Quantcast

സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമെന്ന് സുരേഷ് ഗോപി

'ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് ശമ്പളമില്ലാത്ത ജോലിയാണെന്ന് പ്രധാനമന്ത്രിയും മന്ത്രി അനുരാഗ് ഠാക്കൂറും ഉറപ്പുനൽകിയതിനാൽ. രാഷ്ട്രീയപ്രവർത്തനം തുടരും.'

MediaOne Logo

Web Desk

  • Updated:

    2023-09-28 13:04:17.0

Published:

28 Sept 2023 6:08 PM IST

Suresh Gopi will take over the chairmanship of the Satyajit Ray Film Institute, SRFTI, Suresh Gopi, Satyajit Ray film institute
X

തിരുവനന്തപുരം: അനിശ്ചിതത്വങ്ങൾക്കൊടുവിൽ കൊൽക്കത്തയിലെ സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷസ്ഥാനം ഏറ്റെടുക്കാൻ സമ്മതമറിയിച്ച് നടൻ സുരേഷ് ഗോപി. നൂറുശതമാനം ലാഭേച്ഛയില്ലാത്തതും ശമ്പളമില്ലാത്തതുമായ പദവിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വാർത്താ വിനിമയ മന്ത്രി അനുരാഗ് ഠാക്കൂറും ഉറപ്പുനൽകിയിരുന്നു. രാാഷ്ട്രീയക്കാരനായുള്ള നിലവിലെ ചുമതലകളിൽ തുടരാൻ അവർ അനുമതി നൽകുകയും ചെയ്തതിനാലാണ് പദവി ഏറ്റെടുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

സോഷ്യൽ മീഡിയ കുറിപ്പിലൂടെയാണു വിവാദങ്ങളിൽ സുരേഷ് ഗോപി നിലപാട് പരസ്യമാക്കുന്നത്. പ്രധാനമന്ത്രിയോടും എന്റെ സുഹൃത്തും മന്ത്രിയുമായ അനുരാഗ് ഠാക്കൂറിനോടും നന്ദിയുണ്ട്. കൊൽക്കത്തയിലെ സത്യജിത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായുള്ള ക്ഷണവും ഉറപ്പുംലഭിച്ചിട്ടുണ്ട്. നൂറുശതമാനം ലാഭേച്ഛയില്ലാത്തതും ശമ്പളമില്ലാത്തതുമായ ചുമതലയാണെന്നും രാഷ്ട്രീയക്കാരനെന്ന നിലയ്ക്ക് എനിക്കുള്ള സ്വാതന്ത്ര്യമെല്ലാം തുടരാമെന്നും അവർ ഉറപ്പുനൽകിയതിനാലാണ് ഈ ചുമതല ഏറ്റെടുക്കുന്നതെന്നും സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

അതേസമയം, സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കേരളത്തിലെ ജനങ്ങൾക്കു വേണ്ടിയുള്ള ഗാന്ധി ജയന്തി ദിനത്തിലെ റാലി ഇതിനു തടസമാകില്ലെന്നും അദ്ദേഹം അറിയിച്ചു. താനും പ്രതിഷേധ മാർച്ചിന്റെ ഭാഗമാകുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.

സെപ്റ്റംബർ 21നാണ് സുരേഷ് ഗോപിയെ എസ്.ആർ.എഫ്.ടി.ഐ അധ്യക്ഷനായി കേന്ദ്ര സർക്കാർ നിയമിച്ചത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണു നിയമന വിവരം പുറത്തുവിട്ടത്. സ്ഥാപനത്തിന്റെ ഗവേണിങ് കൗൺസിൽ ചെയർമാന്റെ ചുമതലയും സുരേഷ് ഗോപിക്കാണ്. മൂന്നു വർഷത്തേക്കാണു നിയമനം.

Summary: Suresh Gopi will take over the chairmanship of the Satyajit Ray Film & Television Institute, Kolkata

TAGS :

Next Story