Quantcast

ലിജോ-മമ്മൂട്ടി പടം കാണുന്നതിന് ക്യൂ നിൽക്കുന്നത് ആറ് മണിക്കൂറിലേറെ; ഐ.എഫ്.എഫ്.കെയിലെ പ്രതിഷേധവും പരിഭവങ്ങളും

പതിമൂവായിരം പേർക്ക് ഡെലിഗേറ്റ് പാസ് നൽകിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതിന് പുറമെ അതിഥികൾ, മറ്റുള്ളവർ എന്നിങ്ങനെ കൂടി കണക്കെടുത്താൽ പതിനേഴായിരം പാസുകൾ നൽകിയിട്ടുണ്ടെന്നാണ് അനൗദ്യോഗികമായ കണക്കുകൾ.

MediaOne Logo

അശ്വിന്‍ രാജ്

  • Updated:

    2022-12-12 09:54:57.0

Published:

12 Dec 2022 9:42 AM GMT

ലിജോ-മമ്മൂട്ടി പടം കാണുന്നതിന് ക്യൂ നിൽക്കുന്നത് ആറ് മണിക്കൂറിലേറെ; ഐ.എഫ്.എഫ്.കെയിലെ പ്രതിഷേധവും പരിഭവങ്ങളും
X

'എൽ.ജെ.പിയുടെ പടം, അതും മമ്മൂട്ടിയുടെ കൂടെ.പ്രീമിയറിംഗ് ബുക്കിങ്ങിന് വേണ്ടി എട്ട് മണിക്ക് തന്നെ നോക്കി, പക്ഷേ ബുക്കിങ് ഫുള്ളായി. അതുകൊണ്ടാണ് രാവിലെ തന്നെ വന്ന് ക്യൂ നിൽക്കാമെന്ന് കരുതിയത്' ഐ.എഫ്.എഫ്.കെ ഡെലിഗേറ്റ് ആയ അഖിലയുടെ വാക്കുകളാണ്. സമയം രാവിലെ 11 മണി ആയിട്ടെ ഉള്ളു. 3.30 ന് ഐ.എഫ്.എഫ്.കെയിൽ പ്രീമിയർ ചെയ്യുന്ന നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന് രജിസ്ട്രേഷൻ ലഭിക്കാത്തവരുടെ നീണ്ട ക്യൂവാണ് ടാഗോർ തിയേറ്ററിന് മുന്നിലുള്ളത്. ക്യൂ നിന്നാലും സിനിമ കാണാൻ പറ്റുമോയെന്ന് ആർക്കും ഉറപ്പില്ല. എന്നാലും നിന്നു നോക്കുകയാണ്. എങ്ങാനും പടം കാണാൻ പറ്റിയാലോ എന്ന പ്രതീക്ഷകളോടെ.

തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രമേള തുടങ്ങി ദിവസങ്ങൾക്കുളളിൽ തന്നെ സീറ്റ് റിസർവേഷൻ സംബന്ധിച്ച് പ്രതിഷേധ സ്വരങ്ങൾ ഇതിനോടകം ഉയർന്നിട്ടുണ്ട്. തൊട്ടടുത്ത ദിവസത്തേക്ക് ഉള്ള റിസർവേഷനുകൾ തലേദിവസം രാവിലെ എട്ട് മണിക്കാണ് ഐ.എഫ്.എഫ്.കെയുടെ ഔദ്യോഗിക സൈറ്റിലും ആപ്പുകളിലും ആരംഭിക്കുന്നത്. എന്നാൽ റിസർവേഷൻ ആരംഭിച്ച് നിമിഷങ്ങൾക്കകം മുഴുവൻ സീറ്റുകളും റിസർവ് ആയി പോകുന്നു എന്നതാണ് ഡെലിഗേറ്റുകൾ നേരിടുന്ന പ്രധാന ബുദ്ധിമുട്ട്. നിശ്ചിത ശതമാനം സീറ്റുകൾ റിസർവേഷന് കൊടുക്കുന്നതിന് പകരം മുഴുവൻ സീറ്റുകളും മുൻകൂട്ടിയുള്ള റിസർവേഷന് നൽകുന്നതോടെ ക്യൂ നിന്ന് കാണാനുള്ള സാധ്യതകളും ഇല്ലാതാകുന്നു എന്നതാണ് ഡെലിഗേറ്റുകൾ ഉയർത്തുന്ന പരാതി.


