Quantcast

'പണ്ട് വർഷത്തിൽ ഒരു സിനിമയേ കണ്ടിരുന്നുള്ളു' വിശേഷങ്ങളുമായി നാരായണീന്റെ മൂന്നാൺമക്കൾ സംവിധായകൻ അഭിമുഖം

ഷോർട്ട് ഫിലിമുകൾ ചെയ്ത് തുടങ്ങിയപ്പോൾ സിനിമയുടെ ഭാഷ വഴങ്ങുമെന്ന് മനസിലായി

MediaOne Logo

ഗീതു രാജേന്ദ്രന്‍

  • Updated:

    2025-02-01 04:51:50.0

Published:

31 Jan 2025 3:54 PM IST

narayaneente muunanmakkal, sharan venugopal
X

വർഷത്തിൽ ഒരു സിനിമ മാത്രം കണ്ടിരുന്ന കുടുംബം, പക്ഷേ, വല്ലപ്പോഴും പോയിരുന്ന കോഴിക്കോടുള്ള സിനിമാ കൊട്ടകകളുടെ മണം പോലും ഓർമയിൽ സൂക്ഷിച്ചൊരു കുട്ടി ആ വീട്ടിലുണ്ടായിരുന്നു. മുതിർന്നപ്പോൾ എൻജിനിയറിങ്ങിലേക്ക് തിരിഞ്ഞ ആ കുട്ടി ഒടുക്കം സിനിമയിൽ തന്നെ എത്തിപ്പെട്ടു. അതിന് നിമിത്തമായത്, സമാന്തര സിനിമകൾ ആഘോഷമാക്കിയ തിരുനവനന്തപുരം ന​ഗരവും. കൊൽക്കത്ത സത്യജിത്ത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ സംവിധായക വിദ്യാർഥിയായിരിക്കേ ചെയ്ത ചെറുസിനിമ അന്താരാഷ്ട്ര ചലച്ചിത്ര വേദികളിലെത്തി, ദേശീയപുരസ്കാരം നേടി. ഇപ്പോൾ താൻ രചനയും സംവിധാനവും നിർവഹിച്ച സിനിമ തിയേറ്ററിലേക്ക് എത്താൻ പോകുന്നതിന്റെ ആവേശത്തിലാണ് ആ പഴയ കുട്ടി.

ജോജു ജോർജ്, അലൻസിയർ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന നാരായണീൻെറ മുന്നാൺമക്കൾ സിനിമയുടെ സംവിധായകൻ ശരൺ വേണു​ഗോപാൽ സിനിമയെ കുറിച്ചും സംവിധാനത്തെ കുറിച്ചുമുള്ള വിശേഷങ്ങൾ പങ്കുവെക്കുന്നു.

? എൻജിനിയറിങ് പഠനം കഴിഞ്ഞ് സിനിമയിലേക്ക് എത്തുമ്പോൾ എന്തായിരുന്നു മനസിൽ?

സിനിമ അങ്ങനെ പ്രത്യേക പോയന്റിൽ എടുത്ത തീരുമാനമായിരുന്നില്ല. എങ്ങനെയോ ഒരു താത്പര്യമുണ്ടാകുകയായിരുന്നു. ചെറുപ്പത്തിൽ വീട്ടിൽ നിന്ന് വർഷത്തിൽ ഒരിക്കലാണ് തിയേറ്ററിൽ പോയി സിനിമ കണ്ടിരുന്നത്. വല്ലപ്പോഴും മാത്രം സംഭവിക്കുന്നത് കൊണ്ട് അത് തരുന്ന ആവേശമുണ്ട്. അന്ന് കണ്ട ഓരോ സിനിമയും തിയേറ്ററുകളിലേക്കുള്ള യാത്രയും ആ തിയേറ്ററുകളുടെ മണം വരെ ഇപ്പോഴും ഓർമിക്കാൻ സാധിക്കും. കോഴിക്കോടുള്ള അപ്സര, ക്രൗൺ തിയേറ്ററുകളൊക്കെ അങ്ങനെ ഓർമയിലുള്ളതാണ്.

അതിന് ശേഷം എൻജിനിയറിങ് പഠനത്തിനായി തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് സിനിമയോടുളള കാഴ്ച്ചപാട് മാറുന്നത്. ഞാൻ കണ്ടത് മാത്രമല്ല സിനിമ, വേറെയുമുണ്ടെന്ന് കണ്ടെത്തുന്നത് അവിടെ നിന്നാണ്. പഠിക്കുന്ന സമയത്ത് ഷോർട്ട് ഫിലിമുകൾ ചെയ്യുമായിരുന്നു. അത് ചെയ്ത് തുടങ്ങിയപ്പോൾ സിനിമയുടെ ഭാഷ വഴങ്ങുമെന്ന് മനസിലായി. മറ്റ് ഏത് രീതികളെക്കാളും സിനിമയുടെ ഭാഷയിൽ ആശയവിനിമയം സാധിക്കുമന്ന് തോന്നി.

