Quantcast

കറുപ്പ്,തടി ഇതൊന്നും സ്വപ്നങ്ങള്‍ക്ക് തടസമല്ല; പരിഹസിച്ചവരെക്കൊണ്ട് കയ്യടിപ്പിച്ച് ജിന ജെയ്മോന്‍

മിസിസ് കേരള സെക്കന്‍ഡ് റണ്ണറപ്പ്, ബിസിനസുകാരി, മോഡലിംഗ്, അഭിനയം...ഇതോടൊപ്പം യാത്രകളും

MediaOne Logo

ജെയ്സി തോമസ്

  • Updated:

    2021-07-08 06:12:53.0

Published:

8 July 2021 6:09 AM GMT

കറുപ്പ്,തടി ഇതൊന്നും സ്വപ്നങ്ങള്‍ക്ക് തടസമല്ല;   പരിഹസിച്ചവരെക്കൊണ്ട് കയ്യടിപ്പിച്ച് ജിന   ജെയ്മോന്‍
X

ജീവിതത്തില്‍ നമ്മെ തളര്‍ത്താന്‍ ചുറ്റിനും ആളുകളുണ്ടാകും..എന്നാല്‍ ഉയരങ്ങള്‍ കീഴടക്കി പറക്കാന്‍ നമ്മുടെ ചിറകുകള്‍ക്കേ..നമുക്ക് മാത്രമേ സാധിക്കൂ..ജയിക്കുമെന്ന് സ്വയം തീരുമാനമെടുത്ത് കഴിഞ്ഞാല്‍ പിന്നെ മുന്നില്‍ കാണുന്ന മുള്ളുകളൊന്നും ഒരിക്കലും തടസങ്ങളാകില്ല. പക്ഷെ തോറ്റുപോകില്ലെന്ന് മനസില്‍ തന്നെ ഉറപ്പിക്കണം. ഒരു വീട്ടമ്മയില്‍ നിന്നും പരിശ്രമം കൊണ്ട് സൌന്ദര്യ വേദികള്‍ കീഴടക്കിയ തൃശൂരുകാരി ജിന ജെയ്മോന്‍ തന്‍റെ ജീവിതം കൊണ്ടും തെളിയിച്ചതും ഇതാണ്. മിസിസ് കേരള സെക്കന്‍ഡ് റണ്ണറപ്പ്, ബിസിനസുകാരി, മോഡലിംഗ്, അഭിനയം...ഇതോടൊപ്പം യാത്രകളും...ജിന നേട്ടങ്ങളെ തേടിപ്പിടിച്ചുകൊണ്ടിരിക്കുകയാണ്.



വഴിത്തിരിവായത് അമ്മയുടെ ആ ചോദ്യം

കുടുംബം, കുട്ടികള്‍, വീട്ടുജോലി..വിവാഹം കഴിഞ്ഞ ഏതൊരു പെണ്‍കുട്ടിയെയും പോലെ തന്നെയായിരുന്നു ഞാനും. മോഡലിംഗ് ഒരു സ്വപ്നമായി കണ്ടിരുന്ന ഞാന്‍ വീട്ടുകാര്യങ്ങള്‍ക്കിടയില്‍ സ്വന്തം ശരീരം പോലും ശ്രദ്ധിച്ചിരുന്നില്ല. അന്നെനിക്ക് 92 കിലോ ആയിരുന്നു ഭാരം. തടിച്ച എന്നെ കാണുമ്പോള്‍ ഇതെന്തൊരു കോലമാണെന്ന് എല്ലാവരും ചോദിച്ചിരുന്ന കാലം. അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം സ്വന്തം വീട്ടിലെത്തുമ്പോള്‍ അമ്മയുടെ ഒരു ചോദ്യമാണ് വഴിത്തിരിവായത്. എന്‍റെ ആഗ്രഹങ്ങളെ നന്നായി അറിയാവുന്ന ആളാണ് അമ്മ. നീ എന്താ ഇങ്ങനെ നടക്കുന്നത്. മറ്റുള്ളവരെ നോക്കൂ, നിന്നെ കൊണ്ട് പറ്റും എന്നായിരുന്നു അമ്മ പറഞ്ഞത്. അത് കേട്ടപ്പോള്‍ എനിക്കും തോന്നി ഇങ്ങനെ നടന്നാല്‍ പോരാ എന്ന്. ശരിക്കും അമ്മ പോലും ഇപ്പോള്‍ അതോര്‍ക്കുന്നുണ്ടായിരിക്കില്ല. പക്ഷെ അമ്മ നല്ല സപ്പോര്‍ട്ടായിരുന്നു. ഒരു പൊട്ട് പോലും വയ്ക്കാത്ത വ്യക്തിയായിരുന്നു ഞാന്‍.

