‘മഞ്ഞുമ്മൽ ബോയ്സിലെ സുഭാഷ് വേറ ലെവലാ, തിരുമ്പി വന്താച്ച്..’; ആസാദിക്ക് തമിഴകത്തും കയ്യടി
ശ്രീനാഥ് ഭാസിയുടെ മഞ്ഞുമ്മൽ സുഭാഷിന്റെ ചിത്രങ്ങളും ചേർത്താണ് പുതിയ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നത്.

മറ്റൊരു മലയാള സിനിമ കൂടി തമിഴ്നാട്ടിൽ ഓളങ്ങൾ സൃഷ്ടിക്കുന്നു. ‘’മഞ്ഞുമ്മൽ ബോയ്സിലെ സുഭാഷ് വേറ ലെവലാ തിരുമ്പി വന്താച്ച്...". മലയാളി പ്രേക്ഷകർക്കൊപ്പം തമിഴകം വീണ്ടും ശ്രീനാഥ് ഭാസിക്ക് കയ്യടിക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആസാദി തമിഴ്നാട്ടിലും പ്രേക്ഷകരുടെ വലിയ പിന്തുണ സ്വന്തമാക്കുകയാണ്. "ആസാദി"യിലെ ശ്രീനാഥ് ഭാസിയുടെ കരിയർ ബെസ്റ്റ് പ്രകടനത്തെ വാഴ്ത്തി തമിഴ് പ്രേക്ഷകരും ട്രാക്കേഴ്സും നിരൂപകരും എക്സ് അടക്കമുള്ള സമൂഹമാധ്യമ ഫോറങ്ങലിൽ രംഗത്തെത്തി. തീർത്തും സാധാരണക്കാരുടെ കഥകൾ പെട്ടെന്നു മനസ്സിലേക്ക് ആവാഹിക്കാറുള്ള തമിഴ് പ്രേക്ഷകർക്ക് ഭാസിയുടെ ആസാദിയിലെ രഘു എന്ന കഥാപാത്രം 'പുടിച്ചിരിക്കാ’ എന്നതിന്റെ തെളിവാണ് സോഷ്യൽ മീഡിയ ഹാൻഡിലുകളിലെ ഇപ്പോഴത്തെ ആഘോഷം. ഭാസിയുടെ മഞ്ഞുമ്മൽ സുഭാഷിന്റെ ചിത്രങ്ങളും ചേർത്താണ് പുതിയ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നത്.
ഡീസന്റ് ത്രില്ലറാണ് ആസാദി. ഏതാണ്ട് പൂർണമായും ഒരു ആശുപത്രിയിലാണ് കഥ നടക്കുന്നത്. അതും ഏകദേശം ഒരു രാത്രിയിലെ ത്രില്ലിങ് അനുഭവങ്ങൾ. തടവുകാരിയായ ഒരു ഗർഭിണിയെ പുറത്തെത്തിക്കാൻ കുറേ കഥാപാത്രങ്ങൾ ചേർന്ന് ശ്രമിക്കുന്നു. ശ്രീനാഥ് ഭാസിയുടെ പാകതയാർന്ന പ്രകടനം. ലാലിന്റെ മാസ് കഥാപാത്രം. ക്ലൈമാക്സിൽ തീർത്തുമൊരു സർപ്രൈസും. അത് നിങ്ങളെ അമ്പരപ്പിക്കുക തന്നെ ചെയ്യും- നിരൂപകൻ സിദ്ധാർഥ് ശ്രീനിവാസ് എക്സിൽ കുറിച്ചു.
സ്വാഗ് പുൾ ഓഫ് ചെയ്യാൻ വലിയ ശരീരവും മസിലും വേണ്ടെന്ന് തെളിയിച്ച അതുല്യ നടൻ രഘുവരനെ കയ്യും നീട്ടി സ്വീകരിച്ച തമിഴ് പ്രേക്ഷകർ അതേ സ്റ്റൈൽ അനായാസം പരീക്ഷിക്കാൻ കഴിയുന്ന ഭാസിയേയും സ്വീകരിക്കുമെന്നാണ് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നത്.
കേരള റിലീസിനൊപ്പം തമിഴ് പതിപ്പും റിലീസ് ചെയ്തിരുന്നു. സഫയർ സ്റ്റുഡിയോസാണ് ചിത്രം പ്രദർശനത്തിന് എത്തിച്ചത്. കേരളത്തിലും ചിത്രം കണ്ട പ്രേക്ഷകർ ഒരേ സ്വരത്തിലാണ് ത്രില്ലർ അനുഭവത്തെ വാഴ്ത്തുന്നത്. നായക കഥാപാത്രമായ ശ്രീനാഥ് ഭാസി, തന്റെ സ്വതസിദ്ധമായ ‘സ്വാഗ് ’, ഒരു സാധാരണക്കാരനിലേക്ക് മാറ്റി പരീക്ഷിക്കുകയാണ് ചിത്രത്തിൽ. രഘു എന്ന നായക കഥാപാത്രത്തെ ശ്രീനാഥ് ഭാസി അസാധാരണമായ മിടുക്കോടെ കൈകാര്യം ചെയ്യുന്നു. ഗംഗ എന്ന കഥാപാത്രത്തെയാണ് രവീണ അവതരിപ്പിക്കുന്നത്. ഡബ്ബിംഗ് താരം കൂടിയായ രവീണയുടെ, ഫഹദ് ചിത്രമായ മാമന്നന് ശേഷമുള്ള മികച്ച കഥാപാത്രമാണ് ഇത്. ശിവന്‍ എന്ന അച്ഛന്‍ കഥാപാത്രത്തെയാണ് ലാല്‍ അവതരിപ്പിക്കുന്നത്.
Adjust Story Font
16