'ഈ സിനിമയില്‍ മോഹന്‍ലാലുണ്ടോ? ഇല്ല... പിന്നെ രണ്ട് ദിവസം മിണ്ടില്ല'; വൈറലായി സത്യന്‍ അന്തിക്കാടിന്റെ വാക്കുകള്‍
മോഹൻലാലിനെ ക്യാമറയ്ക്ക് മുന്നില്‍ നിര്‍ത്തി കൊതി തീര്‍ന്നിട്ടില്ലാത്ത ഒരാളാണ് താനെന്നും സത്യൻ അന്തിക്കാട്

അനൂപ് സത്യന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ മോഹന്‍ലാല്‍ ചിത്രമാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. സിനിമയുടെ പൂജ ചടങ്ങില്‍ അനൂപ് സത്യന്റെ അച്ഛനും സംവിധായകനുമായ സത്യന്‍ അന്തിക്കാട് പങ്കുവെച്ച വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തു. അനൂപ് സത്യന്‍ ചെറുപ്പത്തിലേ വലിയൊരു മോഹന്‍ലാല്‍ ആരാധാകനാണെന്ന് പറയുകയാണ് സത്യന്‍ അന്തിക്കാട്.
അനൂപ് സ്‌കൂളില്‍ പഠിക്കുന്ന കാലത്ത്, താന്‍ പുതുതായി ചെയ്യുന്ന സിനിമകളില്‍ മോഹന്‍ലാല്‍ ഉണ്ടോയെന്ന് ചോദിക്കുമായിരുന്നു. മോഹന്‍ലാല്‍ അല്ല സിനിമയിലെ നായകനെങ്കില്‍ അനൂപ് പിന്നെ രണ്ട് ദിവസത്തേക്ക് തന്നോട് മിണ്ടില്ല. ഏകദേശം 12 കൊല്ലത്തോളം താനും മോഹന്‍ലാലും സിനിമകള്‍ ചെയ്തിട്ടില്ല. ഈ സമയങ്ങളിലാണ് അനൂപ് മോഹന്‍ലാലിനെ കുറിച്ച് ചോദിച്ചിരുന്നത്. മഴവില്‍കാവടിയും പൊന്മുട്ടയിടുന്ന താറാവും സന്ദേശവും എല്ലാം ചെയ്യുന്ന സമയത്ത് ഈ ചോദ്യം കേട്ടിട്ടുണ്ടെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.
ഒരിക്കല്‍ തന്നോട് പിണങ്ങി വീടുവിട്ടുപോകാന്‍ ശ്രമിച്ച അനൂപിനോട് എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിച്ചു. മോഹന്‍ലാലിന്റെ വീട്ടിലേക്കാണ് പോകുന്നതെന്നായിരുന്നു കിട്ടിയ ഉത്തരമെന്നും അദ്ദേഹം പറഞ്ഞു.
'ഞാന്‍ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഭൂരിഭാഗവും മോഹന്‍ലാലിന് ഒപ്പമായിരുന്നു. അദ്ദേഹത്തെ ക്യാമറയ്ക്ക് മുന്നില്‍ നിര്‍ത്തി കൊതി തീര്‍ന്നിട്ടില്ലാത്ത ഒരാളാണ് ഞാന്‍. എന്റെ മകനെന്ന നിലയിലും വലിയൊരു മോഹന്‍ലാല്‍ ഫാനെന്ന നിലയിലും അനൂപ് മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യുമ്പോള്‍ അതില്‍ വ്യക്തിപരമായ സന്തോഷമുണ്ട്. ചിത്രത്തിന് എല്ലാവിധ ആശംസകളും നേരുന്നു,' എന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.
മോഹന്‍ലാലിന്റെ 368-ാംമത്തെ സിനിമയാണ് അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്നത്. സിനിമയ്ക്ക് ഔദ്യോഗികമായി പേര് നല്‍കിയിട്ടില്ല. മുകേഷ്, സംഗീത് പ്രതാപ്, അജു വര്‍ഗീസ്, രാജേഷ് മാധവന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'വരനെ ആവശ്യമുണ്ട്' എന്ന സിനിമയ്ക്ക് ശേഷം അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
Adjust Story Font
16