പണ്ട് മുതലെ മോഡലിംഗ് എന്‍റെ ആഗ്രഹമായിരുന്നു. മാഗസിനുകളൊക്കെ കാണുമ്പോള്‍ ഇതു പോലെ എന്നാണ് ഞാനാവുക എന്നായിരുന്നു ചിന്ത. പക്ഷെ അക്കാലത്തൊക്കെ നിറം ഒരു പ്രശ്നമായിരുന്നു. കറുത്തവരെ ആ രംഗത്തേക്ക് പരിഗണിച്ചിരുന്നില്ല. പക്ഷെ ഇപ്പോള്‍ അതിന് മാറ്റം വന്നുതുടങ്ങി. ആദ്യകാലത്ത് ഭര്‍ത്താവിനൊപ്പം പുറത്തുപോകുമ്പോഴൊക്കെ തടിയുടെ പേരില്‍ തുറിച്ചുനോട്ടങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. വണ്ണത്തിന്‍റെ പേരില്‍ മാത്രമല്ല, നിറത്തിന്‍റെ കാര്യത്തിലും കളിയാക്കലുകള്‍ ഉണ്ടായിട്ടുണ്ട്.



92 കിലോയില്‍ നിന്നും 59ലേക്ക്

മോഡലാവുക എന്ന സ്വപ്നത്തിന് ഭര്‍ത്താവ് ജെയ്മോന്‍റെ എല്ലാ പിന്തുണയും ഉണ്ടായിരുന്നു. അതിന്‍റെ ഭാഗമായിട്ടാണ് ഞങ്ങള്‍ അന്തിക്കാട് നിന്നും തൃശൂര്‍ ടൌണിലേക്ക് താമസം മാറിയത്. ഭാരം കുറയ്ക്കുക എന്നതായിരുന്നു ആദ്യത്തെ ലക്ഷ്യം. ഭര്‍ത്താവ് എന്നും രാവിലെ നടക്കാനിറങ്ങാറുണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം ഞാനും രാവിലെയുള്ള നടത്തം ആരംഭിച്ചു. നാല് മണിക്ക് എഴുന്നേറ്റ് വീട്ടുജോലികള്‍ തീര്‍ത്തു. രാവിലെ ചൂടുവെള്ളം കുടിക്കല്‍ പതിവാക്കി. വടക്കുംനാഥന്‍റെ മുന്നിലുള്ള ഗ്രൌണ്ടിലാണ് നടക്കാന്‍ പോയിരുന്നത്. ആദ്യമൊക്കെ രണ്ട്, മൂന്ന് റൌണ്ട് നടക്കുമ്പോഴെ ക്ഷീണിക്കുമായിരുന്നു. പിറ്റേ ദിവസം മുതല്‍ കാല് വേദന തുടങ്ങി. പക്ഷെ ഭര്‍ത്താവ് അതില്‍ നിന്നും പിന്‍മാറാന്‍ സമ്മതിച്ചില്ല. അദ്ദേഹം നിര്‍ബന്ധിച്ച് എന്നെ നടക്കാന്‍ കൊണ്ടുപോയി.

നടത്തം പതിവായപ്പോള്‍ എന്‍റെ ശരീരത്തില്‍ എന്തൊക്കെയോ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടെന്ന് എനിക്ക് മനസിലായി. ഡ്രസുകളുടെ അളവുകളില്‍ വ്യത്യാസം വന്നു തുടങ്ങി. പിന്നെ ഫിറ്റ്നെസ് സെന്‍ററില്‍ പോയി ട്രയിനറുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തി, വ്യായാമം ചെയ്തു. അങ്ങനെ പതിയെ പതിയെ തടി കുറയാന്‍ തുടങ്ങി. ഭാരം 59ലെത്തിയപ്പോഴാണ് 2018ല്‍ തൃശൂര് വച്ച് നടന്ന ഒരു സൌന്ദര്യ മത്സരത്തില്‍ പങ്കെടുത്തു. അന്ന് മിസ് കണ്‍ജീനിയാലിറ്റി ആയി തെരഞ്ഞെടുക്കപ്പെട്ടു.

