Quantcast

'സിനിമ ചെയ്തതിന് ഇഡി റെയ്ഡ് നടത്തുന്ന കാലഘട്ടമാണിത്, പുതിയ തലമുറയിൽ മാത്രമെ പ്രതീക്ഷയുള്ളൂ': വേടൻ

''ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിവുള്ളവരായി ജീവിക്കണമെന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. നിങ്ങളെ നോക്കാൻ നിങ്ങൾ മാത്രമേയുള്ളൂവെന്ന് മനസിലാക്കുക''

MediaOne Logo

Web Desk

  • Published:

    8 April 2025 8:41 AM IST

സിനിമ ചെയ്തതിന് ഇഡി റെയ്ഡ് നടത്തുന്ന കാലഘട്ടമാണിത്, പുതിയ തലമുറയിൽ മാത്രമെ പ്രതീക്ഷയുള്ളൂ: വേടൻ
X

കൊച്ചി: സിനിമ ചെയ്തതിന് ഇഡി റെയ്‌ഡ് നടത്തുന്ന കാലഘട്ടമാണിതെന്നും പുതിയ തലമുറയില്‍ മാത്രമെ പ്രതീക്ഷയുള്ളൂവെന്നും പ്രശസ്ത റാപ്പറും ഗാനരചയിതാവുമായ വേടന്‍. എമ്പുരാന്‍ സിനിമയും അതിന്റെ പിന്നാലെ വന്ന ഇഡി നടപടികളെയും ഉന്നംവെച്ചായിരുന്നു വേടന്റെ വിമര്‍ശനം.

കഴിഞ്ഞദിവസം തന്റെ സംഗീത പരിപാടിക്കിടെയാണ് വേടന്‍ ഇക്കാര്യം പറഞ്ഞത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ;

'സിനിമ ചെയ്തതിന് ഇഡി. റെയ്‌ഡ് നടത്തുന്ന കാലഘട്ടമാണിത്. ആരെക്കുറിച്ചാണ്, എന്തിനെക്കുറിച്ചാണ് ഈ പറഞ്ഞതെന്ന് നിങ്ങൾക്ക് മനസിലായോ? രണ്ട് പാട്ട് കൂടി പാടിക്കഴിഞ്ഞാൽ ഞാൻ എന്റെ കുടുംബത്തിലേക്ക് പോകും. നിങ്ങൾ സമാധാനമായിട്ട് നിങ്ങളുടെ സാമൂഹിക സാഹചര്യങ്ങളിൽ എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായിട്ട് മനസിലാക്കുക.

ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിവുള്ളവരായി ജീവിക്കണമെന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. നിങ്ങളെ നോക്കാൻ നിങ്ങൾ മാത്രമേയുള്ളൂവെന്ന് മനസിലാക്കുക. കോളജിലൊക്കെ പഠിക്കുന്ന പിള്ളേരാണ് നിങ്ങൾ. രാഷ്ട്രീയ കാര്യങ്ങളിൽ അറിവുണ്ടായിരിക്കണം. നമ്മുടെ കാരണവന്മാർ എല്ലാം പൊട്ടത്തരമാണ് വിളിച്ചുപറയുന്നത്. നിങ്ങളിൽ മാത്രമേ ഇനി പ്രതീക്ഷയുള്ളൂ''

ഗുജറാത്ത് വംശഹത്യവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി 'എമ്പുരാ'നെതിരെ സംഘ്പരിവാര്‍ രംഗത്തെത്തിയിരുന്നു. പിന്നാലെ വിവിധ സീനുകള്‍ സിനിമയില്‍ നിന്ന് എഡിറ്റ് ചെയ്ത് ഒഴിവാക്കുകയും ചെയ്തു. ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയായ ഗോകുലം ഗോപാലന്റെ വീട്ടിലും ഓഫീസുകളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. ഇതിനിടെ ആദായ നികുതി വകുപ്പ് ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജിനും നിര്‍മാണ പങ്കാളിയായ ആന്റണി പെരുമ്പാവൂരിനും നോട്ടീസ് അയക്കുകയും ചെയ്തു.

Watch Video

TAGS :

Next Story