ടെക്നോളജിയിൽ പുറംതള്ളപ്പെടുന്നവർ

റിസർവേഷൻ സിസ്റ്റത്തിന്റെ നല്ല വശങ്ങളുള്ളപ്പോൾ തന്നെ തികഞ്ഞ അശാസ്ത്രീയ രീതിയിലാണ് നിലവിൽ റിസർവേഷൻ അനുവദിച്ചുകൊണ്ടിരിക്കുന്നത്. പൂർണമായും റിസർവേഷൻ നൽകുമ്പോഴും അതിലേറെ പേരാണ് അൺറിസേർവ്ഡ് ക്യൂവിൽ കാഴ്ച്ചക്കാരായി നിൽക്കുന്നത്. 'ലിജോ ജോസ് പെല്ലിശ്ശേരിയെ പോലുള്ള ഒരു സംവിധായകന്റെ പടം എങ്ങിനെയായിരിക്കുമെന്ന് ആദ്യ ദിവസം തന്നെ കാണാനും. മീറ്റ് ദ ഡയറക്ടർ പ്രോഗ്രാമിൽ പങ്കെടുക്കാനും ആഗ്രഹമുള്ള ധാരാളം ആളുകളുണ്ട്. റിസർവേഷൻ ലഭിച്ചില്ലെങ്കിലും എങ്ങാനും സിനിമ കാണാൻ സാധിച്ചാലോ എന്ന് കരുതിയാണ് പലരും ഈ ക്യൂവിൽ നിൽക്കുന്നത്' എന്നാണ് മാധ്യമപ്രവർത്തകനും ഡെലിഗേറ്റുമായ വിനു ജനാർദ്ദനൻ പറയുന്നത്.

ഇതിന് പുറമെ വർഷങ്ങളായി ഫെസ്റ്റിവലിൽ വരികയും ടെക്നോളജിയുടെ അപ്ഡേഷനിൽ പുറം തള്ളപ്പെടുന്നവരുടെ വിഷമങ്ങളും ഐ.എഫ്.എഫ്.കെ വേദിയിലുണ്ട്. 'നിലവിലെ റിസർവേഷൻ രീതിയിൽ റിസർവ് ചെയ്തവർ പോലും മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വരുന്നുണ്ട്. കാരണം. 3.30 നുള്ള ഒരു ഷോയ്ക്ക് 3.20ന് എത്തിയില്ലെങ്കിൽ റിസർവേഷൻ ക്യാൻസലാവും. പിന്നെ എന്തിനാണ് റിസർവേഷൻ എന്നാണ് മനസിലാകാത്തത്' - ഡെലിഗേറ്റായ ദിവ്യ ചോദിക്കുന്നത് ഇങ്ങനെയാണ്.

നിശ്ചിത ശതമാനം റിസർവേഷനുകൾ ഏർപ്പെടുത്തുകയും. ബാക്കിയുള്ള സീറ്റുകളുടെ എണ്ണവും മറ്റും ഡെലിഗേറ്റുകൾക്ക് മെയിലായോ എസ്.എം.എസ് ആയോ നൽകിയാൽ ഇത്രയും പേർ ഇത്രയും സമയം ക്യൂ നിന്ന് ബുദ്ധിമുട്ടേണ്ട കാര്യമില്ല. സീറ്റുകളുടെയും റിസർവേഷന്റെയും എണ്ണത്തിലുള്ള അനിശ്ചിതത്വമാണ് യഥാർത്ഥത്തിൽ ഈ കാത്തിരിക്കുന്നവരുടെ എണ്ണം കൂടാൻ കാരണമെന്നും വിനു ജനാർദ്ദനൻ മീഡിയവണിനോട് പറഞ്ഞു.


ഫെസ്റ്റിവൽ മാറി ചിന്തിക്കണമോ ?