പിന്നീട് 2019ല്‍ എറണാകുളത്ത് നടന്ന കേരള ഫാഷന്‍ ഫെസ്റ്റിവലില്‍‌ മിസിസ് കേരള സെക്കന്‍ഡ് റണ്ണറപ്പായി. അപ്പോഴേക്കും എന്‍റെ മുഖത്തില്‍ തന്നെ മാറ്റങ്ങള്‍ വന്നിരുന്നു. ആത്മവിശ്വാസം വീണ്ടെടുത്ത നാളുകള്‍. ഒരു സാധാരണ വീട്ടമ്മയില്‍ നിന്നാണ് ഞാന്‍ ബിസിനസുകാരിയിലേക്കും പിന്നീട് മോഡലിംഗിലേക്കും മാറിയത്. മനസുണ്ടെങ്കില്‍ എന്തും നടക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മോട്ടിവേഷന്‍ തരാന്‍ ആര്‍ക്കും സാധിക്കും. പക്ഷെ പരിശ്രമിക്കേണ്ടത് നമ്മളാണ്.

സിനിമ, മോഡലിംഗ്

സിന്‍റോ സണ്ണി സംവിധാനം ചെയ്ത 99 ക്രൈം ഡയറി എന്ന ചിത്രത്തില്‍ ഒരു വേഷം ചെയ്തിട്ടുണ്ട്. നിരവധി അവസരങ്ങള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. പിന്നെ കുറച്ചു ഫോട്ടോഷൂട്ടുകള്‍ ചെയ്തിട്ടുണ്ട്.



ബിസിനസ്, യാത്രകള്‍

ചെറുപ്പം മുതലേ മോഡലിംഗിനൊപ്പം യാത്രകളെയും ഇഷ്ടപ്പെട്ടിരുന്നു. അതുകൊണ്ടാണ് ബിസിനസ് എന്ന ആശയം മനസില്‍ വന്നപ്പോള്‍ ട്രാവല്‍ ഏജന്‍സി തുടങ്ങാന്‍ തീരുമാനിച്ചത്. 2013ലാണ് തൃശൂര്‍ നായ്ക്കനാലില്‍ എക്സലന്‍റ് ഇന്ത്യന്‍ ഹോളിഡേയ്സ് എന്ന സ്ഥാപനം തുടങ്ങുന്നത്. ഒരു ടൂര്‍ ഓപ്പറേറ്റര്‍ എന്ന നിലയില്‍ ഒരു ഗെയ്ഡിനെ വച്ച് വീട്ടിലിരുന്ന് കാര്യങ്ങള്‍ നോക്കിയാല്‍ മതി. പക്ഷെ ഞങ്ങളുടെ പ്രത്യേകത എന്താണെന്ന് വച്ചാല്‍ ആ ടൂര്‍ പാക്കേജിനൊപ്പം ഞാനും ഭര്‍ത്താവും പോകും. അങ്ങനെ മലേഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, തായ്‍ലാന്‍ഡ് തുടങ്ങി യൂറോപ്പ് ഒഴികെ എല്ലാ രാജ്യങ്ങളിലും പോയിട്ടുണ്ട്. ഇന്ത്യക്ക് അകത്ത് ഒട്ടുമിക്ക സംസ്ഥാനങ്ങളും സന്ദര്‍ശിച്ചു. ഒരിടവേളക്ക് ശേഷം വീണ്ടും ട്രിപ്പുകള്‍ തുടങ്ങിയിട്ടുണ്ട്. അതിന്‍റെ തിരക്കിലാണ് ഇപ്പോള്‍.

കുടുംബം

ഇരിങ്ങാലക്കുട കരുവന്നൂർ പനയ്ക്കൽ ജേക്കബിന്‍റെയും ഫിലോമിനയുടെയും മകളാണ്. മക്കളായ ജീവ പത്തിലും ജെയ്ന എട്ടിലും പഠിക്കുന്നു. ഇരുവരും തൃശൂര്‍ വിവേകോദയം സ്കൂള്‍ വിദ്യാര്‍ഥികളാണ്.

TAGS :

Next Story