തന്‍റെ വോട്ട് മറ്റാരോ ചെയ്തു; പരാതിയുമായി തമിഴ് നടി അക്ഷയ ഹരിഹരൻ
ഒരു മണിക്കൂറോളം പോളിങ് ബൂത്തിൽ കാത്തിരിക്കേണ്ടി വന്നുവെന്നും അക്ഷയ എക്സിൽ പങ്കുവച്ച വീഡിയോയിൽ വ്യക്തമാക്കുന്നു

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തന്‍റെ വോട്ട് മറ്റാരോ രേഖപ്പെടുത്തിയെന്ന പരാതിയുമായി നടി അക്ഷയ ഹരിഹരൻ. വോട്ട് ചെയ്യാനായി വേളച്ചേരിയിൽ നിന്ന് അഡയാറിലെ പോളിങ് ബൂത്തിൽ എത്തിയപ്പോഴാണ് നടി ഇക്കാര്യം അറിയുന്നത്.
വോട്ടേഴ്സ് സ്ലിപ്പ് ലഭിക്കാത്തതിനെ തുടർന്ന് ഓൺലൈൻ വഴിയാണ് അക്ഷയ തന്‍റെ ബൂത്ത് കണ്ടെത്തിയത്. എന്നാൽ ബൂത്തിൽ എത്തിയപ്പോൾ തന്‍റെ വോട്ട് രേഖപ്പെടുത്തിയെന്ന മറുപടിയാണ് ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ചത്.ഒരു മണിക്കൂറോളം പോളിങ് ബൂത്തിൽ കാത്തിരിക്കേണ്ടി വന്നുവെന്നും അക്ഷയ എക്സിൽ പങ്കുവച്ച വീഡിയോയിൽ വ്യക്തമാക്കുന്നു.
ഇതേതുടർന്ന് പോളിങ് ബൂത്തിൽ വെച്ച് അക്ഷയ അധികൃതരോട് പ്രതിഷേധം അറിയിച്ചു.തന്റെ വോട്ട് രേഖപ്പെടുത്താൻ അനുവക്കണമെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശന നടപടി വേണമെന്നും ആവശ്യപ്പെട്ട് അക്ഷയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി. ജനാധിപത്യ പ്രക്രിയയിൽ വോട്ട് ചെയ്യാനുള്ള തന്‍റെ അവകാശം നിഷേധിക്കപ്പെട്ടതിൽ താരം കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ഇത് ഗുരുതരമായ വീഴ്ചയാണെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
@ECISVEEP please spread the news and cast your ballot tender vote if this is the case and cancel the fake vote with a complaint pic.twitter.com/eu5xkYB1k9
— akshaya hariharan (@akshaya__31) April 23, 2026
തെരഞ്ഞെടുപ്പ് ചട്ടങ്ങൾ പ്രകാരം, മറ്റൊരാൾ വോട്ട് ചെയ്തതായി ബോധ്യപ്പെട്ടാൽ യഥാർത്ഥ വോട്ടർക്ക് 'ടെൻഡർ വോട്ട്' (Tendered Vote) ചെയ്യാനുള്ള വ്യവസ്ഥയുണ്ട്. ഈ പ്രത്യേക നിയമം ഉപയോഗപ്പെടുത്തി തന്റെ വോട്ട് രേഖപ്പടുത്താൻ താരം ശ്രമിച്ചു.സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നുമാണ് താരത്തിന്റെ ആവശ്യം. തെരഞ്ഞെടുപ്പ് ദിവസം നിരവധി പ്രമുഖർ വോട്ട് ചെയ്യാനെത്തുന്നതിനിടെയാണ് അക്ഷയ ഹരിഹരന് ഇത്തരമൊരു അനുഭവം ഉണ്ടായത്.
സോഷ്യൽമീഡിയയിലൂടെയും ഷോർട്ട്-ഫോം വീഡിയോ പ്ലാറ്റ്‌ഫോമുകളിലൂടെയും ശ്രദ്ധ നേടിയ താരമാണ് അക്ഷയ. ബ്ലഡി ബെഗ്ഗർ, സത്യ, സബ നായകൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
Adjust Story Font
16

