Quantcast

രാജസ്ഥാൻ മരുഭൂമിയിൽനിന്നൊരു കൊടുങ്കാറ്റ്; സോഷ്യൽമീഡിയയിൽ തരംഗമായി 'മലൈക്കോട്ടൈ വാലിബൻ' ഒഫീഷ്യൽ ഫസ്റ്റ് ലുക്ക്

ജനുവരി പതിനെട്ടിനായിരുന്നു രാജസ്ഥാനിലെ ജയ് സാൽമീറിൽ വാലിബന്റെ ചിത്രീകരണം ആരംഭിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-04-14 14:31:26.0

Published:

14 April 2023 2:28 PM GMT

The official first look of Malaikottai Valiban is making waves on social media,
X

പ്രഖ്യാപന സമയം മുതൽ സിനിമാപ്രേക്ഷകർ കണ്ണും കാതും കൂർപ്പിച്ച് കാത്തിരുന്ന ആ കഥാപാത്രം ഇനി പ്രേക്ഷകർക്ക് മുന്നിലേക്കെത്തുകയാണ്. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും നടൻ മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന 'മലൈക്കോട്ടൈ വാലിബൻ' സിനിമയുടെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പുറത്തിറക്കിയിരിക്കുന്നത്. ''ഇപ്പോൾ കാത്തിരിപ്പിനൊരു മുഖമുണ്ട്, മലൈക്കോട്ടൈ വാലിബൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. ഈ സിനിമയ്ക്ക് ജീവൻ നൽകാനുള്ള ഞങ്ങളുടെ യാത്രയിൽ ഞങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരിക്കൂ'',- പോസ്റ്റർ പങ്കുവെച്ച് മോഹൻലാൽ കുറിച്ചു. നിമിഷ നേരം കൊണ്ട് സോഷ്യൽമീഡിയയിൽ തരംഗമായിരിക്കുകയാണ് പോസ്റ്റർ.

പൊടിമണലാരണ്യങ്ങളിൽ അലറുന്ന മുഖവുമായി വൻ വടവും കൈകളിലേന്തി നിൽക്കുന്ന കഥാപാത്രമായാണ് ലാൽ ഫസ്റ്റ് ലുക്കിലുള്ളത്. സിനിമയെക്കുറിച്ച് ഇതിനകം പല അഭ്യൂഹങ്ങളും നിറഞ്ഞുനിൽക്കുന്നതിനാൽ തന്നെ സിനിമാ പ്രേക്ഷകരെല്ലാം ഏറെ ആകാംക്ഷയിലായിരുന്നു. ഗുസ്തി ചാമ്പ്യനായ ദി ഗ്രേറ്റ് ഗാമയായാണ് മോഹൻലാൽ എത്തുന്നതെന്ന വാർത്തയാണ് അഭ്യൂഹങ്ങളിൽ മുന്നിലുണ്ടായിരുന്നത്. ബ്രിട്ടീഷ് ഇന്ത്യയിൽ ഗുസ്തിക്കാരനായിരുന്ന റുസ്തം-ഇ-ഹിന്ദ് എന്നറിയപ്പെടുന്ന ഗാമയുടെ കഥയായിരിക്കും ചിത്രം പറയുന്നതെന്നുമായിരുന്നു സൂചനകൾ.

ഒക്ടോബർ 25-നായിരുന്നു സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. സിനിമയുടെ ടൈറ്റിൽ അനൗൺസ്‌മെൻ് തന്നെ ഏറെ പുതുമ നിറഞ്ഞതായിരുന്നു. സിനിമയുടെ വേറിട്ട ടൈറ്റിലിൽ ഒളിഞ്ഞിരുന്ന മീശയും ഗുസ്തിയുടെ ശകലങ്ങളും ഫയൽവാനും ഗദയും കാളവണ്ടിക്കാലവും അലറുന്ന സിംഹവുമൊക്കെ സിനിമയെ കുറിച്ചുള്ള ചില നിഗമനങ്ങളിൽ പലരേയും എത്തിച്ചിരുന്നു. 1910 മുതൽ 50 വർഷത്തോളം 'ആർക്കും തോൽപ്പിക്കാൻ കഴിയാത്ത ഫയൽവാൻ' എന്നറിയപ്പെട്ടിരുന്ന ആ ഗുസ്തിക്കാരൻ തന്നെയായിട്ടാകുമോ ലാൽ എത്തുന്നതെന്നാണ് ഏവരും ഇപ്പോൾ ഉറ്റുനോക്കുന്നത്.

ഈ വർഷം ജനുവരി പതിനെട്ടിനായിരുന്നു രാജസ്ഥാനിലെ ജയ് സാൽമീറിൽ വാലിബന്റെ ചിത്രീകരണം ആരംഭിച്ചത്. രാജസ്ഥാനിലെ പൊഖ്റാൻ കോട്ടയിലും ജയ്‌സാൽമീറിലും അടക്കമായി 75 ദിവസത്തോളം നീണ്ട ആദ്യ ഷെഡ്യൂൾ കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. ചെന്നൈയിൽ മെയിലാണ് അടുത്ത ഷെഡ്യൂൾ. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന വാലിബന്റെ കഥയും സംവിധാനവും ലിജോ ജോസ് പെല്ലിശ്ശേരിയും തിരക്കഥ പി എഫ് റഫീക്കുമാണ് ഒരുക്കുന്നത്. 'നായകൻ' മുതൽ 'നൻപകൽ നേരത്ത് മയക്കം' വരെ തന്റെ ഓരോ സിനിമയും വിസ്മയമാക്കി മാറ്റുന്ന ലിജോ 'വാലിബനി'ൽ ഒളിപ്പിച്ചുവെച്ചിരിക്കുന്ന അത്ഭുതങ്ങളും കൗതുകങ്ങളും എന്തൊക്കെയെന്നറിയാനുള്ള കാത്തിരിപ്പിലുമാണ് പ്രേക്ഷകർ.

സിനിമയുടേതായി ഈസ്റ്റർ ദിനത്തിൽ പുറത്തുവിട്ട ഫസ്റ്റ് ലുക്ക് ഡേറ്റ് അനൗൺസ്‌മെന്റ് പോസ്റ്ററും ഏറെ വ്യത്യസ്തമായിരുന്നു. മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരാടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വർമ, സുചിത്ര നായർ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ടിനു പാപ്പച്ചനാണ്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. വസ്ത്രാലങ്കാരം റോണക്‌സ് സേവ്യർ ആണ്. ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും 'മലൈക്കോട്ടൈ വാലിബ'ന്റെ നിർമ്മാണ പങ്കാളികളാണ്. ഡിജിറ്റൽ മാർക്കറ്റിങ്: സ്‌നേക്ക്പ്ലാന്റ്

TAGS :

Next Story