Quantcast

ദക്ഷിണേന്ത്യക്കാര്‍ ബോളിവുഡ് സിനിമകൾ തിയറ്ററിൽ പോയി കാണാറില്ലെന്ന് സൽമാൻ ഖാൻ; മറുപടിയുമായി നാനി

പക്ഷെ ദക്ഷിണേന്ത്യക്കാര്‍ക്ക് ബോളിവുഡിനോടുള്ള സ്നേഹം പതിറ്റാണ്ടുകളായി ഉണ്ട്

MediaOne Logo

Web Desk

  • Published:

    29 April 2025 1:53 PM IST

Nani - Salman Khan
X

ഹൈദരാബാദ്: തെന്നിന്ത്യൻ പ്രേക്ഷകര്‍ ബോളിവുഡ് സിനിമകൾ തിയറ്ററിൽ പോയി കാണാറില്ലെന്ന നടൻ സൽമാൻ ഖാന്‍റെ പ്രസ്താവനക്ക് മറുപടിയുമായി തെലുഗു താരം നാനി. ദക്ഷിണേന്ത്യക്കാര്‍ ഹിന്ദി ചിത്രങ്ങളെ രണ്ടുകയ്യും നീട്ടി സ്വീകരിക്കാറുണ്ടെന്നും തങ്ങളുടെ കുട്ടിക്കാലം മനോഹരമാക്കിയത് പഴയ ബോളിവുഡ് സിനിമകളായിരുന്നുവെന്നും ഡിഎൻഎ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ നാനി പറഞ്ഞു.

''ഹിന്ദി സിനിമയാണ് ആദ്യം വന്നത്..അത് ഒറിജിനലാണ്. പിന്നീട് ദക്ഷിണേന്ത്യൻ സിനിമകൾ വരുന്നത്. സമീപകാലത്താണ് ആ സിനിമകൾ സ്വീകരിക്കപ്പെടാൻ തുടങ്ങിയത്. പക്ഷെ ദക്ഷിണേന്ത്യക്കാര്‍ക്ക് ബോളിവുഡിനോടുള്ള സ്നേഹം പതിറ്റാണ്ടുകളായി ഉണ്ട്. അവിടെ ആരോടെങ്കിലും ‘നിങ്ങളുടെ പ്രിയപ്പെട്ട ഹിന്ദി സിനിമ ഏതാണ്?’ എന്ന് ചോദിച്ചാൽ, അമിതാഭ് ബച്ചനെക്കുറിച്ചുള്ള ബാല്യകാല ഓർമകൾ അവരുടെ മനസ്സിൽ ഉണ്ടാകും.അവർ ഒരുപാട് സിനിമകളെക്കുറിച്ച് സംസാരിക്കും. ഞങ്ങൾ എപ്പോഴും ഹിന്ദി സിനിമകൾ കാണുമായിരുന്നു - കുച്ച് കുച്ച് ഹോതാ ഹേ, ദിൽ തോ പാഗൽ ഹേ എന്നിവ ഹൈദരാബാദിലും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ബ്ലോക്ക്ബസ്റ്ററുകളായിരുന്നു.എല്ലാവരും ഇപ്പോൾ ദക്ഷിണേന്ത്യൻ സിനിമകൾ ആസ്വദിക്കുകയാണ്, പക്ഷേ ഹിന്ദി സിനിമയെ രാജ്യമെമ്പാടും എപ്പോഴും സ്വീകരിച്ചിരുന്നു'' നാനി വ്യക്തമാക്കി.

സൽമാന്‍റെ ഒരുപാട് സിനിമകൾ താൻ കണ്ടിട്ടുണ്ടെന്നും തങ്ങളുടെ വിവാഹച്ചടങ്ങുകളിൽ അദ്ദേഹത്തിന്‍റെ ചിത്രങ്ങളിലെ ഗാനങ്ങൾ ഉപയോഗിക്കാറുണ്ടെന്നും നാനി കൂട്ടിച്ചേര്‍ത്തു.

തന്‍റെ പുതിയ ചിത്രമായ സിക്കന്ദറിന്‍റെ പ്രമോഷനുകൾക്കിടെയാണ് സൽമാൻ ഇങ്ങനെ പറഞ്ഞത്. ദക്ഷിണേന്ത്യക്കാര്‍ ഹിന്ദി സിനിമകൾ കാണാറില്ലെങ്കിലും ഹിന്ദി പ്രേക്ഷകര്‍ തെന്നിന്ത്യൻ ചിത്രങ്ങൾ കാണാറുണ്ടെന്നായിരുന്നു ഖാന്‍റെ പക്ഷം."എന്‍റെ സിനിമ അവിടെ റിലീസ് ചെയ്യുമ്പോൾ, അവരുടെ ആരാധകവൃന്ദം വളരെ ശക്തമായതിനാൽ കണക്കുകൾ ലഭിക്കില്ല. ഞാൻ തെരുവിലൂടെ നടക്കും, അവർ 'ഭായ്, ഭായ്' എന്ന് പറയും, പക്ഷേ അവർ തിയേറ്ററുകളിൽ പോകില്ല. ഞങ്ങൾ അവരെ ഇവിടെ സ്വീകരിച്ച രീതി അവിടെ സംഭവിച്ചിട്ടില്ല. അവരുടെ സിനിമകൾ നന്നായി ഓടുന്നുണ്ട്., കാരണം ഞങ്ങൾ അവരുടെ സിനിമകൾ കാണുന്നു. രജനീകാന്ത് സാറിന്‍റെയും ചിരഞ്ജീവി ഗാരുവിന്‍റെയും സൂര്യയുടെയും രാം ചരണിന്‍റെയും പോലെ. പക്ഷേ അവരുടെ ആരാധകർ ഞങ്ങളുടെ സിനിമകൾ കാണാൻ പോകുന്നില്ല. ” എന്നാണ് സൽമാന്‍ ഖാൻ പറഞ്ഞത്.

അതേസമയം, സൈലേഷ് കൊളാനു സംവിധാനം ചെയ്യുന്ന നാനിയുടെ ആക്ഷൻ ത്രില്ലർ റിലീസിനായി ഒരുങ്ങുകയാണ്. നാനി, ശ്രീനിധി ഷെട്ടി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രത്തിൽ ആദിൽ പാല, റാവു രമേശ്, ബ്രഹ്മാജി, മാഗന്തി ശ്രീനാഥ് എന്നിവരും അഭിനയിക്കുന്നു. മെയ് 1 ന് ചിത്രം തിയറ്ററുകളിൽ എത്തും.

TAGS :

Next Story