ഇരുപത്തിയേഴ് വർഷമായി നടക്കുന്ന ഐ.എഫ്.എഫ്.കെയുടെ ഒരു സോഷ്യൽ ഓഡിറ്റിങ് നടത്തേണ്ട കാലം കഴിഞ്ഞെന്നാണ് സിനിമ പ്രവർത്തകനായ പി.ബാബുരാജ് മീഡിയവണിനോട് പറഞ്ഞത്.സോഷ്യൽ ഓഡിറ്റിംഗിന്റെ ഇതിന്റെ കണക്കെടുപ്പ് എങ്ങനെ നടത്തും എന്നത് ഒരു പ്രശ്‌നം തന്നെയാണ്. മുമ്പ് ഫിലിം സൊസൈറ്റികളുടെ റെക്കമെന്റേഷൻ വെച്ചാണ് കാണികൾ എത്തിയിരുന്നത്. അന്ന് സിനിമകൾ സുഖമായി കാണാമായിരുന്നു. പിന്നീട് ഡെമോക്രൈസേഷൻ നടന്നതിന്റെ ഭാഗമായി ഒരുപാട് പേർ പങ്കെടുക്കാൻ തുടങ്ങി. പിന്നീട് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓഡിയൻസ് പാർട്ടിസിപ്പേഷൻ ഉള്ള ഫെസ്റ്റിവലായി ആയി ഐ.എഫ്.എഫ്.കെ മാറുകയാണ് ഉണ്ടായത്. ഇതുകൊണ്ട് ഒരുപാട് ഗുണമുണ്ടായി. സനൽകുമാർ ശശിധരൻ, സജിൻ ബാബു എന്നിങ്ങനെ നിരവധി പേർ ഈ ഫെസ്റ്റിവലിന്റെ പ്രോഡക്റ്റുകളാണ്.

പ്രതിഷേധങ്ങളും പരിഭവങ്ങളും

പതിമൂവായിരം പേർക്ക് ഡെലിഗേറ്റ് പാസ് നൽകിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതിന് പുറമെ അതിഥികൾ, മറ്റുള്ളവർ എന്നിങ്ങനെ കൂടി കണക്കെടുത്താൽ പതിനേഴായിരം പാസുകൾ നൽകിയിട്ടുണ്ടെന്നാണ് അനൗദ്യോഗികമായ കണക്കുകൾ. അതേസമയം മൊത്തം സീറ്റുകളുടെ കപ്പാസിറ്റി ഇതിന്റെ മൂന്നിലൊന്നെ ഉള്ളു. അന്താരാഷ്ട്ര രംഗത്ത് ഇത്രയം ശ്രദ്ധേയമായ ഫെസ്റ്റിവലിൽ ഇത്തരത്തിൽ കാണികളായി വരുന്ന ഡെലിഗേറ്റുകളെ മണ്ടന്മാരാക്കുന്ന പതിവ് നിർത്തണമെന്ന് ഡെലിഗേറ്റുകളിൽ ഒരാളായ അഫ്സൽ ഷാ പറഞ്ഞു. യഥാർത്ഥത്തിൽ ഡെലിഗേറ്റ് കാർഡുകൾ തിരികെ നൽകി പ്രതിഷേധം ഉയർത്തേണ്ട കാര്യമാണ് ഫെസ്റ്റിവലിൽ നടക്കുന്നതെന്നാണ് ഡെലിഗേറ്റുകളിൽ ഒരാളായ ജിത്തു പറയുന്നത്.

നിലവിലെ റിസർവേഷൻ സിസ്റ്റം മുൻ നിർത്തുമ്പോൾ തന്നെ ആളുകളുടെ എണ്ണത്തിന് അനുസരിച്ച് സ്‌ക്രീനിംഗുകളുടെ എണ്ണമോ തിയേറ്ററുകളുടെ എണ്ണമോ വർധിപ്പിച്ചാൽ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാവുമെന്നാണ് ഡെലിഗേറ്റ് ആയ അരുൺ എഫ് പറയുന്നത്. നിലവിൽ തിരുവനന്തപുരത്തുള്ള മറ്റ് തിയേറ്ററുകളിൽ കൂടി പ്രദർശിപ്പിക്കുകയോ അതുമല്ലെങ്കിൽ ഭാരത് ഭവൻ, ലെനിൻ ബാലവാടി, പ്ലാനിറ്റോറിയം, സ്റ്റുഡൻസ് സെന്റർ തുടങ്ങിയ സ്ഥലങ്ങളിൽ കൂടി ചിത്രം പ്രദർശിപ്പിക്കുകയോ ചെയ്യണമെന്നും അരുൺ പറയുന്നു.


TAGS :

Next Story