'ഈ സിനിമയിലെ നായകൻ വിനായകനാണ്, പ്രതിനായകൻ ഞാനും'; കളങ്കാവലിനെക്കുറിച്ച് മമ്മൂട്ടി
ചിത്രത്തിന്‍റെ പ്രീ റിലീസ് ചടങ്ങിനിടെയാണ് മമ്മൂട്ടി തന്‍റെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞത്

കൊച്ചി: പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കളങ്കാവൽ. ഭ്രമയുഗത്തിന് ശേഷം മമ്മൂട്ടി വീണ്ടും ഞെട്ടിക്കുമെന്നാണ് ചിത്രത്തിന്‍റെ ടീസറും പോസ്റ്ററുകളും സൂചിപ്പിക്കുന്നത്.സിനിമയിൽ മമ്മൂട്ടി വില്ലൻ വേഷത്തിലാണ് എത്തുന്നതെന്ന് ആദ്യം മുതലെ അഭ്യൂഹങ്ങൾ ഉയര്‍ന്നിരുന്നു.ഇപ്പോഴിതാ ഇതിനുത്തരം നൽകുകയാണ് മമ്മൂട്ടി. ചിത്രത്തിന്‍റെ പ്രീ റിലീസ് ചടങ്ങിനിടെയാണ് മമ്മൂട്ടി തന്‍റെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞത്.
''കുറേക്കാലത്തിന് ശേഷം എന്റെയൊരു സിനിമ ഇറങ്ങുകയാണ്. ഈ സിനിമയ്ക്ക് കുറച്ച് കാലതാമസം ഉണ്ടായിരുന്നു. കാരണമെല്ലാം നിങ്ങൾക്ക് അറിയാം. ഇത് ഞാൻ വളരെ ആഗ്രഹിച്ച് ചെയ്ത സിനിമയാണ്. ഞങ്ങളുടെ എല്ലാ പ്രൊഡക്ഷനും അങ്ങനെ തന്നെയാണ്. ഇനിയും ഒരുപാട് നല്ല സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഓരോ സിനിമയും വളരെ സന്തോഷത്തോടെ പ്രേക്ഷകർ സ്വീകരിക്കുമ്പോൾ, ഒരു സമാധാനമാണ്.
നമുക്ക് ഇനിയും നല്ല സിനിമകൾ ചെയ്യാൻ സാധിക്കും, പ്രേക്ഷകരുടെ എല്ലാ പിന്തുണയും ഉണ്ടാകും എന്നുള്ളൊരു ആത്മവിശ്വാസം. ഈ സിനിമയും അങ്ങനെയാണ്. ഇതൊരു പരീക്ഷണ സിനിമയെന്നല്ല. സിനിമകളെല്ലാം പരീക്ഷണങ്ങൾ തന്നെയാണ്. അങ്ങനെ അല്ലാത്തൊരു സിനിമയും ഇറങ്ങുന്നില്ല. 10 കോടിയുടെ ആയാലും 100 കോടിയുടെ ആയാലും. എല്ലാം പരീക്ഷണങ്ങളാണ്. അത് വിജയിക്കുന്നത് വരെ പരീക്ഷണമാണ്. ഈ സിനിമയും അങ്ങനെയാണ്.
എന്നെ സംബന്ധിച്ച് സിനിമയല്ല പരീക്ഷണം, എന്റെ കഥാപാത്രമാണ് ഏറ്റവും വലിയ പരീക്ഷണം. ഈ സിനിമയിൽ ഞാൻ ചെയ്യുന്ന കഥാപാത്രം ഒരുപക്ഷേ നിങ്ങൾക്ക് സ്നേഹിക്കാനോ ഇഷ്ടപ്പെടാനോ വളരെ ബുദ്ധിമുട്ടാണ്. പക്ഷേ സിനിമ കണ്ടുപോകുമ്പോൾ ഈ കഥാപാത്രം തിയറ്ററിൽ ഉപേക്ഷിച്ചിട്ട് പോകാൻ പറ്റില്ല.കളങ്കാവലിൽ എനിക്ക് ആദ്യം ഓഫർ ചെയ്ത റോൾ പൊലീസ് ഉദ്യോഗസ്ഥന്റേതാണ്. അതെന്നെക്കാൾ നന്നായി ചെയ്യാൻ വിനായകൻ ആണ് നല്ലതെന്ന് തോന്നി. അദ്ദേഹത്തെ സമീപിച്ചപ്പോൾ സംശയമായിരുന്നു. എന്നെ തന്നെയാണോ ഉദ്ദേശിച്ചത് എന്ന്. ഈ സിനിമയിലെ നായകൻ വിനായകനാണ്. അങ്ങനെ തന്നെയാണ് പോസ്റ്ററിലും കൊടുത്തിരിക്കുന്നത്. ഞാൻ നായകനാണ് പക്ഷെ പ്രതിനായകനാണ്" എന്നാണ് മമ്മൂട്ടി പറഞ്ഞത്.
ചടങ്ങിൽ വിനായകനെക്കുറിച്ചും മമ്മൂട്ടി പറഞ്ഞു. "സംസാരിക്കാൻ അറിയില്ലെങ്കിലും നന്നായി അഭിനയിക്കാൻ വിനായകന് അറിയാം. ക്ലാസിൽ കുസൃതി കാണിക്കുന്ന ഒരുപാട് കുട്ടികളുണ്ടാകും. പക്ഷേ കുസൃതി കാണിക്കുന്നവരോട് നമുക്കൊരു വാത്സല്യം തോന്നും. അങ്ങനെയൊരു കുസൃതിക്കാരനാണ് വിനായകൻ. വിനായകൻ ഒരുപാട് കുസൃതി കാണിക്കുമെങ്കിലും നമുക്ക് എല്ലാവർക്കും ഒരു വാത്സല്യം ഇയാളുടെ സിനിമകൾ കാണുമ്പോൾ തോന്നും. മമ്മൂട്ടി പറയുന്നു.
Adjust Story Font
16

