'ഇതാ കേരള സ്‌റ്റോറിയിലെ ലവ് ജിഹാദ് ഇരകള്‍...'; 37 സ്ത്രീകളെ വേദിയിലെത്തിച്ച് അണിയറക്കാര്‍, ഒക്കെയും ഉത്തരേന്ത്യക്കാര്‍
കേരളത്തില്‍ നിന്നുള്ള ഇരകളുടെ വിഡിയോ യൂട്യൂബിലുണ്ടെന്നാണ് നിര്‍മാതാവിൻ്റെ വിശദീകരണം

ന്യൂഡല്‍ഹി: 'ലവ് ജിഹാദ്' ഇരകളായ സ്ത്രീകളെന്ന് അവകാശപ്പെട്ട് 37ഓളം സ്ത്രീകളെ സിനിമയുടെ പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുപ്പിച്ച് വിദ്വേഷ സിനിമയായ 'കേരള സ്റ്റോറി 2'ന്റെ അണിയറക്കാര്‍. കേരളത്തില്‍ വ്യാപകമായി 'ലവ് ജിഹാദ്' നടക്കുന്നുവെന്ന് ആരോപിക്കുന്ന സിനിമയുടെ അണിയറക്കാര്‍, പക്ഷേ വേദിയില്‍ കൊണ്ടുവന്നതൊക്കെയും ഉത്തരേന്ത്യന്‍ സ്ത്രീകളെ. കേരളത്തില്‍ നിന്ന് ആരംഭിച്ച 'ലവ് ജിഹാജ്' രാജ്യവ്യാപകമായെന്നും അതാണ് സിനിമയുടെ പ്രമേയമെന്നുമാണ് അണിയറക്കാര്‍ ഇതിന് വിശദീകരണം നല്‍കിയത്.
കേരള സ്‌റ്റോറി 2 സംവിധായകന്‍ കാമാഖ്യ നാരായണ്‍ സിങ്, നിര്‍മാതാവ് വിപുല്‍ അമൃത്ലാല്‍ ഷാ തുടങ്ങിയവരാണ് ഡല്‍ഹിയില്‍ നടന്ന പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുത്തത്. ഒപ്പം, 'ലവ് ജിഹാദി'ന്റെ ഇരകളെന്ന പേരില്‍ 37 സ്ത്രീകളെയും വേദിയിലെത്തിച്ചു. എല്ലാം ഉത്തരേന്ത്യക്കാരായ സ്ത്രീകളായിരുന്നു. പേരിനു പോലും കേരളത്തില്‍ നിന്ന് ഒരാളില്ല.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അണിയറക്കാര്‍ വിസമ്മതിച്ചെങ്കിലും പിന്നീട് പ്രതികരിച്ചു. കേരളത്തില്‍ നിന്ന് ആരംഭിച്ച 'ലവ് ജിഹാദ്' രാജ്യമാകെ പടര്‍ന്നതാണ് സിനിമയുടെ പ്രമേയമെന്നാണ് സംവിധായകന്‍ കാമാഖ്യ നാരായണ്‍ സിങ് പറഞ്ഞത്.
കേരളത്തില്‍ നിന്നുള്ള ഇരകളുടെ വിഡിയോ യൂട്യൂബിലുണ്ടെന്നാണ് നിര്‍മാതാവിന്റെ മറുപടി. കേരളത്തില്‍ 'ലവ് ജിഹാദ്' ഇല്ലെന്ന് സുപ്രിംകോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് പറഞ്ഞത് ചൂണ്ടിക്കാട്ടിയപ്പോള്‍ നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നായിരുന്നു മറുപടി. കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ന്ന് ഉത്തരംമുട്ടിയതോടെ അണിയറക്കാര്‍ ഉടന്‍ വേദി വിടുകയായിരുന്നു.
Adjust Story Font
16

