Quantcast

ബോളിവുഡിലെ ആദ്യ ചിത്രം' ഡോളി സജാ കേ രഖ്‌ന' യുടെ റിലീസിന് ശേഷം ജ്യോതിക എന്തുകൊണ്ടാണ് മുംബൈ വിട്ടത്?

1998ലാണ് ഡോളി സജാ കേ രഖ്‌ന പുറത്തിറങ്ങുന്നത്

MediaOne Logo
ബോളിവുഡിലെ ആദ്യ ചിത്രം ഡോളി സജാ കേ രഖ്‌ന യുടെ റിലീസിന് ശേഷം ജ്യോതിക എന്തുകൊണ്ടാണ് മുംബൈ വിട്ടത്?
X

മുംബൈ: മഹാരാഷ്ട്രക്കാരിയാണെങ്കിലും തെന്നിന്ത്യയുടെ സ്വന്തം നടിയാണ് ജ്യോതിക. ദക്ഷിണേന്ത്യൻ സിനിമകളിലൂടെയാണ് ജോ ശ്രദ്ധിക്കപ്പെട്ടത്. മലയാളി സംവിധായകൻ പ്രിയദര്‍ശൻ സംവിധാനം ചെയ്ത ' ഡോളി സജാ കേ രഖ്‌ന' ആയിരുന്നു നടിയുടെ അരങ്ങേറ്റ ചിത്രം. എന്നാൽ ആദ്യചിത്രത്തിന് ശേഷം ജ്യോതിക മുംബൈ വിട്ട് ചെന്നൈയിലേക്ക് ചേക്കേറുകയായിരുന്നു.

1998ലാണ് ഡോളി സജാ കേ രഖ്‌ന പുറത്തിറങ്ങുന്നത്. അക്ഷയ് ഖന്നയായിരുന്നു ചിത്രത്തിലെ നായകൻ. വലിയ പ്രതീക്ഷയോടെ പുറത്തിറങ്ങിയ ചിത്രം ബോക്സോഫീസിൽ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. ഈ ചിത്രത്തിന്‍റെ പരാജയത്തിന് പിന്നാലെയാണ് തന്‍റെ കരിയർ തെന്നിന്ത്യൻ സിനിമയിലേക്ക് മാറ്റാൻ തീരുമാനിക്കുന്നത്. ഈ തീരുമാനം ജ്യോതികയുടെ അഭിനയ ജീവിതത്തെയും വ്യക്തിജീവിതത്തെയും മാറ്റിമറിച്ചു. സൊനാക്ഷി സിൻഹക്കൊപ്പം അഭിനയിക്കുന്ന 'സിസ്റ്റം' എന്ന ചിത്രത്തിന്‍റെ പ്രമോഷൻ പരിപാടിക്കിടെ മുംബൈ വിട്ടതിനെക്കുറിച്ചും ചെന്നൈ എങ്ങനെ സ്വന്തം നാടായി മാറിയതിനെക്കുറിച്ചും ജ്യോതിക സംസാരിച്ചു. തന്‍റെ കരിയറിലെ ഏറ്റവും ശക്തമായ വേഷങ്ങൾ നൽകിയത് തമിഴകമാണെന്നും നടി പറഞ്ഞു.

"ചിലപ്പോൾ നമ്മൾ വിചാരിക്കുന്ന കാര്യങ്ങളാവില്ല ജീവിതത്തിൽ സംഭവിക്കുക. ആദ്യ ബോളിവുഡ് ചിത്രം പരാജയപ്പെട്ടപ്പോൾ കരിയർ എങ്ങോട്ട് കൊണ്ടുപോകണം എന്നതിനെക്കുറിച്ച് കൃത്യമായ ധാരണയില്ലായിരുന്നു. എന്നാൽ ചെന്നൈയിലേക്ക് മാറാനുള്ള തീരുമാനം കൃത്യസമയത്ത് എടുത്ത കൃത്യമായ ഒന്നായിരുന്നു. തെന്നിന്ത്യൻ സിനിമാ ലോകം എന്നെ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. മുംബൈയിൽ എനിക്ക് നഷ്ടമായത് എന്താണോ, അതിനേക്കാൾ വലിയ സ്നേഹവും മികച്ച കഥാപാത്രങ്ങളുമാണ് ചെന്നൈയിൽ എന്നെ കാത്തിരുന്നത്." ജ്യോതിക പറയുന്നു.