കൊൽക്കത്ത സത്യജിത്ത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ അവസരം ലഭിച്ചത് ചെറിയ കാര്യമായിരുന്നില്ല. അത് പറഞ്ഞപ്പോൾ വീട്ടുകാരും പിന്തുണച്ചു.

? പഠിക്കുമ്പോൾ ചെയ്ത ഷോർട്ട് ഫിലിമിന് ദേശീയ പുരസ്കാരം, നാരാണീന്റെ മൂന്നാൺമക്കളുടെ ട്രെയ്ലർ പുറത്ത് വിട്ടത് മമ്മൂട്ടി കമ്പനിയിലൂടെ മമ്മൂട്ടി. എന്തു തോന്നുന്നു?

പഠിച്ചിറങ്ങിയ ഉടനെയാണ് ഒരു പാതിരാ സ്വപ്നം പോലെ ചെയ്യുന്നത്. ഒരു സിനിമ പൂർത്തിയാക്കുന്നതിന് അതിന്റേതായ കഷ്ടപാടുകളുണ്ട്. അതിന് ഇങ്ങനെ അം​ഗീകാരം ലഭിക്കുന്നത് ഒരു ഭാ​ഗ്യമായി കരുതുന്നു.





? നാരായണീന്റെ മൂന്നാൺമക്കൾ കുടുംബ കഥയാണോ?

നാരാണീന്റെ മൂന്നാൺമക്കളെ തീർച്ചയായും ഒരു ഫാമിലി ഡ്രാമ എന്നു വിളിക്കാം. ഇന്റൻസായ കുറേ സന്ദർഭങ്ങളുണ്ടെങ്കിലും സിനിമയിൽ നർമവുമുണ്ട്. പക്ഷേ, ഒരു കുടുംബ കഥ പറയണമെന്ന് വിചാരിച്ച് ചെയ്തതല്ല ഇത്. വ്യക്തിബന്ധങ്ങളെ ചുറ്റിപ്പറ്റിയാണ്.

വ്യക്തിബന്ധങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്ന എപ്പോഴും എക്സൈറ്റ് ചെയ്യിക്കാറുണ്ട്. സൗഹൃദബന്ധങ്ങൾ, പ്രണയബന്ധങ്ങൾ അങ്ങനെ എന്തുമാകാം. അവരുടെ ഇടയിലെ ഡൈനാമിക്സും ടെൻഷനും എന്നെ ആകർഷിക്കാറുണ്ട്.

? നാരായണീന്റെ മൂന്നാൺമക്കളിൽ സഹോദരങ്ങളായി എത്തുന്നത് ജോജു ജോർജ്, അലൻസിയർ, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ്. കേന്ദ്രകഥാപാത്രങ്ങളെ നേരത്തെ തീരുമാനിച്ചിരുന്നോ?

അങ്ങനെ ഒരു തീരുമാനം നമ്മൾക്ക് തനിച്ച് എടുക്കാൻ പറ്റില്ലല്ലോ! എഴുതിയ സമയത്ത് എന്റെ മനസിൽ ഇവരുടെ മുഖങ്ങൾ കയറി കൂടിയിരുന്നു. പക്ഷേ, ഇവർ വരുമെന്നോ, കഥയിൽ കൺവിൻസ്ഡ് ആകാമെന്നോ അന്നേരം ഉറപ്പൊന്നും ഉണ്ടായിരുന്നില്ല.

കഥ എഴുതി കഴിഞ്ഞപ്പോൾ ആദ്യം ജോജു ചേട്ടനെയാണ് കണ്ടത്. സിനോപ്സിസ് കേട്ടപ്പോൾ തന്നെ ജോജു ചേട്ടൻ ഒക്കെ പറഞ്ഞു. അത് തന്ന ആത്മവിശ്വാസത്തിലാണ് മറ്റുള്ളവരെ കാണാൻ പോയത്.

? നാരായണീന്റെ മൂന്നാൺമക്കൾ സിനിമയുടെ കഥയിലേക്ക് എങ്ങനെയാണ് എത്തുന്നത്?

കോഴിക്കോട് കൊയിലാണ്ടിയിലാണ് കഥ നടക്കുന്നത്. ഞാൻ ചെറുപ്പത്തിൽ കുറച്ച് കാലം അവിടെയുണ്ടായിരുന്നു. ആദ്യത്തെ സിനിമ അവിടെ ചെയ്യണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നു. അവിടെ കണ്ടതും കണ്ട് മറന്നതുമായ ഒരുപാട് ആളുകളുണ്ട് അവിടെ. കഥയെഴുത്തിൽ അതിൽ പലതും സ്വാധീനിച്ചിട്ടുണ്ട്. പിന്നെ കഥ വളർന്നു. ഓർ​ഗാനിക്കായി സംഭവിക്കുകയായിരുന്നു. ഒറ്റ സംഭവത്തെ അടിസ്ഥാനമാക്കിയോ, ഒരു വ്യക്തിയെ അടിസ്ഥാനമാക്കിയോ അല്ല സിനിമ മുന്നോട്ടു പോകുന്നത്.

