Quantcast

'വക്കാ വക്കാ'യ്ക്ക് ശേഷം 'ദായ് ദായ്';16 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് ആവേശവുമായി ഷക്കീറ വീണ്ടും

പുതിയ ഔദ്യോഗിക ഗാനത്തിന്റെ ടീസർ ഷക്കീറ സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കി

MediaOne Logo

ലിസി. പി

  • Updated:

    2026-05-08 08:39:41.0

Published:

8 May 2026 1:22 PM IST

വക്കാ വക്കായ്ക്ക് ശേഷം ദായ് ദായ്;16 വർഷങ്ങൾക്ക് ശേഷം  ലോകകപ്പ് ആവേശവുമായി ഷക്കീറ വീണ്ടും
X

മാരക്കാന: ഫുട്ബോൾ പ്രേമികളുടെ പ്രിയങ്കരിയായ കൊളംബിയൻ പോപ്പ് ഗായിക ഷക്കീറ വീണ്ടും ലോകകപ്പ് ആവേശവുമായി എത്തുന്നു. 2010-ലെ ദക്ഷിണാഫ്രിക്കൻ ലോകകപ്പിലെ തരംഗമായ 'വക്കാ വക്കാ' (Waka Waka) എന്ന ഗാനത്തിന് ശേഷം, 16 വർഷങ്ങൾ പിന്നിടുമ്പോൾ 2026-ലെ ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ഗാനവുമായാണ് ഷക്കീറയുടെ മടങ്ങിവരവ്.

2026-ലെ ഫിഫ ലോകകപ്പിന്റെ പുതിയ ഔദ്യോഗിക ഗാനത്തിന്റെ ടീസർ ഷക്കീറ സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കി. ബ്രസീലിലെ വിഖ്യാതമായ മാറക്കാന സ്റ്റേഡിയത്തിലാണ് പാട്ടിന്റെ ചില ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. 'ദായ് ദായ്' (Dai Dai) എന്നാണ് 2026 ലോകകപ്പിനായി ഷക്കീറ ഒരുക്കുന്ന ഔദ്യോഗിക ഗാനത്തിന്റെ പേര്. 2026 ലോകകപ്പിന്റെ ഔദ്യോഗിക പന്തായ 'ട്രിയോണ്ട' കയ്യിലേന്തി, അമേരിക്കയുടെയും കൊളംബിയയുടെയും ടീം ജേഴ്സിയുടെ നിറമണിഞ്ഞ നർത്തകർക്കൊപ്പം ഷക്കീറ ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

നൈജീരിയൻ കലാകാരനായ ബേണ ബോയിയുമായി ചേർന്നാണ് ഷക്കീറ ഈ ഗാനം പുറത്തിറക്കുന്നത്. ഗാനം മേയ് 14-ന് ഔദ്യോഗികമായി പുറത്തിറക്കും. "മാരക്കാന സ്റ്റേഡിയത്തിൽ നിന്ന് ഇതാ 'ദായ് ദായ്', ഫിഫ ലോകകപ്പ് 2026 ഔദ്യോഗിക ഗാനം. ഞങ്ങൾ തയ്യാറാണ്!" എന്ന് ഗാനത്തിന്റെ ടീസർ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചു. തന്റെ മുൻകാല ലോകകപ്പ് ഗാനങ്ങളെപ്പോലെ തന്നെ വരാനിരിക്കുന്ന ടൂർണമെന്റിനും ഈ ഗാനം വലിയ ഊർജ്ജം നൽകുമെന്ന് ഷക്കീറ കുറിച്ചു.

'വക്കാ വക്കാ' ഹിറ്റ് ഗാനത്തിന് ശേഷം ഷക്കീറ പാടുന്ന രണ്ടാമത്തെ ഔദ്യോഗിക ലോകകപ്പ് ഗാനമാണിത്. 2014-ലെ ലോകകപ്പിൽ 'ലാ ലാ ലാ'എന്ന രണ്ടാമത്തെ തീം സോംഗ് അവർ പാടിയിരുന്നു. കൂടാതെ, 2006-ലെ ജർമ്മനി ലോകകപ്പിന്റെ സമാപന ചടങ്ങിൽ 'ഹിപ്‌സ് ഡോണ്ട് ലൈ' എന്ന ഗാനവും ഷക്കീറ അവതരിപ്പിച്ചിരുന്നു.

48 ടീമുകൾ മാറ്റുരയ്ക്കുന്ന 2026 ലോകകപ്പ് അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായാണ് നടക്കുന്നത്. ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് മത്സരങ്ങൾ നടക്കുക. 'വക്കാ വക്കാ'ക്കും 'ലാ ലാ ലാ'ക്കും ശേഷം ഷക്കീറ വീണ്ടും ഫുട്ബോൾ വേദിയിലേക്ക് മടങ്ങിയെത്തുന്നത് ആരാധകർ വലിയ ആഘോഷമാക്കുകയാണ്. 2026 ലോകകപ്പിന്റെ ഉദ്ഘാടനച്ചടങ്ങുകളിലും ഷക്കീറയുടെ സാന്നിധ്യമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


TAGS :

Next Story