Quantcast

'ഈ "പ്രതിഭ" മതിയാകുമോ എന്തോ'; അലൻസിയറിനെയും ഭീമൻ രഘുവിനെയും ട്രോളി രചന നാരായണൻകുട്ടി

ആണ്‍കരുത്തുള്ള ഒരു മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് പെണ്‍പ്രതിമ തന്ന് അപമാനിക്കരുതെന്നായിരുന്നു അലൻസിയർ പറഞ്ഞത്

MediaOne Logo

Web Desk

  • Updated:

    2023-09-17 13:54:39.0

Published:

17 Sep 2023 1:37 PM GMT

Rachana Narayanankutty, Alencier,  Bheeman Raghu, kerala state film award, latest malayalam news,  രചന നാരായണൻകുട്ടി, അലൻസിയർ, ഭീമൻ രഘു, കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്, ഏറ്റവും പുതിയ മലയാളം വാർത്തകൾ
X

തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണച്ചടങ്ങ് വിവാദങ്ങള്‍ കൊണ്ട് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. നടൻ അലന്‍സിയര്‍ നടത്തിയ വിവാദ പരാമര്‍ശവും മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുമ്പോള്‍ മുഴുവന്‍ സമയവും എഴുന്നേറ്റ് നിന്ന് നടന്‍ ഭീമന്‍ രഘുവുമാണ് ചലച്ചിത്ര പുരസ്കാര വിതരണച്ചടങ്ങിനെക്കാളും ശ്രദ്ധേയമായ രണ്ട് കാര്യങ്ങള്‍.

ഇപ്പോഴിതാ അലന്‍സിയറിനെയും ഭീമന്‍ രഘുവിനെയും ട്രോളി രംഗത്തുവന്നിരിക്കുകയാണ് നടി രചന നാരായണൻകുട്ടി. ഡിജി ആർട്ട്സിന്‍റെ കാർട്ടൂണിനൊപ്പം ഒരു ചെറിയ അടിക്കുറിപ്പോടെയാണ് താരം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ചലച്ചിത്ര പുരസ്കാരമായി നൽകുന്ന 4 പ്രതിമകള്‍ക്ക് നടുവിൽ ഭീമൻ രഘുവിന്‍റെ പ്രതിമ വെച്ചിരിക്കുന്നതാണ് കാർട്ടൂൺ. അലൻസിയറിന് ഈ "പ്രതിഭ" മതിയാകുമോ എന്തോ എന്ന അടിക്കുറിപ്പോടെയാണ് താരം കാർട്ടൂൺ പങ്കുവെച്ചിരിക്കുന്നത്.

ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് പെണ്‍രൂപത്തിലുള്ള പ്രതിമ നല്‍കി അപമാനിക്കരുതെന്നായിരുന്നു അലന്‍സിയര്‍ പറഞ്ഞത്. അപ്പന്‍ എന്ന സിനിമയിലെ അഭിനയത്തിന് സ്പെഷ്യല്‍ ജൂറി പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അലന്‍സിയര്‍. 'അവാര്‍ഡ് വാങ്ങി വീട്ടില്‍ പോകാനിരുന്നയാളാണ് ഞാന്‍, നല്ല ഭാരമുണ്ടായിരുന്നു അവാര്‍ഡിന്, മുഖ്യമന്ത്രി ഉണ്ടായിരുന്നെങ്കില്‍ പറയാമായിരുന്നു. സാംസ്‌കാരിക മന്ത്രി ഉള്ളതുകൊണ്ട് പറയാം. സ്പെഷ്യല്‍ ജൂറി അവാര്‍ഡാണ് ഞങ്ങള്‍ക്ക് തന്നത്. നല്ല നടന്‍ എല്ലാവര്‍ക്കും കിട്ടും. സ്പെഷ്യല്‍ കിട്ടുന്നവര്‍ക്ക് സ്വര്‍ണത്തിലെങ്കിലും ഇത് പൊതിഞ്ഞ് തരണം. എനിക്കും കുഞ്ചാക്കോ ബോബനും 25000 രൂപ തന്ന് അപമാനിക്കരുത്. ഞങ്ങള്‍ക്ക് പൈസ കൂട്ടണം. ഗൗതം ഘോഷിനോട് അഭ്യര്‍ത്ഥിക്കുന്നു, ഞങ്ങളെ സ്പെഷ്യല്‍ ജൂറി തന്ന് അപമാനിക്കരുത്. നല്ല അവാര്‍ഡോക്കെ എല്ലാവര്‍ക്കും കൊടുത്തോളു, സ്പെഷ്യല്‍ ജൂറിക്ക് സ്വര്‍ണം പൂശിയ അവാര്‍ഡ് തരണം. ഈ പെണ്‍പ്രതിമ തന്ന് ഞങ്ങളെ പ്രലോഭിപ്പിക്കരുത്. ഇനിയെങ്കിലും ആണ്‍കരുത്തുള്ള ഒരു മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് പെണ്‍പ്രതിമ തന്ന് അപമാനിക്കരുത്. ആണ്‍കരുത്തുള്ള പ്രതിമ എന്ന് വാങ്ങുന്നോ അന്ന് ഞാന്‍ അഭിനയം നിര്‍ത്തും' അലന്‍സിയര്‍ പറഞ്ഞു.

വ്യാഴാഴ്ച വൈകിട്ടായിരുന്നു 53-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരവിതരണത്തിന്‍റെ ഉദ്ഘാടന പ്രസംഗം നടത്താനായി മുഖ്യമന്ത്രി എത്തിയപ്പോഴാണ് ഭീമന്‍ രഘുവും എഴുന്നേറ്റത്. മുഖ്യമന്ത്രി സംസാരിച്ച 15 മിനിറ്റും താരം സദസില്‍ കയ്യും കെട്ടി എഴുന്നേറ്റു നില്‍ക്കുകയായിരുന്നു.ഒടുവില്‍ പ്രസംഗം കഴിഞ്ഞപ്പോള്‍ പുഞ്ചിരിയോടെ കയ്യടിയും നല്‍കിയാണ് നടന്‍ ഇരുന്നത്. അച്ഛന്‍റെ സ്ഥാനത്താണ് താന്‍ പിണറായിയെ കാണുന്നതെന്നായിരുന്നു പിന്നീട് താരത്തിന്‍റെ പ്രതികരണം.

“മുഖ്യമന്ത്രിയെ വളരെയധികം ബഹുമാനത്തോടെയാണ് കാണുന്നത്. അദ്ദേഹത്തിന്റെ മറ്റേത് പരിപാടികളിലാണെങ്കിലും ഞാൻ എഴുന്നേറ്റു നിന്നാണ് പ്രസംഗം കേൾക്കുക. കാരണം ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു. എന്റെ അച്ഛന്‍റെ രീതിയുമൊക്കെയായി നല്ല താരതമ്യമുണ്ടെന്ന് ചില സമയത്ത് തോന്നാറുണ്ട്,” ഭീമൻ രഘു പറഞ്ഞു. അതേസമയം ഭീമന്‍ രഘുവിന്‍റെ വീഡിയോക്കെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

TAGS :

Next Story