Quantcast

ആദ്യദിനം 178 കോടി കടന്ന് സലാർ ബോക്‌സ് ഓഫീസ് കളക്ഷൻ; അനിമലിനെ മറികടന്ന് റെക്കോർഡ്

ആഗോളതലത്തിൽ 178.7 കോടി രൂപയാണ് ചിത്രം നേടിയതെന്ന് പൃഥ്വിരാജ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

MediaOne Logo

Web Desk

  • Published:

    23 Dec 2023 12:55 PM GMT

salaar movie
X

കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ സംവിധാനം ചെയ്ത സലാർ: പാർട് 1- സീസ്‌ഫയറിന് ബോക്സ്ഓഫീസിൽ തകർപ്പൻ തുടക്കം. 'അനിമൽ', 'ജവാൻ', 'പത്താൻ' തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ആദ്യ ദിന കളക്ഷനുകളെ മറികടന്ന് ഈ വർഷത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററായി സലാർ മാറിയതായാണ് ഇന്ത്യ ടുഡേ റിപ്പോർട്ട്. പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രമായ ആദിപുരുഷ് പരാജയപ്പെട്ടതിനെ ശേഷം ആരാധകർ ഉറ്റുനോക്കിയിരുന്ന സിനിമയാണ് സലാർ.

കണക്കുകൾ പ്രകാരം, ആദ്യ ദിനം 95 കോടി രൂപ നേടി ചിത്രം ആഭ്യന്തര ബോക്സ് ഓഫീസ് കളക്ഷനെ തകർത്തു. ആഗോളതലത്തിൽ ചിത്രം 178.7 കോടി രൂപ നേടിയെന്ന് പൃഥ്വിരാജ് എക്‌സിൽ പങ്കുവെച്ചു. ആന്ധ്രാപ്രദേശ്, തെലങ്കാന മേഖലകളിൽ നിന്നാണ് ഏറ്റവും കൂടുതൽ കളക്ഷൻ സലാർ നേടിയത്. 70 കോടിയാണ് ഇവിടങ്ങളിൽ നിന്ന് സലാർ നേടിയത്. കർണാടകയിലും കേരളത്തിലും യഥാക്രമം 12 കോടി, 5 കോടി എന്നിങ്ങനെയാണ് ആദ്യദിന ബോക്‌സ് ഓഫീസ് കണക്ക്.

സലാറിന്റെ ആദ്യദിന കളക്ഷൻ 2023ലെ ഏറ്റവും വലിയ ഓപ്പണറായി മാറിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 'പത്താൻ' ആദ്യ ദിനം നേടിയത് 57 കോടി രൂപയാണ്. ജവാൻ 75 കോടി രൂപയും രൺബീർ കപൂറിന്റെ അനിമൽ 63 കോടി രൂപയുമാണ് നേടിയത്. നേരത്തെ റിപ്പോർട്ട് ചെയ്തതുപോലെ 'സലാർ' രണ്ട് ഭാഗങ്ങളായാണ് റിലീസ്. രണ്ടാം ഭാഗത്തിന് 'ശൗര്യംഗ പർവ്വം' എന്നാണ് പേര്.

ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ കാത്തിരുന്ന ചിത്രം കൂടിയാണ് സലാർ. കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകതയായിരുന്നു അതിന് കാരണം. ആദിപുരുഷിനു ശേഷം പ്രഭാസിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ആളുകൾ ഉറ്റുനോക്കിയത്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. പ്രഭാസിനോളം പ്രാധാന്യമുള്ള കഥാപാത്രമായി മലയാളത്തിന്റെ സൂപ്പർതാരം പൃഥ്വിരാജും ചിത്രത്തിലുണ്ട്. വെള്ളിയാഴ്ചയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസ് ആണ് സലാർ ആദ്യ ഭാഗത്തിന്റെയും നിർമാണം. ഇമോഷണൽ ആക്ഷൻ ഡ്രാമ വിഭാഗത്തിലുള്ള ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററുകളിൽ നിന്നുണ്ടായത്. ദേവയായി പ്രഭാസും വരദരാജ മന്നാർ ആയി പൃഥ്വിരാജും എത്തുന്ന ചിത്രം രണ്ടു സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രം ഒടുവിൽ ഇരുവരും എങ്ങനെ കൊടുംശത്രുക്കളായി മാറി എന്നിടത്താണ് പ്രശാന്ത് നീലിന്റെ സസ്പെൻസ്.

TAGS :

Next Story