ഇതാര് 'വര്‍മ്മന്‍ 2' ആണോ? 'ദിലീപ്' ആയി സുരാജ് വെഞ്ഞാറമൂട്, കൊടൂര വില്ലന്‍; 'ജയിലര്‍ 2' കാരക്ടര്‍ പ്രൊമോ
അനിരുദ്ധിൻ്റെ ഗംഭീര തീം മ്യൂസിക്കിൻ്റെ അകമ്പടിയോടെയാണ് 'ദിലീപിൻ്റെ' വരവ്

ആരാധകര്‍ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രം 'ജയിലര്‍ 2'ലെ സുരാജ് വെഞ്ഞാറമൂടിന്റെ ക്യാരക്ടര്‍ പ്രൊമോ പുറത്തിറങ്ങി. 'ദിലീപ്' എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് എത്തുന്നത്. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അനിരുദ്ധിന്റെ ഗംഭീര തീം മ്യൂസിക്കിന്റെ അകമ്പടിയോടെയാണ് 'ദിലീപിന്റെ' വരവ്. കാറില്‍ നിന്നും ചുരുട്ട് വലിച്ചുകൊണ്ട് ഇറങ്ങി വരുന്ന സുരാജിന്റെ ടീസര്‍ ഒരുദിവസം തികയും മുമ്പേ 30 ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. 'ജയിലര്‍ 1'ലെ കൊടൂര വില്ലന്‍ വിനായകന്റെ 'വര്‍മ്മന്റെ' രണ്ടാം പതിപ്പാണോ 'ദിലീപ്' എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
'ടൈഗര്‍' മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രമായി രജനീകാന്ത് തിരിച്ചെത്തുന്ന ചിത്രം നിര്‍മിക്കുന്നത് സണ്‍ പിക്ചേഴ്സ് ആണ്. മാസ് ആക്ഷന്‍ ചിത്രമായ ജയിലര്‍ 2ല്‍ സുരാജിനെ കൂടാതെ ഹക്കിം ഷാജഹാന്‍, കോട്ടയം നസീര്‍, മിര്‍ണ, സുജിത് ശങ്കര്‍, സുനില്‍ സുഗദ, ഷംന കാസിം, രാജേഷ് മാധവന്‍ എന്നീ മലയാളി താരങ്ങളുമുണ്ട്. ഒക്ടോബര്‍ 15-ന് ചിത്രം തിയേറ്ററുകളിലെത്തും.
Adjust Story Font
16

