Quantcast

വരദനുണ്ണിയുടെ പ്രതികാരം വീണ്ടും കാണാം; ലിജോ ജോസിൻ്റെ 'നായകന്‍' 4Kയില്‍ റീറിലീസിന്

2010ല്‍ പുറത്തിറങ്ങിയ സിനിമ തിയറ്ററുകളില്‍ വലിയ വിജയം നേടിയില്ലെങ്കിലും സംവിധാന മികവും ഇന്ദ്രജിത്തിൻ്റെ അഭിനയ മികവും പ്രശംസിക്കപ്പെട്ടിരുന്നു

MediaOne Logo
Lijo Jose Pellisserys Nayakan movie to re release in 4k
X

ഇന്ദ്രജിത്ത് സുകുമാരന്‍ നായകനായി ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ 2010ല്‍ പുറത്തിറങ്ങിയ സിനിമ 'നായകന്‍' റീറിലീസ് ചെയ്യുന്നു. 4K ദൃശ്യമികവിലാണ് ഇത്തവണ ചിത്രം തിയറ്ററുകളിലെത്തുക. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആദ്യ ചിത്രമാണിത്. വരദനുണ്ണി എന്ന കഥകളി കലാകാരനെയാണ് ഇന്ദ്രജിത്ത് അവതരിപ്പിച്ചത്.

കുടുംബത്തെ ഇല്ലാതാക്കിയവരോടുള്ള വരദനുണ്ണിയുടെ പ്രതികാരം ഇതിവൃത്തമാക്കിയുള്ള സിനിമ തിയറ്ററുകളില്‍ വലിയ വിജയം നേടിയില്ലെങ്കിലും സംവിധാന മികവും ഇന്ദ്രജിത്തിന്റെ അഭിനയ മികവും പ്രശംസിക്കപ്പെട്ടിരുന്നു. പി.എസ് റഫീഖാണ് ചിത്രത്തിന്റെ രചന. ഇന്ദ്രജിത്തിന് പുറമെ തിലകന്‍, ജഗതി ശ്രീകുമാര്‍, ധന്യ മേരി വര്‍ഗീസ്, സിദ്ദിഖ്, വിജയരാഘവന്‍, ലാലു അലക്സ്, കലാശാല ബാബു, ചെമ്പന്‍ വിനോദ് ജോസ്, ശ്രീജിത്ത് രവി, അനില്‍ മുരളി, സാലു കെ. ജോര്‍ജ്ജ്, ശിവജ്, കിരണ്‍രാജ്, ടോഷ് ക്രിസ്റ്റി, മജീദ്, രാജീവ് കളമശ്ശേരി, അംബികാ മോഹന്‍ എന്നിവരും ചിത്രത്തിലുണ്ടായിരുന്നു. ഇല്ലുമിനാറ്റോ ഫിലിംസിന്റെ ബാനറില്‍ അനൂപ് ജോണ്‍സണ്‍ കരേടന്‍ ആണ് ചിത്രം നിര്‍മിച്ചത്.


'നായക'ന്റെ 4K ഡോള്‍ബി അറ്റ്മോസില്‍ റീമാസ്റ്ററിങ് ചെയ്തിരിക്കുന്നത് ഹൈ സ്റ്റുഡിയോസ് ആണ്. ഏപ്രിലില്‍ ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈസിന്‍ ഗ്ലോബല്‍ വെഞ്ചേഴ്സ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്.

TAGS :

Next Story