ഒരുപാട് കഥകൾ ഈ സിനിമയിൽ പറയുന്നുണ്ടെന്ന് കാണുമ്പോൾ പ്രേക്ഷകർക്ക് മനസിലാകും. ഓരോ വ്യക്തിയുടേതും ഓരോ യാത്രയാണ്.

? മുതിർന്ന താരങ്ങൾക്കൊപ്പമുള്ള ഷൂട്ടിങ് അനുഭവം എങ്ങനെ ഉണ്ടായിരുന്നു?

എല്ലാവരും തന്നെ വളരെ സീനിയർ ആയിട്ടുള്ള ആർട്ടിസ്റ്റുകളാണ്. ചെറുപ്പം മുതൽ നമ്മൾ ഇവരുടെ സിനിമകൾ കണ്ടാണ് വളർന്നത്. പക്ഷേ, അത് അധികം ടെൻഷൻ അടുപ്പിച്ചിരുന്നില്ല. ഒരു സംവിധായകൻ എന്ന നിലയിൽ നമ്മൾക്ക് വ്യക്തമായ ധാരണയുണ്ടായിരിക്കണം. പിന്നെ ഒരുപാട് പഠിക്കാൻ പറ്റി. ഇൻഡസ്ട്രി എക്സ്പീരിയൻസ് ശരിക്കും കിട്ടുന്നത് ഇതിൽ നിന്നാണ്.

പലപ്പോഴും ഇവരുടെയെല്ലാം അഭിനയമുഹൂർത്തങ്ങൾ നമ്മളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ജോജു ചേട്ടന്റെയാകട്ടെ, സുരാജേട്ടന്റെയാകട്ടെ, കട്ട് പറഞ്ഞ് കഴിഞ്ഞും സെറ്റ് മുഴുവൻ മിണ്ടാതെ നിന്നുപോയി. കൈയടിക്കാൻ പോലും മറന്നുപോകില്ലേ, അത്ര ഇന്റൻസായ പ്രകടനമായിരുന്നു!.




? മലയാള സിനിമയുടെ ഇപ്പോഴത്തെ മാറ്റത്തിൽ എന്തു തോന്നുന്നു?

ഇന്ത്യൻ സിനിമാ മേഖലയിൽ തുടക്ക കാലം മുതലേ ഒരുപാട് പുതിയ കാര്യങ്ങൾ കൊണ്ടുവരാൻ മലയാള സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്. 70കളിലും 80കളിലും 90കളിലും എല്ലാം ഇത് സംഭവിച്ചിട്ടുണ്ട്. ഇടയ്ക്ക് എപ്പോഴോ മാത്രം ഒന്ന് മങ്ങിയിട്ടുണ്ടാകാം. പരീക്ഷണങ്ങൾ സ്വാ​ഗതം ചെയ്യുന്ന പ്രേക്ഷകരുള്ളത് കൊണ്ട് എപ്പോഴും മലയാളസിനിമയ്ക്ക് ഉയരാൻ പറ്റിയിട്ടുണ്ട്. പക്ഷേ, അതൊരു സമ്മർദമായി തോന്നിയിട്ടില്ല. നല്ല കഥകൾ പറയാൻ ശ്രമിക്കുകയാണ്. ആളുകൾക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന, എൻ​ഗേജ് ചെയ്യിക്കുന്ന കഥകൾ പറയണമെന്നുണ്ട്. അതിന് സത്യസന്ധമായി കഥകൾ പറയുക.

? എപ്പോഴെങ്കിലും ഒരു പാതിരാസ്വപ്നം പോലെ ബി​ഗ് സ്ക്രീനിലേക്ക് കൊണ്ടുവരണമന്ന് തോന്നിയിട്ടുണ്ടോ?

അങ്ങനെ ഒരു പ്ലാൻ ഒന്നുമില്ല. സംഭവിക്കുകയാണെങ്കിൽ സംഭവിക്കട്ടെ.

? ആദ്യത്തെ സിനിമ തിയേറ്ററിലേക്ക് എത്തുമ്പോൾ എന്ത് തോന്നുന്നു. വരാൻ പോകുന്ന പ്രൊജക്ടുകൾ?

നാരായണീൻെറ മൂന്നാൺമക്കൾ പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്ന് അറിയാൻ ആകാംക്ഷയുണ്ട്.

കുറച്ച് വർക്കുകൾ നടക്കുന്നുണ്ട്. പഠിച്ചിറങ്ങിയ കാലം മുതൽ മറ്റൊരാളുടെ സ്ക്രിപ്റ്റ് സംവിധാനം ചെയ്യണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നു. അങ്ങനെ ഒരെണ്ണമാണ് അടുത്തത്.

TAGS :

Next Story