Quantcast

60 വര്‍ഷത്തിനിടെ 700ലധികം സിനിമകൾ; 100ലധികം നടൻമാരുടെ അമ്മയായി, പലരും തന്നെക്കാൾ ഇരട്ടി പ്രായമുള്ളവര്‍

മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാല് തവണ നേടിയിട്ടുള്ള നടി കൂടിയാണ് പൊന്നമ്മ

MediaOne Logo
60 വര്‍ഷത്തിനിടെ 700ലധികം സിനിമകൾ; 100ലധികം നടൻമാരുടെ അമ്മയായി, പലരും തന്നെക്കാൾ ഇരട്ടി പ്രായമുള്ളവര്‍
X

കൊച്ചി: മലയാള സിനിമയുടെ അമ്മ മുഖമാണ് കവിയൂര്‍ പൊന്നമ്മ. എപ്പോഴും പുഞ്ചിരിക്കുന്ന..നെറ്റിയിൽ വലിയ വട്ടപ്പൊട്ട് തൊട്ട പൊന്നമ്മ...ഇന്ത്യൻ സിനിമ ചരിത്രത്തിൽ 100ലധികം നടൻമാരുടെ അമ്മയായി അഭിനയിച്ച അപൂര്‍വ നടിമാരിൽ ഒരാളാണ് കവിയൂര്‍ പൊന്നമ്മ. അതും തന്നെക്കാൾ ഇരട്ടി പ്രായമുള്ളവരുടെ അമ്മയായി പോലും അവര്‍ സ്ക്രീനിൽ തിളങ്ങി.

മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാല് തവണ നേടിയിട്ടുള്ള നടി കൂടിയാണ് പൊന്നമ്മ. ഒരു നടിയെ ഒരേ വേഷത്തിൽ തന്നെ ഒതുങ്ങുന്നത് അവരുടെ കരിയറിനെ ദോഷകരമായി ബാധിക്കാറുണ്ട്. എന്നാൽ കവിയൂർ പൊന്നമ്മ എന്ന നടി ആ വേഷത്തെ തന്‍റെ കരിയറിലെ ഏറ്റവും വലിയ അടയാളപ്പെടുത്തലാക്കി മാറ്റുകയാണ് ചെയ്തത്. ആ വേഷങ്ങൾ മറ്റാരെക്കാളും മികച്ചതായി അവർ സ്ക്രീനിൽ എത്തിച്ചു. ആറ് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിൽ മലയാള സിനിമയിലെ 'അമ്മ' മുഖമായി മാറുകയായിരുന്നു.

ഒരു അമ്മ വേഷം തിരക്കഥയിൽ എഴുതപ്പെടുമ്പോൾ തന്നെ സംവിധായകരുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന പേര് പൊന്നമ്മയുടേതായിരുന്നു. "പൊന്നമ്മയല്ലാതെ മറ്റാരാണ് ഒരു അമ്മ വേഷം ഇത്ര ഭംഗിയായി ചെയ്യുക?" എന്ന ചിന്ത ഇൻഡസ്ട്രിയിലും പ്രേക്ഷകരിലും ഒരുപോലെ ഉറച്ചുപോയിരുന്നു.

1945-ൽ പത്തനംതിട്ട ജില്ലയിലെ കവിയൂർ ഗ്രാമത്തിൽ ടി.പി. ദാമോധരന്റെയും ഗൗരിയുടെയും മൂത്ത മകളായി ജനിച്ച പൊന്നമ്മ ചെറുപ്പം മുതലേ ഗായികയാകാനാണ് സ്വപ്നം കണ്ടത്. ചെറുപ്പത്തിൽ തന്നെ സംഗീതം പഠിച്ചു. എന്നാൽ കെപിഎസി നാടക ട്രൂപ്പിൽ ചേര്‍ന്നതോടെയാണ് അഭിനയത്തിലേക്ക് വഴിമാറുന്നത്. കെപിഎസിയുടെ മൂലധനം എന്ന നാടകത്തിലെ അഭിനയത്തിലൂടെ പൊന്നമ്മ കാഴ്ചക്കാരുടെ ഹൃദയം കീഴടക്കി.17-ാം വയസിൽ ശ്രീരാമ പട്ടാഭിഷേകം എന്ന ചിത്രത്തിൽ മണ്ഡോദരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സിനിമയിലെത്തുന്നത്. ചിത്രത്തിൽ ശ്രീരാമനായി എത്തിയത് പ്രേംനസീറായിരുന്നു. പിന്നീട് നിരവധി സിനിമകൾ...1965ൽ തൊമ്മന്‍റെ മക്കൾ എന്ന ചിത്രത്തിൽ നായികയായി. വെറും 20 വയസുള്ളപ്പോൾ സത്യന്‍റെയും മധുവിന്‍റെയും അമ്മയായി അഭിനയിച്ചു. അതേ വർഷം തന്നെ കെ. എസ് സേതുമാധവൻ്റെ ഓടയിൽ നിന്ന് എന്ന സിനിമയിൽ സത്യൻ്റെ നായികയായി അവർ അഭിനയിച്ചു എന്നതാണ് രസകരം .

തിലകനായിരുന്നു കവിയൂര്‍ പൊന്നമ്മക്കൊപ്പം ഏറ്റവും കൂടുതൽ ജോഡിയായി അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിലെ പ്രിയപ്പെട്ട ഓൺസ്ക്രീൻ ദമ്പതികളായിരുന്നു പൊന്നമ്മയും തിലകനും. 1973ൽ പുറത്തിറങ്ങിയ പി.ജെ ആന്‍റണിയുടെ പെരിയാര്‍ എന്ന ചിത്രത്തിൽ തിലകന്‍റെ അമ്മയായും കവിയൂര്‍ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങി നിരവധി നടൻമാരുടെ അമ്മയായി വേഷമിട്ടിട്ടുണ്ടെങ്കിലും മോഹൻലാലിനൊപ്പമുള്ള അവരുടെ അമ്മ വേഷങ്ങൾക്ക് പ്രത്യേക ഫാൻബേസുണ്ടായിരുന്നു. യഥാര്‍ത്ഥത്തിൽ അമ്മയും മകനുമാണോ എന്ന് തോന്നിക്കുന്ന വിധത്തിലായിരുന്നു ഇരുവരുടെയും അഭിനയം.

2024 സെപ്റ്റംബർ 20 ന് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു പൊന്നമ്മയുടെ അന്ത്യം. സിനിമ നിര്‍മാതാവായിരുന്ന മണിസ്വാമിയാണ് പൊന്നമ്മയുടെ ഭര്‍ത്താവ്. ഏകമകൾ ബിന്ദു. അന്തരിച്ച പ്രശസ്ത നാടക സിനിമാ നടിയായിരുന്ന കവിയൂർ രേണുക പൊന്നമ്മയുടെ സഹോദരിയാണ്.

TAGS :

Next Story