Quantcast

മമ്മൂട്ടിയുടെ മകളായും നായികയായും പിന്നീട് അമ്മയായും അഭിനയിച്ച ഒരേയൊരാള്‍; നടിയെ മനസ്സിലായോ?

നാളിതുവരെയും കൂടെ അഭിനയിച്ചിട്ടുള്ളതായ നൂറുകണക്കിന് അഭിനേതാക്കളില്‍ മമ്മൂട്ടിയുടെ മകളായും പിന്നീട് നായികയായും അമ്മയായും അഭിനയിക്കാന്‍ ഒരേയൊരാള്‍ക്കാണ് അവസരം ലഭിച്ചിട്ടുള്ളത്

MediaOne Logo

Web Desk

  • Published:

    30 Oct 2026 7:46 PM IST

മമ്മൂട്ടിയുടെ മകളായും നായികയായും പിന്നീട് അമ്മയായും അഭിനയിച്ച ഒരേയൊരാള്‍; നടിയെ മനസ്സിലായോ?
X

ഇന്ത്യന്‍ സിനിമാലോകത്തിലെ അതുല്യപ്രതിഭയും, ഏറ്റവുമധികം കാലം ആഘോഷിക്കപ്പെട്ടതുമായ ഒരുപിടി അഭിനേതാക്കളുടെ പട്ടികയെടുത്താല്‍ മുന്‍പന്തിയിലുണ്ടാകും മലയാളത്തിന്റെ മമ്മൂട്ടി. കഴിഞ്ഞ അമ്പത് വര്‍ഷത്തിലേറെയായി പ്രേക്ഷകരെ ത്രസിപ്പിച്ചും ചിരിപ്പിച്ചും കരയിപ്പിച്ചും, മറ്റനേകം വൈകാരികതലങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തിയും അഭിനയലോകത്ത് ഇന്നും സജീവമാണ് അദ്ദേഹം. ഇതിനോടകം നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സ്വന്തം പേരിലാക്കിയ താരം, വ്യത്യസ്ത ഭാഷകളിലും സ്വഭാവത്തിലുമുള്ള 400ലേറെ സിനിമകളില്‍ അഭിനയിച്ചുകഴിഞ്ഞിട്ടുണ്ട്. രാജ്യത്തുടനീളമുള്ള ഒട്ടനവധി പ്രതിഭാധനരായ അഭിനേതാക്കളുമായി ചേര്‍ന്ന് സ്‌ക്രീന്‍ പങ്കിടുകയും ചെയ്തിട്ടുണ്ട് അദ്ദേഹം.

നാളിതുവരെയും കൂടെ അഭിനയിച്ചിട്ടുള്ളതായ നൂറുകണക്കിന് അഭിനേതാക്കളില്‍ മമ്മൂട്ടിയുടെ മകളായും പിന്നീട് നായികയായും അമ്മയായും അഭിനയിക്കാന്‍ ഒരേയൊരാള്‍ക്കാണ് അവസരം ലഭിച്ചിട്ടുള്ളത്, നടി മീനയ്ക്ക്. ഒരുപക്ഷേ, മീനയായിരിക്കാം മലയാളത്തിന്റെ മെഗാസ്റ്റാറിന്റെ നായികമാരില്‍ ഈ മൂന്ന് വേഷങ്ങളും വ്യത്യസ്ത സിനിമകളിലായി അവതരിപ്പിച്ചതിന്റെ അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമായുള്ള ഏക നടി.

തന്റെ ആറാം വയസില്‍ ബാലതാരമായാണ് സിനിമാലോകത്തേക്ക് മീന കാലെടുത്തുവെക്കുന്നത്. ശിവാജി ഗണേഷനും ലക്ഷ്മിയും തകര്‍ത്ത് അഭിനയിച്ച 'നെഞ്ചങ്ങള്‍' എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. കുഞ്ഞുവേഷമായിരുന്നു അതെങ്കിലും അധികം വൈകാതെ രജനികാന്ത്, കമല്‍ ഹാസന്‍, വിജയകാന്ത് തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ സിനിമയിലേക്ക് വിളികളെത്തി.

പി.ജി വിശ്വംഭരന്‍ സംവിധാനം ചെയ്ത് 1984ല്‍ പുറത്തിറങ്ങിയ 'ഒരു കൊച്ചുകഥ ആരും പറയാത്ത കഥ' എന്ന സിനിമയിലൂടെയാണ് മലയാളം സ്‌ക്രീനിലും മുഖം കാണിച്ചുതുടങ്ങുന്നത്. ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായിട്ടാണ് താരം വേഷമിട്ടത്. കഥയിലെ രജനി(മീന) സാങ്കേതികമായി സുരേന്ദ്രന്റെ(മമ്മൂട്ടി) മകളായിരുന്നില്ലെങ്കിലും മകളെ പോലെയാണ് ട്രീറ്റ് ചെയ്തിരുന്നത്.

ബാലതാരമായി നിരവധി സിനിമകള്‍ ചെയ്തുകഴിഞ്ഞതിന് പിന്നാലെ മീന മുഖ്യധാരയിലേക്കും പതിയെ കാലെടുത്തുവെക്കുകയുണ്ടായി. പിന്നെയും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടിയോടൊപ്പം വീണ്ടും ഒന്നിക്കുന്നത്. വിനയന്‍ സംവിധാനം ചെയ്ത് 2001ല്‍ പുറത്തിറങ്ങിയ 'രാക്ഷസ രാജാവ്' എന്ന ആ സിനിമയില്‍ മമ്മൂട്ടിയുടെ നായികയായിരുന്നു മീന. ഇത് കൂടാതെ കറുത്ത പക്ഷികള്‍(2006), കഥ പറയുമ്പോള്‍(2007) എന്നീ സിനിമകളിലും ഇവര്‍ മമ്മൂട്ടിയോടൊപ്പം സ്‌ക്രീന്‍ പങ്കുവെക്കുകയുണ്ടായി.

വൈക്കം മുഹമ്മദ് ബഷീറിന്റെ വിഖ്യാത നോവല്‍ ബാല്യകാലസഖിയുടെ ചലച്ചിത്രാവിഷ്‌കാരത്തിലാണ് മീന മമ്മൂട്ടിയുടെ മാതാവായി വേഷമിട്ടത്. കൗതുകകരമെന്നു പറയട്ടെ, മമ്മൂട്ടി ആ ചിത്രത്തില്‍ മജീദ് എന്ന നായകനായും അദ്ദേഹത്തിന്റെ അച്ഛനായും ഇരട്ടവേഷം അവതരിപ്പിച്ചിരുന്നു. മീനയാകട്ടെ മജീദിന്റെ അമ്മയുടെ വേഷമാണ് ചെയ്തത്, അങ്ങനെ ഒരേ ചിത്രത്തില്‍ തന്നെ ഒരു നടന്റെ ഭാര്യയായും അമ്മയായും അഭിനയിക്കാന്‍ അവര്‍ക്ക് അവസരം ലഭിച്ചു.

മോഹന്‍ലാലിനോടൊപ്പം വര്‍ണ്ണപ്പകിട്ട്, ഒളിമ്പ്യന്‍ അന്തോണി ആദം, മിസ്റ്റര്‍ ബ്രഹ്മചാരി, നാട്ടുരാജാവ്, ഉദയനാണ് താരം, ചന്ദ്രോത്സവം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ബ്രോ ഡാഡി തുടങ്ങിയ സിനിമകളിലും, ജയറാം, സുരേഷ് ഗോപി എന്നിവരോടൊപ്പവും മീന വ്യത്യസ്തങ്ങളായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

TAGS :

Next Story