രജനീകാന്ത് അല്ല, ഈ താരമാണ് കൂലിയുടെ പ്രധാന ഹൈലൈറ്റ്? സോഷ്യൽമീഡിയയിൽ ചര്‍ച്ചയായി ആദ്യ റിവ്യൂ
ചിത്രം ഒരു മസാല എന്‍റര്‍ടെയ്നറാണെന്നാണ് റിവ്യൂ സൂചിപ്പിക്കുന്നത്

ചെന്നൈ: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കൂലി. സൂപ്പര്‍സ്റ്റാര്‍ രജനീകാന്തും സൂപ്പര്‍ സംവിധായകൻ ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രം ആഗസ്ത് 14നാണ് തിയറ്ററുകളിലെത്തുന്നത്. തിയറ്ററുകളിലെത്തുന്നതിന് മുൻപെ സിനിമയുടെ റിവ്യൂ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ചിത്രം ഒരു മാസ് എന്‍റര്‍ടെയ്നറാണെന്നാണ് റിവ്യൂ സൂചിപ്പിക്കുന്നത്.
സിനിമയുടെ റിലീസിന് മുന്നോടിയായി കൂലിയുടെ 'പ്രധാന ഹൈലൈറ്റ്' സംബന്ധിച്ച ഒരു വൈറൽ ട്വീറ്റ് ചർച്ചകൾക്ക് തുടക്കമിട്ടു. സംവിധായകനായ ലോകേഷ് പതിവ് ശൈലിയിൽ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്നുവെന്ന് 'അലക്സ്' എന്ന അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട ട്വീറ്റിൽ പറയുന്നു. കബാലിക്ക് ശേഷമുള്ള ഏറ്റവും മികച്ച പ്രകടനമെന്നാണ് കൂലിയിലെ രജനീകാന്തിന്‍റെ അഭിനയത്തെ വിശേഷിപ്പിക്കുന്നത്. ശ്രുതി ഹാസനാണ് ചിത്രത്തിന്‍റെ പ്രധാന ഹൈലൈറ്റെന്നും പറയുന്നു. നാഗാര്‍ജുനയാണ് കൂലിയുടെ നട്ടെല്ല്. അതിഥി വേഷത്തിലെത്തുന്ന ആമിര്‍ ഖാന്‍റെ പ്രകടനം തിയറ്റര്‍ പൂരമ്പറപ്പാക്കുമെന്നും ട്വീറ്റിൽ കുറിച്ചിരിക്കുന്നു. ആരാധകര്‍ക്ക് വലിയൊരു സര്‍പ്രൈസായിരിക്കും ചിത്രമെന്നും പറയുന്നു.
കൂലിയുടെ ആദ്യ റിവ്യൂ വളരെയധികം ഹൈപ്പ് നൽകിയതിനാൽ ബുക്കിംഗിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 'കൂലി'യുടെ കേരളത്തിലെ ബുക്കിംഗ് നാളെ രാവിലെ 10.30 ന് ആരംഭിക്കും. ആഗസ്ത് 14 ന് രാവിലെ 6 മണിക്കായിരിക്കും ഫസ്റ്റ് ഷോ. 2023-ൽ തുനിവിന്‍റെ ആദ്യഷോക്കിടെ ആരാധകൻ മരിച്ചതിനെത്തുടർന്ന് തമിഴ്‌നാട് സർക്കാർ അതിരാവിലെയുള്ള ഷോകൾ റദ്ദാക്കിയിരുന്നു. അതുകൊണ്ട് തമിഴ്നാട്ടിൽ ആദ്യ ഷോ രാവിലെ 9 മണിക്ക് മാത്രമേ ആരംഭിക്കൂ. സെൻസര്‍ ബോര്‍ഡ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. കലാനിധി മാരനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മലയാളി താരം സൗബിൻ ഷാഹിറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Adjust Story Font
16

