാണ് (കെഎഫ്സിസി) കര്‍ണാടകയില്‍ ചിത്രത്തിന്റെ റിലീസ് നിരോധിച്ചത്. 24 മണിക്കൂറിന് ഉളളില്‍ കമല്‍ഹാസന് പരസ്യമായി മാപ്പ് പറയണമെന്ന് കെഎഫ്‌സിസി അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യം കമല്‍ ഹാസന്‍ തള്ളി. തനിക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ മാപ്പ് പറയുമെന്നും നിലവില്‍ തനിക്ക് തെറ്റ് പറ്റിയതായി വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

TAGS :

Next Story