Quantcast

കൊല്ലം സുധിയുടെ കുടുംബത്തിന് വീടൊരുങ്ങുന്നു; ഏഴു സെന്‍റ് സ്ഥലം ഇഷ്ടദാനമായി നല്‍കി ബിഷപ്പ് നോബിള്‍ ഫിലിപ്പ്

സുധിയുടെ രണ്ട് മക്കളായ റിഥുലിന്‍റെയും രാഹുലിന്‍റെയും പേരിലാണ് സ്ഥലം രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    4 Aug 2023 7:08 AM GMT

kollam sudhi
X

ബിഷപ്പ് നോബിള്‍ ഫിലിപ്പും കൊല്ലം സുധിയുടെ കുടുംബവും

ചങ്ങനാശ്ശേരി: അകാലത്തില്‍ വിട പറഞ്ഞുപോയ കലാകാരന്‍ കൊല്ലം സുധിയുടെ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നു. സുധിയുടെ കുടുംബത്തിന് വീട് വയ്ക്കാനായി ഏഴ് സെന്‍റ് സ്ഥലം സൗജന്യമായി നല്‍കിയിരിക്കുകയാണ് ബിഷപ്പ് നോബിള്‍ ഫിലിപ്പ് അമ്പലവേലില്‍. സുധിയുടെ രണ്ട് മക്കളായ റിഥുലിന്‍റെയും രാഹുലിന്‍റെയും പേരിലാണ് സ്ഥലം രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. ആംഗ്ലിക്കൻ സഭയുടെ ഡയസിസ് ഓഫ് ട്രാവൻകൂർ ആൻഡ് കൊച്ചിൻ രൂപതയുടെ പതിമൂന്നാമത് മിഷനറി ബിഷപ് ആയി സേവനം ചെയ്യുകയാണ് നോബിള്‍.

ചങ്ങനാശ്ശേരി മാടപ്പള്ളിയിലാണ് വീട് പണിയുന്നത്. കേരള ഹോം ‍ഡിസൈൻസ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങള്‍ ചേർന്നാണ് സുധിക്കായി സൗജന്യമായി വീട് നിര്‍മിച്ചുകൊടുക്കുന്നത്. ‘‘എന്‍റെ കുടുംബ സ്വത്തില്‍ നിന്നും ഏറ്റവും മനോഹരമായ സ്ഥലമാണ് സുധിക്കായി നല്‍കിയത്. എന്റെ വീട് പണിയുന്നതും ഇതിനു തൊട്ടരികിലാണ്. റജിസ്ട്രേഷൻ പൂർണമായും കഴിഞ്ഞു. സുധിയുടെ പ്രിയപ്പെട്ട കുഞ്ഞുങ്ങളുടെ പേരിലാണ് സ്ഥലം ഇഷ്ടദാനമായി നൽകിയത്. വീടു പണി ഉടൻ തുടങ്ങും.’’ബിഷപ്പ് നോബിൾ ഫിലിപ്പ് പറഞ്ഞു.

സുധിയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്വന്തമായി ഒരു വീട്. വീട് വയ്ക്കാന്‍ സാധിക്കാത്തതില്‍ ഒരുപാട് സങ്കടമുണ്ടായിരുന്നു. സുഹൃത്തുക്കളോടും ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞ് കരയുമായിരുന്നു.

കഴിഞ്ഞ ജൂണ്‍ 5ന് പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിൽ ആയിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബിനുവും മിമിക്രി കലാകാരന്‍ മഹേഷ് കുഞ്ഞുമോനും ഈയിടെയാണ് ആശുപത്രി വിട്ടത്.

TAGS :

Next Story