''എനിക്ക് ചെന്നൈ വളരെ ഇഷ്ടമാണ്. അതൊരു പരമ്പരാഗതമായ നഗരമാണ്. എനിക്ക് ജീവിക്കാനുള്ള വക തന്നതും എന്നെ ഇന്നത്തെ നിലയിലാക്കിയതും എനിക്കൊരു കുടുംബം തന്നതുമെല്ലാം ചെന്നൈയാണ്," ജ്യോതിക പറഞ്ഞു. "സിനിമയിൽ സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത കഥാപാത്രമായും അന്ധയായുമൊക്കെ ഞാൻ അഭിനയിച്ചു. ഒരു നടി എന്ന നിലയിൽ എനിക്ക് ആഗ്രഹിക്കാവുന്ന എല്ലാത്തരം കഥാപാത്രങ്ങളും എനിക്ക് ലഭിച്ചു. അതുകൊണ്ട് തന്നെ ചെന്നൈ എനിക്ക് ദൈവത്തിന്റെ ഒരു സമ്മാനമാണ്." നീണ്ട 26 വർഷങ്ങൾക്ക് ശേഷം മുംബൈയിലേക്ക് വീണ്ടും തിരിച്ചെത്തിയപ്പോൾ, താൻ മുൻപ് ആഗ്രഹിച്ചിരുന്നതുപോലെയുള്ള ആഴമുള്ള കഥാപാത്രങ്ങളാണ് ഇപ്പോൾ ഹിന്ദി സിനിമയിൽ തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ജ്യോതിക വ്യക്തമാക്കുന്നു.

വർഷങ്ങൾക്ക് മുൻപ് ബോളിവുഡിൽ നിന്നും താൻ അകന്നു മാറാനുള്ള കാരണം വ്യക്തമാക്കിക്കൊണ്ട് താരം പറഞ്ഞു: "അക്കാലത്ത് ഹിന്ദിയിൽ വലിയ വ്യത്യാസമൊന്നുമില്ലാത്ത ഒരേപോലെയുള്ള വേഷങ്ങളായിരുന്നു എഴുതപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ ബോളിവുഡിലേക്ക് മടങ്ങിയെത്തിയപ്പോൾ തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങളാണ് എന്നെ തേടിയെത്തുന്നത്. തെന്നിന്ത്യൻ സിനിമകളിൽ ഞാൻ ഉണ്ടാക്കിയെടുത്ത പേര് കാരണമാണ് ഇപ്പോൾ ബോളിവുഡിൽ എനിക്ക് ഇത്രയും ഊഷ്മളമായ സ്വീകരണം ലഭിക്കുന്നത്. ഇതെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. എനിക്ക് ഇപ്പോൾ വലിയ വ്യത്യാസമൊന്നും തോന്നുന്നില്ല. കൃത്യസമയത്ത് കൃത്യമായ സ്ഥലത്ത് എത്തിപ്പെടാൻ കഴിഞ്ഞു എന്ന് മാത്രം."

ജൻമനാടായ മുംബൈയെക്കുറിച്ച് സംസാരിക്കുമ്പോൾ നടി വികാരധീനയായി. ''മുംബൈയും എന്‍റെ ഹൃദയത്തിലുണ്ട്. ഞാനിവിടെയാണ് വളര്‍ന്നത്. പഠിച്ചത്, സ്കൂൾ എല്ലാം ഇവിടെയായിരുന്നു. എന്‍റെ സ്കൂളിന് മുന്നിലെ റോഡ് മുറിച്ചുകടക്കുമ്പോൾ പോലും എനിക്ക് ഗൃഹാതുരത്വം തോന്നുന്നു. പാനിപൂരി, ഭേൽപുരി, ഹിന്ദി സംസാരിക്കുന്നതും എനിക്ക് നഷ്ടമായതെല്ലാം എന്നിൽ ഗൃഹാതുരതയുണര്‍ത്തുന്നു'' ജ്യോതിക പറഞ്ഞു.

TAGS :

Next Story