Quantcast

വിജയ് മുഖ്യമന്ത്രിയായല്ലോ? കൈ കൂപ്പി ഒന്നും മിണ്ടാതെ രജനികാന്ത്, വീഡിയോ

ഇന്നലെ ചെന്നൈ വിമാനത്താവളത്തിലെത്തിയ രജനിയുടെ അടുത്ത് പതിവ് പോലെ മാധ്യമപ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു

MediaOne Logo
വിജയ് മുഖ്യമന്ത്രിയായല്ലോ? കൈ കൂപ്പി ഒന്നും മിണ്ടാതെ രജനികാന്ത്, വീഡിയോ
X

ചെന്നൈ: ത്രില്ലര്‍ സിനിമകളെ വെല്ലുന്നതായിരുന്നു വിജയിന്‍റെ രാഷ്ട്രീയ പ്രവേശവും തെരഞ്ഞെടുപ്പും മുഖ്യമന്ത്രി സ്ഥാനവും. കമൽഹാസൻ പോലുള്ള താരങ്ങൾ പരാജയപ്പെട്ടിടത്ത് നിന്നാണ് കന്നിയങ്കത്തിൽ തന്നെ വിജയ് തമിഴകം പിടിച്ചടക്കിയത്. സിനിമയിലെ നിരവധി സഹപ്രവര്‍ത്തകര്‍ പുതിയ മുഖ്യമന്ത്രിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. സത്യപ്രതിജ്ഞ ചടങ്ങിൽ നടി തൃഷയുടെ സാന്നിധ്യവും ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ വിജയിയുടെ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സൂപ്പര്‍താരം രജനികാന്ത് നൽകിയ മറുപടിയാണ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്.

ഇന്നലെ ചെന്നൈ വിമാനത്താവളത്തിലെത്തിയ രജനിയുടെ അടുത്ത് പതിവ് പോലെ മാധ്യമപ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു. ഇതിനിടയിൽ ഒരു മാധ്യമപ്രവര്‍ത്തകൻ വിജയിയുടെ രാഷ്ട്രീയ ഉയര്‍ച്ചയെയും മുഖ്യമന്ത്രിയായതിനെക്കുറിച്ചും പ്രതികരണം ആരാഞ്ഞു. എന്നാൽ മറുപടി പറയുന്നതിന് പകരം കൈ കൂപ്പി പുഞ്ചിരിച്ച് ഒരു വാക്ക് പോലും പറയാതെ നടന്നുപോവുകയാണ് രജനി ചെയ്തത്.

വീഡിയോ വളരെപെട്ടെന്ന് തന്നെ വൈറലായി. തൊട്ടുപിന്നാലെ ആരാധകർ സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങളുമായി നിറഞ്ഞു. രജനികാന്തിന്റെ പ്രവൃത്തിയെ ചിലര്‍ മാന്യമാണെന്ന് വിശേഷിപ്പിച്ചപ്പോൾ മറ്റു ചിലർ അദ്ദേഹത്തിന്റെ മൗനം വാക്കുകളേക്കാൾ ഉച്ചത്തിൽ സംസാരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി. "മാധ്യമങ്ങളും ടാബ്ലോയിഡുകളും എങ്ങനെയൊക്കെ കാര്യങ്ങൾ വളച്ചൊടിക്കുമെന്നും വിവാദങ്ങളുണ്ടാക്കുമെന്നും അദ്ദേഹത്തിന് കൃത്യമായി അറിയാം. അതുകൊണ്ടാണ് ആ ചോദ്യത്തിൽ നിന്ന് അദ്ദേഹം ബോധപൂർവം ഒഴിഞ്ഞുമാറിയത്. പലപ്പോഴും നിശബ്ദതയാണ് ഏറ്റവും വലിയ ആയുധമെന്ന് ജ്ഞാനികൾ പറയാറുണ്ട്. അദ്ദേഹത്തെ സമാധാനമായി ജീവിക്കാൻ അനുവദിക്കൂ, ഇത്തരം അനാവശ്യ പ്രശ്നങ്ങളിലേക്ക് അദ്ദേഹത്തെ വലിച്ചിഴക്കരുത്!" ഒരു ഉപയോക്താവ് കുറിച്ചു.

"സുഹൃത്തേ, ഞാനും ഒരു വിജയ് ആരാധകനാണ്. പക്ഷേ അദ്ദേഹത്തിന് 75 വയസ്സായി എന്നത് പരിഗണിക്കണം, ആ പ്രായത്തെ ബഹുമാനിക്കൂ. പ്രകാശ് രാജിനെയോ സീമനെയോ സത്യരാജിനെയോ പോലെ അദ്ദേഹം എവിടെയും വിജയ്‍യുടെ പേര് തുറന്നു പറഞ്ഞിട്ടില്ല. അദ്ദേഹം ഇന്നും ഒരു സൂപ്പർസ്റ്റാർ തന്നെയാണ്. മാധ്യമങ്ങൾ അദ്ദേഹത്തെ സമീപിച്ചതാണ്, അല്ലാതെ അദ്ദേഹം മാധ്യമങ്ങളെ തേടിപ്പോയതല്ല. അതുകൊണ്ട് ശാന്തരാകൂ." എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.

ഞായറാഴ്ചയാണ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു.

എന്നാൽ വിമാനത്താവളത്തിൽ വച്ച് രജനികാന്ത് മൗനം പാലിച്ചെങ്കിലും മെയ് 4 ന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം അദ്ദേഹം വിജയിയെ പരസ്യമായി അഭിനന്ദിച്ചിരുന്നു. "ച്ച തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ ഉജ്ജ്വല വിജയത്തിന് വിജയിച്ച തമിഴക വെട്രി കഴകത്തിന്റെ പ്രസിഡന്റ് വിജയ് ക്കും അദ്ദേഹത്തിന്റെ പാർട്ടി അംഗങ്ങൾക്കും എന്റെ അഭിനന്ദനങ്ങൾ." എന്നാണ് അദ്ദേഹം കുറിച്ചത്. പിന്നീട് വിജയ് സന്ദേശത്തിന് മറുപടി നൽകുകയും രജനീകാന്തിന്റെ ആശംസകൾക്ക് പരസ്യമായി നന്ദി പറയുകയും ചെയ്തു. "സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ സ്നേഹനിർഭരമായ ആശംസകൾക്ക് ഹൃദയംഗമമായ നന്ദി" എന്ന് അദ്ദേഹം എഴുതി.

TAGS :

Next Story