Quantcast

മമ്മൂട്ടി നായകനായ 'ക്രിസ്റ്റഫര്‍' സിനിമയുടെ പ്രദര്‍ശനാവകാശങ്ങള്‍ കണ്ടുകെട്ടി

എറണാകുളം ജില്ലാ കോടതിയാണ് ക്രിസ്റ്റഫര്‍ സിനിമയുടെ പ്രദര്‍ശനാവകാശങ്ങള്‍ കണ്ടുകെട്ടിയത്

MediaOne Logo

Web Desk

  • Updated:

    2022-12-04 12:48:22.0

Published:

4 Dec 2022 12:37 PM GMT

മമ്മൂട്ടി നായകനായ ക്രിസ്റ്റഫര്‍ സിനിമയുടെ പ്രദര്‍ശനാവകാശങ്ങള്‍ കണ്ടുകെട്ടി
X

മോഹന്‍ലാല്‍ നായകനായ ആറാട്ടിന്‍റെ നിര്‍മാണവുമായി ബന്ധപ്പെട്ട 10 കോടി രൂപയുടെ തര്‍ക്കത്തെ തുടര്‍ന്ന് മമ്മൂട്ടി നായകനായ ക്രിസ്റ്റഫര്‍ സിനിമയുടെ ഒ.ടി.ടി, സാറ്റലൈറ്റ് പ്രദര്‍ശനാവകാശങ്ങള്‍ എറണാകുളം ജില്ലാ കോടതി താല്‍ക്കാലികമായി കണ്ടുകെട്ടി. നിര്‍മാണ കമ്പനിയായ ആര്‍.ഡി ഇലൂമിനേഷന്‍സ്, മാനേജിങ് പാര്‍ട്ണര്‍ ബി ഉണ്ണികൃഷ്ണന്‍ അടക്കം 12 പേരെ എതിര്‍കക്ഷികളാക്കി എം.പി.എം ഗ്രൂപ്പ്, ആന്‍റണി ബിനോയ്, ശക്തി പ്രകാശ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

ആറാട്ട് സിനിമയുടെ നിര്‍മാണത്തിലൂടെ ലഭിച്ച ലാഭത്തിന്‍റെ വിഹിതം ഹര്‍ജിക്കാര്‍ക്ക് നല്‍കാതെ എതിര്‍കക്ഷികള്‍ ക്രിസ്റ്റഫര്‍ സിനിമയുടെ നിര്‍മാണത്തിന് വിനിയോഗിച്ചെന്നാണ് ആരോപണം. ഒ.ടി.ടി പ്ലാറ്റ് ഫോമായ ആമസോണ്‍ പ്രൈം, സാറ്റലൈറ്റ് റൈറ്റ് വാങ്ങിയ സൂര്യ ടി.വി എന്നിവരെ പണം നല്‍കാന്‍ ബാധ്യസ്ഥരായ മൂന്നാം കക്ഷികളാക്കിയാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. ഹര്‍ജി തീര്‍പ്പാക്കും വരെ ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്ന 10 കോടി രൂപയ്ക്ക് മൂന്നാം കക്ഷികള്‍ ഈടു നല്‍കണം. അതുവരെ തുക ആര്‍.ഡി ഇലൂമിനേഷനു കൈമാറരുതെന്നും ജില്ലാ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ക്രിസ്റ്റഫര്‍'. ഉദയകൃഷ്ണ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രം ത്രില്ലര്‍ ജേണറില്‍ ആണ് ഒരുങ്ങുന്നത്. 'ബയോഗ്രഫി ഓഫ് എ വിജിലന്‍റ് കോപ്പ്' എന്നാണ് ത്രില്ലർ ചിത്രത്തിന്‍റെ ടാഗ് ലൈന്‍. ആർ.ഡി ഇല്യൂമിനേഷന്‍സ് ആണ് 'ക്രിസ്റ്റഫര്‍' നിര്‍മിക്കുന്നത്. സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നീ മൂന്ന് നായികമാരാണ് ചിത്രത്തില്‍. തെന്നിന്ത്യന്‍ താരം വിനയ് റായ് ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.

TAGS :

Next Story