'എന്റെ വളർച്ച പലരും ഭയക്കുന്നു, എന്റെ കൂട്ടുകാർ മൊത്തം മുസൽമാൻമാർ; അൻസിബയുടെ ആരോപണത്തിൽ ഗൂഢാലോചനയെന്ന് ടിനി ടോം
താൻ ആരോട് സംസാരിച്ചാലും അവരെ ചേർത്ത് ടിനി ടോം അവിഹിതക്കഥകൾ സൃഷ്ടിക്കുമായിരുന്നുവെന്നും, തന്നെ ഒരു മത തീവ്രവാദിയാക്കാൻ ശ്രമിച്ചുവെന്നുമാണ് അൻസിബ ആരോപിച്ചത്

കൊച്ചി: നടി അൻസിബ ഹസനും നടൻ ടിനി ടോമും തമ്മിലുള്ള വിവാദങ്ങൾ സിനിമാ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. താരസംഘടനയായ 'അമ്മ'യുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നുള്ള അൻസിബയുടെ രാജിയും അതിന് പിന്നാലെ ഉയർന്ന ആരോപണങ്ങളുമാണ് പുതിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുന്നത്. തന്നെ തകർക്കാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നാണ് ആരോപണങ്ങളോട് ടിനി ടോം പ്രതികരിച്ചത്.
'അമ്മ' എക്സിക്യൂട്ടീവിൽ നിന്ന് താൻ രാജി വെക്കാൻ യഥാർഥ കാരണം ടിനി ടോം ആണെന്നാണ് അൻസിബ പറഞ്ഞത്. താൻ ആരോട് സംസാരിച്ചാലും അവരെ ചേർത്ത് ടിനി ടോം അവിഹിതക്കഥകൾ സൃഷ്ടിക്കുമായിരുന്നുവെന്നും, തന്നെ മാനസികമായി തകർക്കാൻ ശ്രമിച്ചുവെന്നും അൻസിബ ആരോപിച്ചു. ഇതിന് പുറമെ തന്നെ ഒരു മത തീവ്രവാദിയാക്കാൻ നിരന്തരമായി ശ്രമിച്ചുവെന്നും, താൻ ആളുകളെ മതം മാറ്റാൻ ശ്രമിക്കുന്നതായി പറഞ്ഞ് പരത്തിയെന്നും നടി വെളിപ്പെടുത്തി. സിനിമയിൽ നിന്നുള്ള അവസരങ്ങൾ നഷ്ടമാകുമെന്ന് ഭയന്നാണ് ഇത്രയും കാലം ഇതൊന്നും പുറത്തു പറയാതിരുന്നതെന്നും അൻസിബ വ്യക്തമാക്കിയിരുന്നു.
അൻസിബയുടെ ഈ ആരോപണങ്ങളെല്ലാം പൂർണമായും അടിസ്ഥാനരഹിതമാണെന്ന് ടിനി ടോം വ്യക്തമാക്കി. അൻസിബ തനിക്ക് സ്വന്തം സഹോദരിയെ പോലെയാണെന്നും, തന്റെ ഭാഗത്തുനിന്ന് അവർക്കെതിരെ മോശമായ യാതൊരു പെരുമാറ്റവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേജ് ഷോകൾക്കും മറ്റും പോകുമ്പോൾ ഉണ്ടാകുന്ന ചെറിയ തർക്കങ്ങൾക്കപ്പുറം വ്യക്തിപരമായി ആരെയും അധിക്ഷേപിച്ചിട്ടില്ല. തന്നെക്കുറിച്ച് ഇത്തരത്തിൽ ഇല്ലാത്ത കാര്യങ്ങൾ മറ്റാരോ അൻസിബയോട് പറഞ്ഞു വിശ്വസിപ്പിച്ചതാകാമെന്നും അദ്ദേഹം പറഞ്ഞു.
താൻ അൻസിബയെ ജിഹാദിയെന്ന് വിളിച്ചെന്നും മതം മാറ്റാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചെന്നുമുള്ള വാദങ്ങളെ ടിനി ടോം നിഷേധിച്ചു. 'എന്റെ സുഹൃത്തുക്കളിൽ കൂടുതലും മുസ്‌ലിം സമുദായത്തിൽ പെട്ടവരാണ്. മമ്മൂക്കയും നാദിർഷായുമൊക്കെയാണ് എന്നെ സിനിമയിലേക്ക് കൊണ്ടുവന്നത്. ആരെയും മതം മാറ്റാനുള്ള അറിവോ കഴിവോ എനിക്കില്ല,' ടിനി ടോം പ്രതികരിച്ചു. ഇക്കാര്യത്തിൽ നടി പ്രിയങ്കയും ടിനിയെ പിന്തുണച്ചു രംഗത്തെത്തി. മതം മാറ്റാനുള്ള അത്രയും വലിയ കഴിവ് ടിനിക്ക് ഉണ്ടെന്ന് തനിക്കറിയില്ലായിരുന്നുവെന്നും ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നുമാണ് പ്രിയങ്ക വ്യക്തമാക്കിയത്.
അൻസിബയുടെ രാജിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ടിനി ടോം വിശദീകരണം നൽകി. എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിങ്ങിൽ രാജിയുടെ കാര്യം ചർച്ചയ്ക്ക് വന്നപ്പോൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ അടക്കമുള്ളവരുടെ മുന്നിൽ വെച്ച് സ്പീക്കർ ഫോണിലൂടെ അൻസിബ തന്നെയാണ് വ്യക്തിപരമായ തിരക്കുകൾ കാരണമാണ് താൻ രാജി വെക്കുന്നതെന്ന് പറഞ്ഞത്. അന്ന് മറ്റെന്തെങ്കിലും പ്രശ്നങ്ങളുള്ളതായി അവർ പറഞ്ഞിരുന്നില്ല. പിന്നീട് പെട്ടെന്ന് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളുണ്ടെന്നാണ് ടിനി ടോം പറയുന്നത്.
അമ്മ സംഘടനയിൽ വളരെ സജീവമായി പ്രവർത്തിക്കുന്ന ആളാണ് താൻ. തനിക്ക് ലഭിക്കുന്ന വരുമാനത്തിൽ നിന്നും സ്വന്തമായി പണം ചെലവാക്കിയാണ് സംഘടനയുടെ പ്രവർത്തനങ്ങൾക്കായി സമയം കണ്ടെത്തുന്നത്. തന്റെ ഈ വളർച്ചയിൽ പലർക്കും ഭയവും അസൂയയുമുണ്ടെന്ന് ടിനി ടോം പറഞ്ഞു. കാര്യമായി പ്രവർത്തിക്കുന്നവരെ തകർക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോൾ നടക്കുന്നതെന്നും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെളിവുകളില്ലാതെ ഉന്നയിക്കുന്ന ഇത്തരം ആരോപണങ്ങളെ നിയമപരമായി തന്നെ നേരിടുമെന്നും ടിനി ടോം കൂട്ടിച്ചേർത്തു. അമ്മയിൽ പ്രശ്നങ്ങൾ ഉണ്ടാക്കി സംഘടനയെ തകർക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
Adjust Story Font
16

