എല്ലാം പ്രവചനാതീതം, നമ്മൾ വെറും കാണികൾ; ബ്രില്ല്യന്റ് ക്ലൈമാക്സുമായി ആസാദി
പ്രേക്ഷകനെ കൂടി ഭാഗമാക്കുന്ന കഥ പറച്ചിലെന്ന പ്രയോഗത്തെപോലും തോൽപിച്ചിരിക്കുന്ന ബ്രില്യൻസാണ് ആസാദി

‘നമ്മളിതിലില്ല, കണ്ടാ മതി..’ എന്ന് കോശിയോട് (അയ്യപ്പനും കോശിയും) ഡ്രൈവർ പറഞ്ഞ പോലെ, ഈ ‘ആസാദി’ കണ്ടാ മതി നമ്മളിതിലില്ല. കാരണം അവിടെ നടക്കുന്നത് വേറെ ലെവൽ പരിപാടിയാ. എത്ര തലകുത്തി നിന്ന് ചിന്തിച്ചാലും പ്രവചിക്കാൻ കഴിയാത്ത ആ ക്ലൈമാക്സിന്റെ ചെറു സൂചനയെങ്കിലും ആർക്കെങ്കിലും പ്രവചിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്നു തോന്നിപ്പോകും. പ്രേക്ഷകനെ കൂടി ഭാഗമാക്കുന്ന കഥ പറച്ചിലെന്ന പ്രയോഗത്തെപോലും തോൽപിച്ചിരിക്കുന്ന ബ്രില്യൻസാണ് ആസാദി, ശ്രീനാഥ് ഭാസി നായകനായ, ജയിൽ ബ്രേക്ക് കഥയാണ് ആസാദി.
റോഡിലും ആശുപത്രി വരാന്തയിലുമെല്ലാം കാണുന്ന സാധാരണക്കാരിൽ സാധാരണക്കാരായ മനുഷ്യർക്കെല്ലാം ഇത്രയും കരുത്തോയെന്ന് തോന്നിക്കുന്ന സ്വാഗ്!!, അത്രമേൽ ‘സ്വാഗോ’ എന്ന് തോന്നിത്തുടങ്ങുമ്പോഴേക്കും അവർ പണി തുടങ്ങിക്കഴിഞ്ഞിരിക്കും. പിന്നെ വെറുതെയിരുന്ന് കണ്ടു കൊടുത്താൽ മതി. അങ്ങനെ വെറുതെയിരുത്തുന്നുമില്ല ഈ സിനിമ എന്നതാണ് സത്യം. ആകാംക്ഷയുടെ മുൾമുനയിൽ ഇരുന്നുവേണം പിന്നെ സിനിമ കണ്ടുതീർക്കാൻ.
ആട്ടം കഴിഞ്ഞ് അവരെല്ലാം സാധാരണക്കാരായി തിരികെയെത്തുമ്പോൾ മാത്രം നാം ചിന്തിച്ചു തുടങ്ങിയാൽ മതി, ഇവരായിരുന്നോ ഇതെല്ലാം ചെയ്തുകൂട്ടിയതെന്ന്. കരിയർ ബെസ്റ്റ് പെർഫോമൻസുമായി ശ്രീനാഥ് ഭാസിയുടെ രഘു, മുണ്ടും ഒതുക്കിപ്പിടിച്ച് നമ്മുടെ ‘വണ്ടറടി’യുടെ മുന്നിൽ തന്നെയുണ്ട്. ചുരുക്കിപ്പറഞ്ഞാൽ, സാധാരണക്കാരുടെ സ്വാഗ് ആണ് ഈ ചിത്രം. ഓരോ നിമിഷവും കാഴ്ചക്കാരെ ഒപ്പം നടത്തുന്ന സിനിമയായി ആസാദി മാറുന്നിടത്ത് ഈ വെള്ളിയാഴ്ച ഇവരുടേതാകുന്നു.
കൊലക്കേസ് പ്രതിയായ, യുവതിയെ ജയിലിൽ നിന്ന് പ്രസവത്തിനായി ആശുപത്രിയിലെ സെല്ലിലെത്തിക്കുന്നു. അവളെ അവിടെ നിന്ന് രക്ഷപ്പെടുത്താൻ, യുവതിയുടെ ഭർത്താവായ രഘു (ശ്രീനാഥ് ഭാസി) പ്ലാൻ ഇടുന്നു. ഇതിനായി തന്റെ കൈയിലുള്ള പണമെല്ലാം മുടക്കി കുറച്ച് ഇൻസൈഡർമാരെ, ആശുപത്രി ജീവനക്കാർ മുതൽ പ്രസവ വാർഡിലെ കൂട്ടിരിപ്പുകാരെ വരെ ഒരുക്കുന്നു. എന്നാൽ അമേച്വറായ ഇൻസൈഡർമാരുടെ അമിതാവേശത്തിൽ പ്ലാൻ പൊലീസിന് ലീക്കാകുന്നു. എല്ലാവരെയും പൂട്ടാൻ ഒരു ഡെയർഡെവിൾ പൊലീസ് ഉദ്യോഗസ്ഥ സിവിൽ വേഷത്തിൽ, പജീറോയിൽ ആശുപത്രി മുറ്റത്തെത്തുന്നതോടെ പിന്നെ സ് ക്രീനിനു സ്പീഡ് കൂടുകയാണ്.
മലയാളത്തിലെന്നല്ല, ഇന്ത്യൻ സിനിമയിൽ തന്നെ ഇത്തരമൊരു ജയിൽ ബ്രേക്ക് കഥ വന്നിട്ടില്ലെന്നു പറയാം. കാരണം ജയിലല്ല, ആശുപത്രി സെല്ലാണ് ഇവിടെ ഭേദിക്കാൻ ശ്രമിക്കുന്നത്. അതിനു ശ്രമിക്കുന്നതോ ഒരു തരത്തിലും അതിന് കഴിയുന്നവരല്ലെന്ന് ഒറ്റനോട്ടത്തിൽ നാം വിധിയെഴുതുന്ന സാധാരണ മനുഷ്യരും. ഒരു ഘട്ടത്തിൽ വാണിയുടെ പൊലീസ് ഓഫിസർ രഘുവിനോട് പറയുന്നുണ്ട്, നിന്നെ കണ്ടിട്ട് ഒന്നു തല്ലാൻ പോലും തോന്നുന്നില്ലല്ലോ എന്ന്. ഇതു തന്നെയാണ് ജയിൽ ബ്രേക് മിഷൻ അംഗങ്ങളുടെ മുഴുവൻ അഡ്വാന്റേജ്. പൊലീസിനും നമ്മൾ കാഴ്ചക്കാർക്കും ഒരു അവസരവും തരുന്നില്ല ഈ സംവിധായക൯ ജോജോർജും തിരക്കഥാകൃത്ത് സാഗറും.
Adjust Story Font
16