'കോളജിൽ ജൂനിയര്‍, നല്ലൊരു സുഹൃത്തും സഹോദരനും'; സന്തോഷ് നായരുടെ വിയോഗത്തിൽ മോഹൻലാൽ
വ്യക്തിപരമായി ഒരുപാട് അടുപ്പമുള്ള പ്രിയപ്പെട്ട സന്തോഷ് ഒരു വാഹനാപകടത്തില്‍ ഈ ലോകത്തോട് വിടപറഞ്ഞു

തിരുവനന്തപുരം: നടൻ സന്തോഷ് നായരുടെ മരണത്തിൽ അനുശോചനവുമായി മോഹൻലാൽ. സന്തോഷ് കോളജിൽ തന്‍റെ ജൂനിയറായിരുന്നുവെന്നും നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പത്തനംതിട്ട ഏനാത്തു വച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിക്കെയായിരുന്നു സന്തോഷിന്‍റെ അന്ത്യം. സന്തോഷ് നായർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സന്തോഷിന്റെ ഭാര്യ ശുഭശ്രീക്കും പരുക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ സന്തോഷിനു ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.മോഹൻലാലിനൊപ്പം നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ സാഗറിന്‍റെ കൂട്ടുകാരൻ ലോറന്‍സ്, ചന്ദ്രോത്സവത്തിലെ സഹദേവൻ, കിഴക്കുണരും പക്ഷിയിലെ സതീശൻ എന്നിവ സന്തോഷിന്‍റെ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളാണ്. ഈ ചിത്രങ്ങളിലെല്ലാം മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ വലംകൈയായിട്ടാണ് സന്തോഷ് അഭിനയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഏറെ വിഷമിപ്പിക്കുന്ന ഒരു ദുഃഖവാര്‍ത്തയാണ് ഇന്ന് രാവിലെ കേട്ടത്. വ്യക്തിപരമായി ഒരുപാട് അടുപ്പമുള്ള പ്രിയപ്പെട്ട സന്തോഷ് ഒരു വാഹനാപകടത്തില്‍ ഈ ലോകത്തോട് വിടപറഞ്ഞു. കോളജില്‍ എന്‍റെ ജൂനിയറായിരുന്നു സന്തോഷ്. ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു അദ്ദേഹം എനിക്ക്. ഒട്ടനവധി സിനിമകളില്‍ ഞങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. തലയെടുപ്പുള്ള വ്യക്തിത്വമായി, ഏവരുടേയും സ്നേഹം പിടിച്ചുപറ്റിയ നല്ലൊരു മനസിന്‍റെയുടമ. സന്തോഷിന്‍റെ അകാലത്തിലുള്ള വേര്‍പാടില്‍ വേദനയോടെ ആദരാഞ്ജലികള്‍.
സുരേഷ് ഗോപിയുടെ കുറിപ്പ്
വെറുമൊരു ബന്ധുവിനോ സുഹൃത്തിനോ ഉപരിയായി, എന്റെ ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരതുല്യനായ ഒരാളായിരുന്നു സന്തോഷ്. പ്രിയപ്പെട്ടവന്റെ വിയോഗം സൃഷ്ടിച്ച ശൂന്യത വാക്കുകൾക്ക് അപ്പുറമാണ്. പ്രിയ സുഹൃത്തിന് കണ്ണീരോടെ വിട... ആത്മാവിന് നിത്യശാന്തി നേരുന്നു.
ആദരാഞ്ജലികൾ!
മമ്മൂട്ടിയുടെ കുറിപ്പ്
സന്തോഷിന്റെ അപ്രതീക്ഷിത വിയോഗ വാർത്ത കേട്ടതിന്‍റെ നടുക്കത്തിലും ഹൃദയവേദനയിലുമാണ്. ഞങ്ങൾ ഒരുമിച്ച് അഭിനയിച്ച നിമിഷങ്ങൾ സ്നേഹത്തോടെ ഓർക്കുന്നു. ഈ പ്രയാസകരമായ സമയത്ത് എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പമാണ്.
Adjust Story Font
16

