അച്ഛനോടുള്ള ആരാധനയിൽ 'തട്ടിക്കൊണ്ടുപോകാൻ' ശ്രമിച്ചു; വെളിപ്പെടുത്തലുമായി ജേസൺ സഞ്ജയ്
സ്കൂൾ വിട്ട് അച്ഛൻ വരാനായി കാത്തുനിൽക്കുകയായിരുന്നു ജേസൺ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും തെന്നിന്ത്യൻ സൂപ്പർതാരവുമായ വിജയിയുടെ മകൻ ജേസൺ സഞ്ജയ്‌യുടെ ഒരു കുട്ടിക്കാല ഓർമയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. തന്റെ അച്ഛന്റെ ഒരു കടുത്ത ആരാധകൻ തന്നെ 'തട്ടിക്കൊണ്ടുപോയ' രസകരവും എന്നാൽ അന്ന് ഭയപ്പെടുത്തുന്നതുമായ ഒരു സംഭവമാണ് ജേസൺ വെളിപ്പെടുത്തിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു വിഡിയോയിലാണ് ജേസൺ ഈ അനുഭവം തുറന്നുപറയുന്നത്.
സ്കൂൾ വിട്ട് അച്ഛൻ വരാനായി കാത്തുനിൽക്കുകയായിരുന്നു ജേസൺ. അപ്പോഴാണ് ഒരാൾ വന്ന് ജേസണെ എടുത്തുകൊണ്ട് പോയത്. തന്നെ ആരോ തട്ടിക്കൊണ്ടുപോകുകയാണെന്ന് കരുതി താൻ ഉറക്കെ കരഞ്ഞതായി ജേസൺ ഓർക്കുന്നു. എന്നാൽ സത്യം മറ്റൊന്നായിരുന്നു. വിജയിയുടെ ഒരു കടുത്ത ആരാധകനായിരുന്നു ആ വ്യക്തി. വിജയ് ഒരിക്കലും കാറിൽ നിന്ന് പുറത്തിറങ്ങാറില്ലാത്തതിനാൽ, താരത്തെ ഒന്ന് അടുത്തു കാണാനുള്ള ആഗ്രഹം കൊണ്ടാണ് ആ ആരാധകൻ ജേസണെ എടുത്തുകൊണ്ടുപോയത്. പിന്നീട് വിജയ് എത്തിയപ്പോൾ, അയാൾ വളരെ സുരക്ഷിതമായി തന്നെ ജേസണെ കാറിന്റെ പിൻസീറ്റിൽ ഇരുത്തുകയും ചെയ്തു.
😍♥️ pic.twitter.com/bwP4SXCOie
— TVK Virtual Warriors HQ (@TVKWarriorsHQ) June 30, 2026
വർഷങ്ങൾക്ക് ശേഷം തന്റെ പുതിയ സിനിമയുടെ സെറ്റിൽ വെച്ച് ആ പഴയ ആരാധകനെ ജേസൺ വീണ്ടും കണ്ടുമുട്ടി. ആ ആരാധകന്റെ കുട്ടിയോട് സംസാരിക്കുന്നതിനിടയിലാണ് ഈ ഓർമ ജേസൺ പങ്കുവെച്ചത്. രസകരമായ കാര്യം, ഈ വിഡിയോ പകർത്തിയതും ആ പഴയ ആരാധകൻ തന്നെയാണ് എന്നതാണ് രസകരം.
അച്ഛന്റെ പാത പിന്തുടർന്ന് സിനിമാ ലോകത്തേക്ക് ചുവടുവെക്കുകയാണ് ജേസൺ സഞ്ജയ്. എന്നാൽ നടനായല്ല, മറിച്ച് സംവിധായകനായാണ് ജേസന്റെ അരങ്ങേറ്റം. സന്ദീപ് കിഷൻ, ഫാരിയ അബ്ദുല്ല, രാജു സുന്ദരം, സമ്പത്ത് രാജ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന 'സിഗ്മ' എന്ന ചിത്രമാണ് ജേസൺ സംവിധാനം ചെയ്യുന്നത്. ചിത്രം ജൂലൈ 31ന് തിയേറ്ററുകളിലെത്തും. മക്കളുടെ ഇഷ്ടങ്ങൾക്ക് പൂർണ പിന്തുണ നൽകുന്ന വ്യക്തിയാണ് താനെന്നും അവർക്ക് സ്വന്തം കരിയർ തിരഞ്ഞെടുക്കാൻ പൂർണ സ്വാതന്ത്ര്യമുണ്ടെന്നും വിജയ് മുൻപ് വ്യക്തമാക്കിയിട്ടുണ്ട്.
Adjust Story Font
16

