Quantcast

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതി; ഷിയാസ് കരീമിന് ഇടക്കാല ജാമ്യം

ചെന്നൈ വിമാനത്താവളത്തിൽ വെച്ച് ഷിയാസിനെ അറസ്റ്റ് ചെയ്തിരുന്നു

MediaOne Logo

Web Desk

  • Published:

    5 Oct 2023 9:12 AM GMT

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതി; ഷിയാസ് കരീമിന് ഇടക്കാല ജാമ്യം
X

കൊച്ചി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ സിനിമ, ടെലിവിഷൻ താരം ഷിയാസ് കരീമിന് ഇടക്കാല ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചത്. ചെന്നൈ വിമാനത്താവളത്തിൽ വെച്ച് ഷിയാസിനെ അറസ്റ്റ് ചെയ്തിരുന്നു.

കാസർകോട് ചന്തേര പൊലീസാണ് ഷിയാസിനെ പിടികൂടിയത്. ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ കസ്റ്റംസ് ചെന്നൈ വിമാനത്താവളത്തിൽ തടഞ്ഞുവയ്ക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത ചന്ദേര പൊലീസ് ഷിയാസ് കരീമിനെതിരെ ലുക്ക്ഔട്ട് നോട്ടിസ് ഉൾപ്പെടെ ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈ വിമാനത്താവളത്തിൽ ഷിയാസ് കരീമിനെ കസ്റ്റംസ് തടഞ്ഞത്. കാസർകോട് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്. ഇതിന് ശേഷം ഹൈക്കോടതി ഉത്തരവ് കാണിച്ച ശേഷം ഉപാധികളോടെ വിട്ടയക്കാനാണ് നിലവിൽ നൽകിയിട്ടുള്ളത്.

കാസർകോട് ഹൊസ്ദുർഗ് താലൂക്കിലെ തീരദേശ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. വർഷങ്ങളായി എറണാകുളത്തെ ജിമ്മിൽ ട്രെയിനറായ ജോലി ചെയ്യുകയായിരുന്നു യുവതി. ഇതിനിടയിലാണ് നടനുമായി പരിചയപ്പെട്ടതെന്നും പിന്നീട് വിവാഹ വാഗ്ദാനം നൽകിയെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. ചെറുവത്തൂർ ദേശീയപാതയോരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചതായും 11 ലക്ഷത്തിൽപ്പരം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു. കഴിഞ്ഞ സെപ്തംബറിലായിരുന്നു ഷിയാസിൻറെ വിവാഹനിശ്ചയം. ഇതിൻറെ ചിത്രങ്ങൾ താരം സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു.

2021 മുതൽ 2023 മാർച്ച് വരെ എറണാകുളത്തെ ലോഡ്ജിലും മൂന്നാറിലും വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ഷിയാസ് കരീം മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതിനിടെ യുവതി പരാതിയുമായി രംഗത്ത് എത്തുകയായിരുന്നു. പല തവണകളായി 11 ലക്ഷം രൂപ കൈക്കലാക്കിയതായും ചെറുവത്തൂരിൽ വച്ച് കയ്യേറ്റം ചെയ്തതായും പരാതിയിൽ പറയുന്നു.

നേരത്തെ താൻ ജയിലിൽ അല്ലെന്നും ദുബൈയിലുണ്ടെന്നും വ്യക്തമാക്കുന്ന വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. പീഡനപരാതി കണ്ടെന്നും ഇത്തരം വാർത്തകൾ പ്രചരിപ്പിക്കരുതെന്നാണ് മാധ്യമങ്ങളോട് ആവശ്യപ്പെട്ടിരുന്നു. താൻ നാട്ടിലേക്ക് എത്തുമെന്നും എല്ലാവരെയും നേർക്ക് നേർ കാണാം എന്നുമാണ് താരം വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞത്. എറണാകുളം പെരുമ്പാവൂർ സ്വദേശിയായ ഷിയാസ് മോഡലിംഗിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. വീരം, മരക്കാർ അറബിക്കടലിൻറെ സിംഹം, ഗാർഡിയൻ,ക്യാപ്റ്റൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

TAGS :

Next Story