Quantcast

'രാഷ്ട്രീയത്തിലേക്കുണ്ടോ?'; ബോളിവുഡ് നടൻ അക്ഷയ് കുമാറിന്റെ മറുപടി

ആളില്ലാത്തതിനാൽ അക്ഷയ് കുമാർ ചിത്രം 'സാമ്രാട്ട് പൃഥ്വിരാജി'ന്റെ പ്രദർശനം തിയേറ്ററുകൾ നിർത്തിവച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-07-05 15:59:04.0

Published:

5 July 2022 3:24 PM GMT

രാഷ്ട്രീയത്തിലേക്കുണ്ടോ?; ബോളിവുഡ് നടൻ അക്ഷയ് കുമാറിന്റെ മറുപടി
X

ലണ്ടൻ: രാഷ്ട്രീയത്തിലേക്കുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറഞ്ഞ് ബോളിവുഡ് നടൻ അക്ഷയ് കുമാർ. സിനിമകളിൽ അഭിനയിക്കുന്നതിൽ താൻ വളരെ സന്തുഷ്ടനാണെന്നും രാഷ്ട്രീയത്തിലേക്കില്ലെന്നുമായിരുന്നു നടന്റെ മറുപടി. സെൻട്രൽ ലണ്ടനിൽ പാൽ മാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്‌ടേഴ്‌സിൽ നടന്ന 'ഹിന്ദുജാസ് ആൻഡ് ബോളിവുഡ്' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു താരം പ്രതികരിച്ചത്. സിനിമയിലൂടെ തന്റേതായ കാര്യങ്ങൾ ചെയ്യാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധനത്തിനെതിരെയുള്ള ആനന്ദ് എൽ റായ് ചിത്രം 'രക്ഷാ ബന്ധനാ'യിരുന്നു ഏറ്റവുമൊടുവിൽ അക്ഷയ് അഭിനയിച്ച ചിത്രം.


''സിനിമകൾ ഒരുക്കുന്നതിലൂടെ ഞാൻ വളരെ സന്തുഷ്ടനാണ്. ഒരു നടനെന്ന നിലയിൽ സാമൂഹിക പ്രശ്‌നങ്ങൾ കഴിയുന്ന രീതിയിൽ ഞാൻ ഏറ്റെടുക്കാറുണ്ട്. ഞാൻ 150 ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്. അവയിൽ എനിക്ക് ഏറെ പ്രിയങ്കരമായത് 'രക്ഷാ ബന്ധനാ'ണ്'' മുഖ്യാതിഥിയായി ചടങ്ങിൽ സംസാരിക്കവേ അക്ഷയ് കുമാർ വ്യക്തമാക്കി.

സാമൂഹിക പ്രശ്‌നങ്ങളുയർത്തുന്ന വാണിജ്യ സിനിമകൾ ഉൾപ്പെടെ ഒരു വർഷത്തിൽ മൂന്നോ നാലോ സിനിമകൾ നിർമിക്കുന്നതായും നടൻ പറഞ്ഞു.

ഇന്ത്യൻ വ്യവസായികളായ ഹിന്ദുജാ ബ്രദേഴ്‌സ് മദർ ഇന്ത്യ, സംഗമം, ഗൈഡ് എന്നിവ മുതൽ ഷോലെ വരെയായി 1200 സിനിമകൾ ലോകത്തുടനീളം വിതരണം ചെയ്തിട്ടുണ്ട്. ഹിന്ദി സിനിമയെ ഇന്നത്തെ രീതിയിലേക്ക് മാറ്റുന്നതിൽ ഇവർ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.



ആളില്ലാത്തതിനാൽ അക്ഷയ് കുമാർ ചിത്രം 'സാമ്രാട്ട് പൃഥ്വിരാജി'ന്റെ പ്രദർശനം തിയേറ്ററുകൾ നിർത്തിവച്ചിരുന്നു. രജപുത് രാജാവ് പൃഥ്വിരാജ് ചൗഹാന്റെ ജീവിതം ഇതിവൃത്തമാക്കി ചന്ദ്രപ്രകാശ് ദ്വിവേദി ഒരുക്കിയ ചിത്രമാണ് സാമ്രാട്ട് പൃഥ്വിരാജ്. ജൂൺ മൂന്നിനാണ് ചിത്രം തിയേറ്ററിലെത്തിയത്. ബച്ചൻ പാണ്ഡെയ്ക്ക് ശേഷമുള്ള അക്ഷയ് കുമാറിന്റെ തുടർച്ചയായ രണ്ടാം ഫ്ളോപ്പായി മാറി ചിത്രം. 180 കോടിയാണ് ചിത്രത്തിന്റെ മുതൽമുടക്ക്.

ചിത്രം പരാജയപ്പെട്ടതിന് പിന്നാലെ അക്ഷയ് കുമാറിനെതിരെ വിതരണക്കാർ രംഗത്തെത്തിയിരുന്നു. താരത്തിന്റെ പ്രതിഫലം തന്നെ നൂറു കോടിയാണെന്നും നഷ്ടം നികത്താൻ അക്ഷയ് തയ്യാറാകണമെന്നും വിതരണക്കാർ ആവശ്യപ്പെട്ടതായി ഐഡബ്യൂഎം ബസ് ഡോട് കോം റിപ്പോർട്ടു ചെയ്തു.

'അക്ഷയ് കുമാർ ചെയ്യേണ്ട യഥാർത്ഥ കാര്യമിതാണ് (നഷ്ടം നികത്തൽ). തെന്നിന്ത്യയിൽ തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവി വ്യക്തിപരമായി ഇത്തരം നഷ്ടങ്ങൾ സഹിക്കാറുണ്ട്. ഹിന്ദി സിനിമയിൽ നിർമാതാക്കളും വിതരണക്കാരും പ്രദർശിപ്പിക്കുന്നവരുമാണ് ഓരോ പരാജയത്തിന്റെയും നഷ്ടം സഹിക്കേണ്ടി വരുന്നത്. ഞങ്ങൾ ഒറ്റയ്ക്ക് എന്തിനാണ് സഹിക്കുന്നത്? അക്ഷയ് കുമാർ വിതരണക്കാർക്ക് നഷ്ടപരിഹാരം നൽകണം. ഈയിടെയുണ്ടായ പരാജയത്തിൽ ചിലർ പാപ്പരാകുക വരെ ചെയ്തു.' - ബിഹാറിലെ മുഖ്യവിതരണക്കാരിൽ ഒരാളായ റോഷൻ സിങ് വെബ്‌സൈറ്റിനോട് പറഞ്ഞു.

വിതരണക്കാർക്ക് നഷ്ടപരിഹാരം നൽകാൻ അക്ഷയ് കുമാർ ചിന്തിക്കുന്നതു പോലുമുണ്ടാകില്ലെന്ന് മറ്റൊരു വിതരണക്കാരനായ സുമൻ സിൻഹ പ്രതികരിച്ചു. കാലം കഴിഞ്ഞെന്ന് ഈ സൂപ്പർ സ്റ്റാറുകൾ മനസ്സിലാക്കണം. അവർക്ക് ബാങ്ക് ബാലൻസിൽ മാത്രമാണ് ശ്രദ്ധയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Bollywood actor Akshay Kumar answered the question whether he is into politics.

TAGS :

Next Story