നമ്മൾ ഓക്കേ ആകുമ്പോൾ നാടും ഓക്കേ: യുകെഓക്കെ കണ്ട് കൃഷി തുടങ്ങി ചെറുപ്പക്കാർ
ഒരു നല്ല സിനിമക്ക് മനുഷ്യ മനസ്സിൽ ഇടം പിടിക്കാനും സ്വാധീനിക്കാനും കഴിയുമെന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് യുകെഓക്കെ

കേരളത്തിൽ ചർച്ചയായിക്കൊണ്ടിരിക്കുന്ന സാമൂഹിക പ്രസക്തിയുള്ള ഒരു സിനിമ തന്നെയാണ് ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസും പൂയപ്പള്ളി ഫിലിംസും ചേർന്ന് നിർമിച്ച രഞ്ജിത്ത് സജീവ് നായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുകെഓക്കെ (UKOK) അഥവാ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള എന്ന ചിത്രം. സമീപ ഭാവിയിൽ രാജ്യം അഭിമുഖീകരിക്കാൻ പോകുന്ന വലിയൊരു
ഭവിഷ്യത്തിനെപ്പറ്റിയാണ് ഈ സിനിമ സംസാരിക്കുന്നത്. ഒരു നല്ല സിനിമക്ക് മനുഷ്യ മനസ്സിൽ ഇടം പിടിക്കാനും സ്വാധീനിക്കാനും കഴിയുമെന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് യുകെഓക്കെ. വിദേശത്തേക്ക് ജോലി തേടി പോകാനുള്ള യുവാക്കളുടെ ത്വര നമ്മുടെ രാജ്യത്തിന്റെ മൂല്യ ശോഷണത്തിനുള്ള പ്രധാന കാരണമാണ്. ഇവിടെ അവർക്ക് സ്വയം പര്യാപ്തത കൈവരിക്കാനുള്ള സാമൂഹികവും രാഷ്ട്രീയപരവുമായ ചുറ്റുപാട് ഇല്ല എന്നുള്ളതും ചർച്ച ചെയ്യപ്പെടേണ്ടതാണ്. സാമ്പത്തിക ഭദ്രത എന്നുള്ളത് ഏതൊരു വ്യക്തിയുടെയും അടിസ്ഥാന ആവശ്യമായി മാറുമ്പോൾ നമ്മുടെ യുവതലമുറ മെച്ചപ്പെട്ട ജീവിതസാഹചര്യം തേടി പുറം രാജ്യങ്ങളിലേക്ക് പാലായനം ചെയ്യുന്നു എന്നുള്ളതിൽ അത്ഭുതപ്പെട്ടിട്ട് കാര്യമില്ല. ഇന്നത്തെ നാടിന്റെ വ്യക്തമായ ചിത്രം വരച്ച് കാട്ടാൻ ഈ സിനിമക്ക് കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ നിന്ന് എങ്ങനെ നമ്മുടെ നാടിനെ ഉയർത്തിക്കൊണ്ടു വരാമെന്ന് വ്യക്തമായി നമ്മുടെ സമൂഹത്തെയും അധികാര വൃന്ദത്തെയും ബോധ്യപ്പെടുത്താൻ ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞു എന്നുള്ളത് നിസ്സംശയം പറയാം. സിനിമ കണ്ട് പ്രചോദനം ഉൾക്കൊണ്ട് ഒരുപറ്റം ചെറുപ്പക്കാർ അവരുടെ സ്വപ്ന സാക്ഷാത്കാരത്തിലേക്കുള്ള ചുവടുവെപ്പിലാണിപ്പോൾ. യുകെഓക്കെ കണ്ട് കണ്ണൂർ ജില്ലയിൽ എടക്കാട് ഗ്രാമത്തിൽ ഗ്ലിറ്റേർസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൂക്കൃഷി ആരംഭിച്ചിരിക്കുകയാണ് ഇവർ.വിദേശത്ത് പോയി നിരാശരായി മടങ്ങേണ്ടി വന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ അതിജീവനത്തിന്റെ പ്രശംസാർഹമായ സംരംഭമാണിത്. നമ്മുടെ ഭരണകൂടം ഇത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കും വഴി നമ്മുടെ യുവാക്കളുടെ ബുദ്ധിയും കഴിവും നമ്മുടെ നാടിന് തന്നെ പ്രയോജനപ്പെടുമെന്ന് അണിയറപ്രവർത്തകർ പറഞ്ഞു.
യുവനടൻ രഞ്ജിത്ത് സജീവാണ് ചിത്രത്തിൽ നായക വേഷം ചെയ്തത്. ഫ്രാഗ്രൻ്റ് നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ, സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ ചേർന്ന് നിർമിച്ച് അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചിത്രമാണ് യുകെഓക്കെ. ഛായാഗ്രഹണം സിനോജ് പി അയ്യപ്പൻ. നടൻ ശബരീഷ് വർമ എഴുതിയ മനോഹര വരികൾക്ക് നേരം, പ്രേമം പോലുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം പകർന്ന രാജേഷ് മുരുകേശൻ ഈണം പകർന്നിരിക്കുന്നു.
Adjust Story Font
16

