'എപ്പോഴും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്ന മികച്ച നേതാവ്'; രാഘവ് ചദ്ദക്ക് പിന്തുണയുമായി ഭാര്യ പരിനീതി ചോപ്ര
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയ്ക്ക് 'ഈവിൾ ഐ'(കണ്ണേറ്) ഇമോജിയും ചദ്ദ നൽകിയിട്ടുണ്ട്

- Published:
3 April 2026 1:52 PM IST

ഡൽഹി: രാജ്യസഭയിൽ വിവിധ ജനകീയ വിഷയങ്ങൾ സജീവമായി ഉന്നയിക്കുന്ന നേതാവാണ് ആം ആദ്മി പാർട്ടി എംപി രാഘവ് ചദ്ദ. എന്നാൽ, എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് വ്യാഴാഴ്ച അദ്ദേഹത്തെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് പാർട്ടി നീക്കം ചെയ്യുകയും പകരം മറ്റൊരു നേതാവിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റ് സെക്രട്ടേറിയറ്റിന് കത്ത് നൽകുകയും ചെയ്തു. ഇതിനു പിന്നാലെ എംപി എന്ന നിലയിൽ താൻ സഭയിൽ ഉന്നയിച്ച പ്രധാന വിഷയങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോ രാഘവ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. ഈ ഘട്ടത്തിൽ അദ്ദേഹത്തിന് പിന്തുണയുമായി ഭാര്യയും നടിയുമായ പരിനീതി ചോപ്രയും രംഗത്തെത്തിയിട്ടുണ്ട്.
മധ്യവർഗത്തിന്റെ നികുതി ഭാരം, ഡാറ്റാ കാലാവധി (Data expiry) സംബന്ധിച്ച പ്രശ്നങ്ങൾ, പിതൃത്വ അവധി , ബാങ്കുകളിലെ മിനിമം ബാലൻസ് പിഴ, ഭക്ഷണത്തിലെ മായം ചേർക്കൽ, ഇൻകമിംഗ് കോൾ ചാർജുകൾ, റീചാർജ് തട്ടിപ്പുകൾ, വിമാനക്കമ്പനികളുടെ അധിക ലഗേജ് ചാർജ്, പരീക്ഷാ പേപ്പർ ചോർച്ച, വായുമലിനീകരണം, ആരോഗ്യ ഇൻഷുറൻസ് പ്ലാനുകളിലെ ജിഎസ്ടി ഒഴിവാക്കൽ, വിമാനത്താവളങ്ങളിലെ ഭക്ഷണത്തിന്‍റെ അമിതവില, ഗിഗ് തൊഴിലാളികളുടെ ചൂഷണം, ഇൻഷുറൻസ് ക്ലെയിമുകളിലെ താമസം, ടോൾ പ്ലാസകളിലെ കൊള്ള, ഡാറ്റാ സ്വകാര്യത തുടങ്ങിയ വിഷയങ്ങളാണ് അദ്ദേഹം വീഡിയോയിൽ ചൂണ്ടിക്കാട്ടുന്നത്.
താൻ നടത്തിയ ഇടപെടലുകൾ എണ്ണിപ്പറഞ്ഞുകൊണ്ട്, "ഇതാണോ ഞാൻ ചെയ്ത കുറ്റം?" എന്ന ചോദ്യമാണ് ഈ വീഡിയോയിലൂടെ അദ്ദേഹം എഎപി നേതൃത്വത്തിന് മുന്നിൽ ഉയർത്തുന്നത്.തങ്ങളുടെ മകൻ നീറിന്‍റെ പിതാവായ രാഘവ് ഒരു മികച്ച നേതാവാണെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് അദ്ദേഹം എപ്പോഴും ശ്രമിക്കുന്നതെന്നും പരിനീതി കുറിച്ചു.ചദ്ദയുടെ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തു.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയ്ക്ക് 'ഈവിൾ ഐ'(കണ്ണേറ്) ഇമോജിയും ചദ്ദ നൽകിയിട്ടുണ്ട്. വീഡിയോയുടെ അവസാനത്തിൽ അദ്ദേഹം പാർലമെന്റിൽ നിന്ന് ഇറങ്ങിപ്പോകുന്ന ദൃശ്യവും ഉൾപ്പെടുത്തിയിട്ടുണ്ട്.
രാഘവ് ചദ്ദ പാർലമെന്റിൽ പിതൃത്വ അവധി എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചപ്പോൾ, പരിനീതി ചോപ്ര ആ വീഡിയോ പങ്കുവെച്ചുകൊണ്ട് "നമ്മുടെ മകൻ നീറിന്‍റെ അച്ഛൻ എന്ന നിലയിൽ, നീർ ജനിച്ചപ്പോൾ നിങ്ങൾ ഞങ്ങളോടൊപ്പം ചെലവഴിച്ച ഓരോ നിമിഷവും എത്രത്തോളം വിലപ്പെട്ടതാണെന്ന് എനിക്കറിയാം. പിതൃത്വ അവധി എന്നത് വെറുമൊരു അവധിയല്ല, മറിച്ച് അതൊരു അച്ഛനും കുഞ്ഞും തമ്മിലുള്ള ബന്ധം ശക്തമാക്കാനുള്ള അവകാശമാണ്. നമ്മുടെ രാജ്യത്തെ എല്ലാ അച്ഛന്മാരിലേക്കും ഈ മാറ്റം എത്തിക്കാൻ നിങ്ങൾ ശബ്ദമുയർത്തുന്നത് കാണുമ്പോൾ അഭിമാനം തോന്നുന്നു." ഇങ്ങനെ കുറിച്ചിരുന്നു.
Adjust Story Font
16
