Quantcast

16-ാം വയസിൽ സൽമാന്‍റെ നായിക; ഇന്ന് ഉപജീവനത്തിനായി ടിഫിൻ സർവീസ്, 90കളിലെ ഹീറോയിൻ പൂജ ദദ്‍വാളിന് സംഭവിച്ചത്!

ബോളിവുഡ് നടൻ സൽമാൻ ഖാന്‍റെ നായികയായി സിനിമയിലെത്തിയ പൂജ ദദ്‍വാൾ എന്ന നടിയുടെ ജീവിതവും സിനിമാക്കഥയെ വെല്ലുന്നതാണ്

MediaOne Logo

Web Desk

  • Updated:

    2026-05-05 06:28:25.0

Published:

5 May 2026 11:54 AM IST

16-ാം വയസിൽ സൽമാന്‍റെ നായിക; ഇന്ന് ഉപജീവനത്തിനായി ടിഫിൻ സർവീസ്, 90കളിലെ ഹീറോയിൻ പൂജ ദദ്‍വാളിന് സംഭവിച്ചത്!
X

മുംബൈ: ഏതൊരാളെയും ഭ്രമിപ്പിക്കുന്ന ലോകമാണ് സിനിമ. ആഡംബരങ്ങൾ, സൗകര്യങ്ങൾ, ചുറ്റും ആരാധകര്‍...വെള്ളിത്തിരയുടെ തിളക്കത്തിൽ കഴിയുമ്പോൾ അത് മാത്രമാണ് ലോകമെന്ന് തോന്നും. എന്നാൽ ഈ തിളക്കം മങ്ങിയതിന് ശേഷമുള്ള കാലത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. ഒരു കാലത്ത് അഭ്രപാളിയിൽ അതിശയിപ്പിച്ചിട്ടുള്ള പല താരങ്ങളുടെയും വീഴ്ചയും പിന്നീടുള്ള ജീവിതവും നാം കണ്ടിട്ടുള്ളതാണ്. അതിജീവനത്തിനായി സോപ്പ് വിൽക്കുകയും കച്ചവടത്തിലേക്ക് തിരിയുകയും ചെയ്ത ഒരുപാട് അഭിനേതാക്കൾ.

ബോളിവുഡ് നടൻ സൽമാൻ ഖാന്‍റെ നായികയായി സിനിമയിലെത്തിയ പൂജ ദദ്‍വാൾ എന്ന നടിയുടെ ജീവിതവും സിനിമാക്കഥയെ വെല്ലുന്നതാണ്.തൊണ്ണൂറുകളിൽ ബോളിവുഡിൽ വലിയ പ്രതീക്ഷ നൽകിയ താരമായിരുന്ന പൂജ, എന്നാൽ ഈ പ്രതീക്ഷകളെയെല്ലാം കാറ്റിൽ പറത്തുന്നതായിരുന്നു നടിയുടെ പിന്നീടുള്ള ജീവിതം.

1995-ൽ 'വീർ ഗതി' എന്ന ചിത്രത്തിൽ സൽമാന്‍റെ നായികയായി അരങ്ങേറുമ്പോൾ പൂജയ്ക്ക് വെറും 16 വയസ മാത്രമായിരുന്നു പ്രായം. സിനിമയിലെ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ പൂജയ്ക്ക് ബോളിവുഡിൽ വലിയൊരു കരിയർ തന്നെ ഉണ്ടായിരുന്നു. എന്നാൽ പെട്ടെന്നുണ്ടായ വ്യക്തിജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളും ആരോഗ്യപ്രശ്നങ്ങളും അവരെ സിനിമാ ലോകത്ത് നിന്ന് പൂർണമായും മാറ്റിനിർത്തി. കുടുംബജീവിതത്തിലുണ്ടായ തകർച്ചകൾക്ക് ശേഷം സാമ്പത്തികമായി വലിയ പ്രതിസന്ധികളിലൂടെയാണ് അവർ കടന്നുപോയത്.

തുടർന്ന് വന്ന വർഷങ്ങൾ പൂജയ്ക്ക് കടുത്ത പോരാട്ടങ്ങളുടേതായിരുന്നു. 2018-ൽ ക്ഷയരോഗം ബാധിച്ച് മുംബൈയിലെ ഒരു സർക്കാർ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ അവരെ കണ്ടെത്തി. ചികിത്സയ്ക്ക് പോലും പണമില്ലാതെ കുടുംബാംഗങ്ങൾ ഉപേക്ഷിച്ച അവസ്ഥയിലായിരുന്നു അവർ. രോഗശയ്യയിലായിരുന്ന കാലത്ത് സഹായത്തിനായി സിനിമാ മേഖലയിലുള്ളവരോട് അപേക്ഷിച്ചെങ്കിലും പലരിൽ നിന്നും അവഗണന മാത്രമാണ് ലഭിച്ചത്. എന്നാൽ ഈ വാർത്ത അറിഞ്ഞ സൽമാൻ ഖാൻ തന്റെ ബീയിംഗ് ഹ്യൂമൻ ഫൗണ്ടേഷൻ വഴി പൂജയുടെ ചികിത്സാ ചെലവുകൾ ഏറ്റെടുക്കുകയും അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുകയും ചെയ്തു. രോഗം ഭേദമായെങ്കിലും സിനിമയിലേക്കുള്ള തിരിച്ചുവരവ് സാധ്യമല്ലാത്തതിനാൽ അതിജീവനത്തിനായി ഒടുവിൽ ടിഫിൻ സർവീസ് എന്ന ചെറിയ സംരംഭം ആരംഭിക്കുകയായിരുന്നു.

ഇന്ന്, സിനിമയിലെ തിളക്കമാർന്ന ഓർമകളെക്കാൾ വലുത് ഈ കൊച്ചു സംരംഭത്തിലൂടെ ലഭിക്കുന്ന സമാധാനമാണെന്ന് പൂജ പറയുന്നു. കഷ്ടപ്പാടുകൾക്കിടയിലും താൻ കണ്ടെത്തിയ പുതിയൊരു ജീവിതരീതിയാണിത്. സിനിമാക്കാരുടെ കപടമായ സൗഹൃദങ്ങളേക്കാൾ സന്തോഷം ഇപ്പോൾ താൻ പാകം ചെയ്യുന്ന ഭക്ഷണത്തിലൂടെ മറ്റുള്ളവർക്ക് നൽകുന്ന സംതൃപ്തിയിലാണെന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു. കഷ്ടപ്പാടുകൾക്ക് മുന്നിൽ തോറ്റുകൊടുക്കാതെ, തലയുയർത്തി നിൽക്കുന്ന പൂജയുടെ അതിജീവനത്തിന്റെ ഈ കഥ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ്. ബോളിവുഡിന്‍റെ തിളക്കത്തിൽ നിന്ന് സാധാരണ ജീവിതത്തിന്റെ യാഥാർഥ്യങ്ങളിലേക്ക് ഇറങ്ങി വന്ന അവരുടെ ഈ കഥ, പ്രശസ്തിയുടെ നശ്വരതയെക്കുറിച്ചുള്ള വലിയൊരു പാഠം കൂടിയാണ്.

TAGS :

Next Story